കാലത്തിനു നേര്‍ക്കുപിടിക്കുന്ന കണ്ണാടിയാണ് കഥകള്‍. മാറുന്ന കാലത്തിന്റെ സന്ദേശങ്ങള്‍ കഥകളില്‍ പ്രതിബിംബങ്ങളാകുമ്പോള് അത് കാലത്തിനോട് നീതിപുലര്‍ത്തുകയും, എഴുത്തുകാരന് തന്റെ വഴിയടയാളങ്ങള്‍ രേഖപ്പെടുത്തി കാലത്തിനുമപ്പുറത്തേക്കു കടന്നുപോകുകയും ചെയ്യുന്നു. യെസ് പ്രസ് ബുക്സ് പുറത്തിറക്കിയ ജോളി കളത്തില്‍ രചിച്ച ‘രുദ്രാഭിഷേകം’ എന്ന ചെറുകഥാസമാഹാരം സ്ത്രീപക്ഷത്തുനിന്ന് അതിസൂക്ഷ്മമായി ജിവിതത്തെ നിരീക്ഷിക്കുന്നു. നമുക്ക് നഷ്ടമായികൊണ്ടിരിക്കുന്ന വായനാ സുഖം തിരികെ കൊണ്ടുവരുന്ന കഥകളാണ് ഇതിലുള്ളത്.
ശില്പ്പഭദ്രതകൊണ്ടും അവതരണ ശൈലികൊണ്ടും ശ്രദ്ധേയമായ കഥയാണ് കടല്‍. മാത്യത്വത്തിനായി കൊതിക്കുന്ന സ്ത്രീ മനസ്സിന്റെ വ്യാകുലതകള്‍ കഥയില്‍ അനാവരണം ചെയ്യുന്നു. ലൈംഗിക ശേഷി ഇല്ലാത്ത ഭര്‍ത്താവിനെ ശത്രുവിനെപ്പോലെ കാണുന്ന ഭാര്യ ശാലിനി. അവളുടെ ഉള്ളില്‍ വളര്‍ന്നു വലുതായ മരവിപ്പ്. ഒടുവില്‍ അവള്‍ക്കു സംഭവിച്ച അപകടത്തെത്തുടര്‍ന്ന് ശരീരത്തിനുമപ്പുറത്തെ മനസ്സു മാത്രം മതി ഒരാളെ സ്നേഹിക്കാന്‍ എന്ന തിരിച്ചറിവ് നേടുമ്പോള്‍ കഥ നിര്‍ത്തുന്നു.
ടൈറ്റില്‍ കഥയായ ‘രുദ്രാഭിഷേകം’ മകനെക്കുറിച്ചുള്ള വിവാഹസങ്കല്പ്പങ്ങളെല്ലാം വിഫലമാകുമ്പോഴുള്ള അമ്മയുടെ വേദനകളാണ്. കനേഡിയന്‍ പെണ്ണായ ഡോണയുമായി മകന് മിഥുന് ബന്ധം സ്ഥാപിക്കുന്നു. ഇക്കാലത്ത് മക്കളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കരുതെന്ന് പവിത്രചേച്ചി ഇടയ്ക്കു മുന്നറിയിപ്പു കൊടുത്തിരുന്നു. മക്കളോടുള്ള സ്നേഹം അമ്മമാരുടെ നെഞ്ചിനകത്താണല്ലോ. ഡോണയും വിമലും വഴിപിരിയുമ്പോള്‍ ‘രുദ്രാഭിഷേകം’ രുധിരാഭിഷേകത്തില് നനയുന്നു.
‘സ്നേഹിക്കാന്‍ മറന്നവര്‍ക്ക്’ എന്ന കഥയില്‍ അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയുണ്ട്. മീരയുടെ ഓര്‍മ്മകളിലുടെ ഭുതകാലത്തിന്റെ കല്പ്പടവുകളിലേക്ക് ഈ കഥ ഇറങ്ങി നടക്കുന്നു. ജോലിത്തിരക്കിനിടെ വല്ലപ്പോഴും അമ്മയെ കണ്ടു മടങ്ങുന്ന മക്കള്‍.അമ്മ ഇല്ലാതാകുന്നതോടുകൂടി ഒരു തണല്‍മരമാണ് ജീവിതത്തില്‍ നഷ്ടമാകുന്നതെന്ന തിരിച്ചറിവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു
പ്രണയത്തിന്റെ മാമ്പൂമണമുള്ള കഥയാണ് മഞ്ഞ്. മധ്യവയസ്സില്‍ മനസ്സില്‍ ഓടിയെത്തുന്ന പ്രണയം ഒരു ആളിക്കത്തല്‍ തന്നെയാണ്. കൃഷ്ണ സങ്കല്‍പ്പത്തില്‍ സൃഷ്ടിച്ചെടുത്ത കഥ കൈയടക്കംകൊണ്ട് മനോഹരമായ കവിതയാകുന്നു. രണ്ടാം ജന്മം, റൂബി, പാമ, ഇമ്മാനുവലും പൂച്ചയും എന്നീ കഥകളും വേറിട്ട വായനാനുഭവം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: