ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിര്‍ണായക വഴിത്തിരിവ് സൃഷ്ടിക്കുന്ന വിധിന്യായം പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ആര്.എഫ്. നരിമാന്, എ. എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചില്‍ നാല് പേരും യുവതീ പ്രവേശത്തെ അനുകൂലിച്ചപ്പോള്‍ ഇന്ദു മല്‍ഹോത്ര മാത്രം വിയോജിച്ചു.
ജീവശാസ്ത്രപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി ആരാധനാ കാര്യത്തില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പൗരന്മാരുടെ തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുണ്ടോയെന്നാണ് പരമോന്നത നീതിപീഠം പ്രധാനമായും പരിശോധിച്ചത്. പ്രത്യേക സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ തടയുന്ന കേരള ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശന ചട്ടങ്ങളിലെ 3(ബി) വകുപ്പ് റദ്ദാക്കിയ കോടതി ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു.
ശബരിമലയില്‍ പത്തിനും അന്പതിനുമിടയില് പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ‘യങ് ലോയേഴ്സ് അസോസിയേഷന്’ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധിയെങ്കിലും ഇതിന്റെ പ്രത്യാഘാതം ശബരിമലയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടത്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ സമൂഹപരിവര്‍ത്തനത്തിന് അനിവാര്യമാണ്. മതനിയമങ്ങള്‍ വച്ചുപുലര്‍ത്താന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെങ്കിലും #േഏത് രീതിയിലുള്ള മതനിയമങ്ങളും ഭരണഘടനയുമായി യോജിച്ചുപോകണം എന്നൊക്കെ വിധിയില്‍ പറയുന്നത് ഏതെങ്കിലും ഒരു പ്രത്യേക മതത്തിനു മാത്രമല്ല ബാധകമാവുകയെന്ന് വ്യക്തമാണല്ലോ. അപ്പോള്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായുള്ള മതപരമായ പല അനീതികളും വിവേചനങ്ങളും ഈ വിധിയുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്യാനാവും; പുനഃപരിശോധിക്കേണ്ടിയും വരും. അതിന് പലരും മുന്നോട്ടുവന്നേക്കാം.
ശബരിമല യുവതീ പ്രവേശം സംബന്ധിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ തന്നെ നടക്കുകയുണ്ടായി. ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. ആരാധനാലയങ്ങളില്‍ ജാതി-ഭാഷ- ലിംഗപരമായ യാതൊരു വിവേചനവും പാടില്ല എന്നതായിരുന്നു അത്. ആര്‍എസ്എസ് സര്‍കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ഭയ്യാജി ജോഷി തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സ്വാഭാവികമായും ഇപ്പോഴത്തെ കോടതിവിധിയെ സംഘടന അംഗീകരിച്ചിരിക്കുകയാണ്. അതേസമയം, ഇത്തരമൊരു കോടതിവിധി നടപ്പാക്കുമ്പോള്‍ മതിയായ ബോധവല്‍ക്കരണം നടത്തി ബന്ധപ്പെട്ടവരെയെല്ലാം വിശ്വാസത്തിലെടുക്കണമെന്നും ആര്‍എസ്എസ് അഭിപ്രായപ്പെടുകയുണ്ടായി.
ആചാര പരിഷ്കരണം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാകരുത് എന്നതാണ് ഇതിന് കാരണം. ആചാരപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് കേസിന്റെ വിചാരണ വേളയില്‍ സുപ്രീംകോടതി തന്നെ അഭിപ്രായപ്പെട്ടത് ഇവിടെ ഓര്‍ക്കാവുന്നതാണ്. മതവുമായി ബന്ധപ്പെട്ട ആഴമേറിയ വൈകാരിക വിഷയങ്ങള്‍ മതത്തിനും തന്ത്രിമാര്‍ക്കും വിടുന്നതാണ് നല്ലതെന്ന് ഭൂരിപക്ഷ വിധിന്യായത്തോട് വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറയുന്നതും ശ്രദ്ധേയമാണ്. ഭരണഘടനാ ബെഞ്ചിന്റേതാണ് ഇപ്പോഴത്തെ വിധിയെങ്കിലും നിയമനടപടികള്‍ ഇവിടെ അവസാനിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ വിധിയോട് വിയോജിപ്പുള്ളവര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കാം. അതിന്റെയൊക്കെ പരിണത ഫലം എന്തുതന്നെയായിരുന്നാലും ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കുന്നതാകരുത്, അനുരഞ്ജനവും ഐക്യവും കൊണ്ടുവരുന്നതാകണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: