ചരിത്രമുറങ്ങുന്ന കൊല്ലത്തുനിന്ന് എട്ടാമത്തെ എഡിഷന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ഒരു ദിനപത്രമെന്ന നിലയ്ക്ക് 43 വര്‍ഷം നീളുന്ന ‘ജന്മഭൂമി’യുടെ ചരിത്രത്തിലും അതൊരു പുതിയ അധ്യായമാണ്. പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് അടച്ചുപൂട്ടേണ്ടിവന്ന ഏക മലയാള ദിനപത്രം. അടിയന്തരാവസ്ഥയില്‍ മുഖ്യ പത്രാധിപരും പ്രസാധകനും ജയിലിലടയ്ക്കപ്പെട്ട ഒരേയൊരു മലയാള പത്രം. ജീവനക്കാര്‍ ഏതാണ്ട് എല്ലാവരും തന്നെ അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയ പത്രം. ജന്മഭൂമിക്കുമാത്രം അവകാശപ്പെടാവുന്ന സവിശേഷതകളാണ് ഇതെല്ലാം.
പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഇടവേളയ്ക്കുശേഷം 1977-ല്‍ പ്രഭാത ദിനപത്രമായി എറണാകുളത്തുനിന്ന് പുനഃപ്രസിദ്ധീകരണം തുടങ്ങിയ ‘ജന്മഭൂമി’ക്ക് 1996-ലാണ് കോഴിക്കോട് എഡിഷന് തുടങ്ങാനായത്. പിന്നീട് കോട്ടയം (2005), തിരുവനന്തപുരം (2005), കണ്ണൂര്‍ (2008), തൃശൂര്‍ (2014), ബെംഗളൂരു (2018) എഡിഷനുകള്‍ക്ക് തുടക്കമിട്ടു. ഇപ്പോഴിതാ എട്ടാമത്തെ എഡിഷനായി കൊല്ലത്തുനിന്നും പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വികസനത്തിന്റെ പാതയില്‍ പുതിയൊരു കാല്‍വയ്പ്പായി അതുമാറുന്നു. ഒരു ജില്ലയ്ക്കുവേണ്ടി മാത്രമുള്ള ആദ്യ എഡിഷനാണിത്. ഇതോടെ തിരുവനന്തപുരം എഡിഷനും ആ ജില്ലയ്ക്ക് മാത്രമായിത്തീരും.
പ്രയാസങ്ങളും പ്രതിസന്ധികളും അനുഭവിക്കാത്തതായി ലോകത്ത് ഒരു പത്രവുമില്ല. പ്രതിസന്ധികള്‍ തരണം ചെയ്യാനാവാതെ പ്രവര്‍ത്തനം നിലച്ചുപോയ പത്രങ്ങള്‍ കേരളത്തില്‍ത്തന്നെ നിരവധിയാണ്. എന്നാല്‍ ഭരണകൂട സംരക്ഷണമോ കോര്‍പ്പറേറ്റ് ശക്തികളുടെ പിന്‍ബലമോ ഇല്ലാതെ പ്രതിസന്ധികളുടെ നടുക്കടലില്‍നിന്ന് നീന്തിക്കയറിയ പാരമ്പര്യം മലയാള പത്രങ്ങളില്‍ ‘ജന്മഭൂമി’ക്കു മാത്രം അവകാശപ്പെട്ടതാണ്. കോടികളുടെ മൂലധനവുമായി തുടക്കമിട്ട പല പത്രങ്ങളും ഇടയ്ക്കുവച്ച് അടച്ചുപൂട്ടേണ്ടിവന്നപ്പോള്, ആത്മാര്‍ത്ഥതയും ആത്മവിശ്വാസവും കൈമുതലാക്കി മുന്നേറിയ അഭിമാനകരമായ ചരിത്രമാണ് ‘ജന്മഭൂമി’ക്കു പറയാനുള്ളത്. എട്ടാമത്തെ എഡിഷനിലൂടെ ആ മുന്നേറ്റം അഭംഗുരം തുടരുകയുമാണ്.
വാണിജ്യ നഗരമായി അറിയപ്പെടുന്ന കൊല്ലം ആത്മീയതയുടെയും ആശ്രമങ്ങളുടെയും നാടാണ്. നാരായണഗുരുദേവന്റെയും ചട്ടമ്പി സ്വാമികളുടെയും സദാനന്ദ സ്വാമികളുടെയും മറ്റും വിശുദ്ധ സാന്നിദ്ധ്യംകൊണ്ട് പവിത്രമാക്കപ്പെട്ട ഈ മണ്ണ് ഇപ്പോള്‍ മാതാ അമൃതാനന്ദമയി ദേവിയുടെ പാദസ്പര്ശത്താല് പുണ്യമനുഭവിക്കുകയുമാണ്. വൈദേശികാധിനിവേശത്തിനുമുന്നില് മുട്ടുമടക്കാത്ത വേലുത്തമ്പി ദളവയുടെ സമരവീര്യവും, മന്നം-ശങ്കരന്മാര് തീര്‍ത്ത ഹിന്ദു മഹാമണ്ഡലത്തിന്റെ ഐക്യബോധവും അന്തരീക്ഷത്തില്‍ അലയടിക്കുന്ന കൊല്ലം, അയ്യന്‍കാളിയും ചങ്ങനാശ്ശേരി പരമേശ്വരന് പിള്ളയും ഒന്നിച്ചണിനിരന്ന കല്ലുമാല ബഹിഷ്കരണ സമരത്തിലൂടെ സാമൂഹ്യമുന്നേറ്റത്തിനും സാംസ്കാരിക നവോത്ഥാനത്തിനും കാഴ്ചപ്പാടും കരുത്തും പകര്‍ന്ന നാടാണ്. ഈ മണ്ണില്‍ ജന്മഭൂമിക്ക് നല്കാന് ഒരു സന്ദേശമുണ്ട്; നിര്‍വ്വഹിക്കാന്‍ ഒരു ദൗത്യമുണ്ട്.
മലയാറ്റൂരും മാധവിക്കുട്ടിയും കാക്കനാടനും ഒ.വി. വിജയനും ഉള്‍പ്പെടെ വലിയ എഴുത്തുകാരെ സാഹിത്യലോകത്ത് പ്രതിഷ്ഠിച്ച എസ്.കെ. നായരുടെ ‘മലയാള നാട്’ വാരിക കൊല്ലത്തിന്റെ സ്വകാര്യ അഹങ്കാരമായി ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. അഭിമാനകരമായ ഈ പാരമ്പര്യത്തിലേക്ക് കണ്ണിചേരാന്‍ ആഗ്രഹിക്കുകയാണ് ജന്മഭൂമിയും. മഹാരഥന്മാരും കര്‍മ്മധീരരുമായ പത്രാധിപന്മാരുടെ ധര്‍മ്മബോധവും സത്യനിഷ്ഠയും മുറുകെപ്പിടിച്ച് പ്രൊഫഷണലിസത്തിന്റെ പുതിയ വിതാനങ്ങളിലേക്ക് പ്രവേശിക്കുകയാണ് ‘ജന്മഭൂമി’. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ ഇനിയങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയ്ക്ക് എല്ലാവരുടേയും അകമഴിഞ്ഞ സഹകരണവും അനുഗ്രഹാശിസ്സുകളും അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: