ജനവിരുദ്ധ പക്ഷത്താണ് തങ്ങളെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചതനുസരിച്ച് സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം ഇപ്പോഴത്തെ നിലയ്ക്ക് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഒന്നര രൂപ വീതം കുറച്ച കേന്ദ്രസര്‍ക്കാര്‍, എണ്ണക്കമ്പനികളോടും ലിറ്ററിന് ഒരു രൂപ വീതം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഒരു ലിറ്ററിന് രണ്ടര രൂപയാണ് പെട്രോള്‍-ഡീസല്‍ വിലകളില്‍ കുറവുണ്ടാവുക. ഇതിനുപുറമെ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഭൂരിഭാഗം സംസ്ഥാനങ്ങളും രണ്ടര രൂപ നികുതി കുറച്ചതോടെ അഞ്ച് രൂപയുടെ വിലക്കുറവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ ആനുകൂല്യം കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കില്ലെന്ന വാശിയിലാണ് പിണറായി സര്‍ക്കാരും ധനമന്ത്രി ഐസക്കും.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില വര്‍ധിച്ചതും, ചില രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതും, അമേരിക്കയുടെ ചില ഇടപെടലുകളുമാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണം. ഇത് കുറെക്കാലമായി തുടരുന്ന പ്രവണതയുമാണ്. വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിന് പങ്കൊന്നുമില്ല. എന്നിട്ടും ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ മോദി സര്‍ക്കാരിനെതിരെ തരംതാണ വിധത്തിലുള്ള കുപ്രചാരണം നടത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്തത്. ഒന്നിനുപുറകേ ഒന്നായി ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന കേന്ദ്രസര്‍ക്കാരിനെ എങ്ങനെയും കരിതേച്ചുകാണിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ അവസരം മുതലെടുക്കുകയായിരുന്നു.
ഈ സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന സര്‍ക്കാരിനാണ് പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍നിന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് ദല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് നടന്നത്. എന്നാല്‍ കര്‍ഷകരുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയ കേന്ദ്രസര്‍ക്കാര്‍, അവരുന്നയിച്ച എല്ലാ ആവശ്യങ്ങളും ഒട്ടും വൈകാതെ അംഗീകരിക്കുകയാണുണ്ടായത്. നിത്യോപയോഗ സാധനങ്ങളടക്കം വില വര്‍ധനയ്ക്ക് ഇടയാകുന്നത് കണക്കിലെടുത്ത് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടികളെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഗണ്യമായ തോതില്‍ വില വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ധനമന്ത്രി അരുണ്‍ ജെറ്റ്ലി നടത്തിയത്.
എക്സൈസ് തീരുവയിനത്തില്‍ 21,000 കോടിയുടെ നഷ്ടം സഹിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ഈ ചുവടുപിടിച്ചാണ് മഹാരാഷ്ട്ര, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഹരിയാന, അസം, മധ്യപ്രദേശ്, രാജസ്ഥാന്, ത്രിപുര തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ വിലകുറച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണിവ. ഈ രീതി പിന്തുടരാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന പശ്ചിമബംഗാളിലെയും ആന്ധ്രാപ്രദേശിലെയും മറ്റും സര്‍ക്കാരുകള്‍ വിലകുറയ്ക്കില്ലെന്ന നിലപാടെടുത്തിരിക്കുകയാണ്. ജനങ്ങളെ കരുതിക്കൂട്ടി ദ്രോഹിക്കുന്ന നടപടിയാണിത്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ട്രാക്ക് റെക്കോര്‍ഡ് കുപ്രസിദ്ധമാണ്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക-വികസന നടപടികളെ എങ്ങനെയൊക്കെ അട്ടിമറിക്കാമെന്ന് ഗവേഷണം നടത്തുന്ന ഐസക്ക് അന്ധമായ രാഷ്ട്രീയ വിരോധം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ദിവസം ചെല്ലുന്തോറും ഈ മന്ത്രി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഭാരമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ധനമന്ത്രിയെ ഇങ്ങനെ കയറൂരിവിടുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: