വത്തിക്കാന്‍: മാറ്റത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭ കാലത്തിനൊത്ത് മാറണമെന്നും ഭാവി തലമുറയെ സഭക്കൊപ്പം ചേര്‍ത്ത് നിര്‍ത്തണമെന്നും മാര്‍പാപ്പ പറഞ്ഞു. ലൈംഗികാരോപണങ്ങള്‍ യുവാക്കളെ സഭയില്‍ നിന്നും അകറ്റുകയാണ്. എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സഭ ശ്രമിക്കുന്നില്ലെന്നും അതിനായി ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ചിന്ത യുവാക്കളില്‍ ശക്തമാണ്. ഭൂമി തട്ടിപ്പ് കേസിലും ലൈംഗികാരോപണ കേസിലും സഭയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതില്‍ അവര്‍ അസംതൃപ്തരാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.
ജര്‍മനിയില്‍ ബിഷപ്പുമാര്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട പീഡന പരമ്പരകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാറ്റത്തിനുള്ള ആഹ്വാനം. ഒപ്പം കേരളത്തിലടക്കം നടക്കുന്ന സംഭവവികാസങ്ങളും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
















