പുളിച്ച കള്ളില്‍ മുങ്ങിത്താണപ്പോഴാണ് യുഡിഎഫിന് ഭരണം വിടേണ്ടിവന്നത്. ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ നല്കുന്നതില് കോഴ വാങ്ങി ഉദാര സമീപനം സ്വീകരിച്ചത് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയെ നന്നായി ഉലച്ചു. എക്സൈസ് മന്ത്രി മാത്രമല്ല, ധനകാര്യമന്ത്രിയും വെള്ളം ചേര്‍ക്കാതെ മദ്യം അകത്താക്കിയതിന്റെ കെട്ട് ഇപ്പോഴും വിട്ടിട്ടില്ല. ബാര്‍ കോഴക്കെതിരെ അന്നത്തെ പ്രതിപക്ഷം തെരുവില്‍ മാത്രമല്ല, നിയമസഭയ്ക്കകത്തും സംഘര്‍ഷം സൃഷ്ടിച്ചു. ധനകാര്യമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നിയമസഭ മുന്‍പെങ്ങും കാണാത്ത കയ്യാങ്കളിക്കും പൊതുമുതല്‍ നാശത്തിനും സാക്ഷിയായി. ഒരുഘട്ടത്തില്‍ ഹോട്ടലുകളിലെ മദ്യശാലകളില്‍ വീര്യമുള്ള മദ്യം വിലക്കി. ബീറും വൈനും മാത്രം വില്‍ക്കുന്ന സാഹചര്യമുണ്ടായി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നിലനിര്‍ത്തിയപ്പോള്‍ മദ്യവര്‍ജ്ജനം ആഗ്രഹിച്ചവര്‍ ആശ്വസിച്ചതാണ്. എന്നാല്‍ ആശ്വാസത്തിന് അല്‍പ്പായുസ്സ് മാത്രമായി. എല്ലാം ശരിയാക്കാനും നല്ലതുമാത്രം ചെയ്യുമെന്ന് വാക്കുനല്കിയുമാണ് അധികാരത്തിലെത്തിയത്. യുഡിഎഫ് റദ്ദാക്കിയ ഹോട്ടലുകളിലെ ബാറുകളെല്ലാം തുറന്ന് ഇടതുമുന്നണി സോഷ്യലിസത്തിന്റെ വരവറിയിച്ചു.
പഴയതുപോലെ കുടിച്ചു കൂത്താടുന്നവരെ കൊണ്ട് തെരുവുകളും വീടുകളും നിറഞ്ഞു. എവിടെയും എപ്പോഴും മദ്യം ലഭിക്കുന്ന സാഹചര്യം വിപുലമായപ്പോള്‍ മദ്യനിര്‍മ്മാണ ശാലകള്‍ തുറക്കാനാണ് തീരുമാനിച്ചത്. മുന്നണിയിലോ മന്ത്രിസഭയില്‍ പോലുമോ ചര്‍ച്ച ചെയ്യാതെ മദ്യനിര്‍മ്മാണശാലകള്‍ക്ക് അനുമതി നല്‍കിയതിന്റെ പിന്നിലെ കെട്ടുനാറിയ അഴിമതിക്കഥകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അഴിമതി നടത്തി മദ്യോല്പ്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഇതുവരെ സ്വീകരിച്ചുപോന്നതും അംഗീകരിച്ചുവന്നതുമായ മദ്യനയങ്ങളെപോലും കാറ്റില്‍ പറത്തി. 1999 സപ്റ്റംബര്‍ 29ന് വിനോദ് റായിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ പുതിയ ഡിസ്റ്റലറികള്‍ അനുവദിക്കേണ്ടതില്ലെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്തുടര്ന്നു. എന്നാല്‍ കണ്ണൂരില്‍ പ്രതിമാസം അഞ്ച് ലക്ഷം ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രീധരന് ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്കി പിണറായി ഇത് തിരുത്തി. തുടര്‍ന്ന് പാലക്കാട് എലപ്പുള്ളിയില്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അപ്പോളോ ഡിസ്റ്റിലറീസ് ആന്‍ഡ് ബ്രൂവറീസ് കമ്പനിക്ക് അനുമതിനല്‍കി.
ഇതിനുശേഷം നല്കിയ രണ്ട് ബ്രൂവറികളാണ് വിവാദത്തില്‍. എറണാകുളം കിന്‍ഫ്രാ പാര്‍ക്കില്‍ പവര്‍ ഇന്‍ഫ്രാടെക്കിനും തൃശ്ശൂര്‍ ജില്ലയില്‍ ശ്രീചക്രാ ഡിസ്റ്റിലറീസിനും ബ്രൂവറികള്‍ നല്കാന് തീരുമാനിച്ചതാണ് വിവാദം. നാട് പ്രളയത്തില്‍ മുങ്ങിയപ്പോഴായിരുന്നു എക്സൈസ് നിയമങ്ങള്‍ എല്ലാം ലംഘിച്ച് അതീവ രഹസ്യമായി അനുമതി നല്‍കിയത്. തൃശ്ശൂരില്‍ ബ്രൂവറി സ്ഥാപിക്കുന്നത് എവിടെയാണെന്ന് പോലും വ്യക്തമാക്കിയിട്ടില്ല. സ്ഥലം കാണിക്കാതെ എങ്ങനെയാണ് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. എറണാകുളത്ത് സ്ഥാപിക്കുന്ന ബ്രൂവറിക്ക് കാക്കനാട് കിന്‍ഫ്രാ പാര്‍ക്കില്‍ 10 ഏക്കര്‍ ഭൂമി നല്കാന് ഉത്തരവിട്ടു. വ്യവസായമന്ത്രിയാകട്ടെ ഭൂമി നല്‍കിയിട്ടില്ലെന്ന് ആണയിടുന്നു. കിന്‍ഫ്രയില്‍ സ്ഥലം അനുവദിക്കാന്‍് അനുമതി വേണ്ടെന്നും മന്ത്രി പറയുന്നു. എന്നാല്‍ സെപ്റ്റംബര്‍ 6ന് അഡിഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ് ഭൂമി അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അനുമതി വേണ്ടെങ്കില്‍ എന്തിനാണ് ഒരു ഉത്തരവ് എന്നാണ് ചോദ്യം. മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് സ്ഥലം നല്‍കാനുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്. അതിനാല്‍ വ്യവസായ വകുപ്പില്‍ അഴിമതി നടന്നുവെന്ന ആരോപണവും ശക്തമാണ്. വ്യവസായ മന്ത്രിയായിരുന്നു മുഖ്യമന്ത്രിയുടെ വകുപ്പിന്റെ ചുമതല. പിണറായി വിജയന് അമേരിക്കയിലായിരുന്നപ്പോള്‍ കള്ള ഒപ്പിട്ട് ഉത്തരവിറങ്ങി എന്നുപോലും ആരോപണമുണ്ട്. ഇതിന്റെയെല്ലാം നിജസ്ഥിതി അറിയണം. മദ്യവിഷയം വാദകോലാഹലങ്ങള്‍ സൃഷ്ടിക്കുമ്പോഴും ആട്ടുകല്ലിന് കാറ്റടിച്ചതുപോലുള്ള മുഖ്യമന്ത്രിയുടെ ഇരിപ്പ് ദുരൂഹമാണ്. മുഖ്യമന്ത്രി മൗനം വെടിയണം. വിഷയം അന്വേഷണവിധേയമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: