ഒരു കുസൃതിയില്‍ തുടങ്ങുന്നു കുഞ്ഞുസൈക്കിളില്‍ കയറിയുള്ള ബാല്യകാലാനുഭവം. കുഞ്ഞുകാലുവച്ച് വലിഞ്ഞു കയറിയും, നീങ്ങിയും വീണും വേദനിച്ചും നമ്മളെ സൈക്കിള്‍ സവാരിയുടെ ഹരിശ്രീ പഠിപ്പിച്ച നാളുകള്‍. വിലകൂടിയ നാലുചക്ര ശകടവും ഇരുചക്ര വാഹനവുമൊക്കെ നിരത്തുകളിലും വീട്ടുമുറ്റങ്ങളിലും ആധിപത്യം പുലര്‍ത്തുന്ന ഇക്കാലത്ത്, ഒരു സൈക്കിള്‍ സവാരി ചെയ്തിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ വിരളം.
അക്കാലത്ത് കവിതകളില്‍, കഥകളില്‍, നോവലുകളില്‍ എന്നു വേണ്ട പ്രണയലേഖനങ്ങളില്‍ വരെ സൈക്കിളിന് ഒരു സ്ഥാനമുണ്ടായിരുന്നു. കുട്ടികളുടെ പ്രിയകവി കുഞ്ഞുണ്ണി മാഷിന്റെ സൈക്കിള്‍ എന്ന കവിത പ്രസിദ്ധമാണ്. കാമുകന് സൈക്കിളില്‍ ഒളിഞ്ഞും തെളിഞ്ഞുമെത്തി ഒരു മരച്ചുവട്ടില്‍ ചാരിനിന്ന് കാമുകിക്ക് സ്നേഹക്കുറിപ്പ് കൈമാറിയത് പഴയ തലമുറയുടെ കുളിരാര്‍ന്ന ഓര്‍മയാണ്.
നാട്ടിന്‍പുറങ്ങളില്‍ മധുരോദാരമായ കൗമാരകാലത്ത് പൂവിട്ടിരുന്ന പ്രണയദിനങ്ങളുടെ സാക്ഷിയോ നായകനോ ആയിരുന്നു സൈക്കിള്‍. കാലത്തിന്റെ പഴയ താളുകള്‍ മനസ്സില്‍ മറിച്ചു നോക്കിയാലറിയാം. സൈക്കിള്‍ തുരുമ്പെടുത്തതായിരുന്നെങ്കിലും അതിലിരുന്ന് പ്രണയത്തിന്റെ പൂവിതള്‍ നുള്ളാന്‍ അന്ന് എന്ത് ഹരമായിരുന്നു. ആണ്‍കുട്ടികള്‍ മാത്രമായിരുന്നു അന്ന് സൈക്കിള്‍ യാത്ര ചെയ്തിരുന്നത്. ഇന്ന് പെണ്‍കുട്ടികള്‍ ആ സ്ഥാനം കൈയടക്കി.
വീണ്ടും പുഷ്ക്കലകാലം
ആ പുഷ്ക്കലകാലം വീണ്ടും വരികയാണ്. ചവിട്ടി മുന്നോട്ട് പോകാന്‍. ചവിട്ടുമ്പോഴും ദൂരം കുറയുന്നതിനൊപ്പം ആയസ്സു വര്‍ദ്ധിക്കും. ഉന്മേഷവും കൂടും. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത ഇരുചക്ര വാഹനമായ സൈക്കിളിന് വീണ്ടും പ്രിയമേറുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരുകാലത്ത് നമ്മുടെ നിരത്തുകളില്‍ തിക്കിത്തിരക്കിയിരുന്ന സൈക്കിളുകള്‍ പിന്നീട് സ്കൂട്ടറുകള്‍ക്ക് വഴിമാറി. 1984 കാലഘട്ടത്തില്‍ 100 സിസി ബൈക്കുകള്‍ ഇറങ്ങിയതോടെ സൈക്കിളുകളുടെ പ്രതാപം കുറയുകയായിരുന്നു. തൊണ്ണൂറുകളില്‍ സൈക്കിളിന്റെ സ്ഥാനം കാര്‍ഷെഡില്‍ നിന്ന് വിറകുപുരയിലേക്കായി. പിന്നീട് ആക്രിക്കാരുടെ കൈകളിലേക്കും.
സൈക്കിള്‍ ഉപയോഗിച്ച മുന്‍ തലമുറക്കാര്‍ ലാളിത്യത്തിന്റെകൂടി പ്രതീകങ്ങളായിരുന്നു. നാല്‍പ്പത് അറുപത് കിലോമീറ്റര്‍ വരെ ദിവസേന സൈക്കിളില്‍ സഞ്ചരിച്ചിരുന്ന തലമുറയായിരുന്നു മുമ്പുള്ളത്. ഇന്ന് വീട്ടുമുറ്റത്തുള്ള കടയില്‍ പോകണമെങ്കിലും യുവതലമുറയ്ക്ക് ബൈക്ക് വേണം.
സൈക്കിളിന് ഇനി കാറിനൊപ്പമോ ബൈക്കിന് മുകളിലോ സ്ഥാനം നല്‍കണമെന്ന് ആരോഗ്യസംരക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു. അത്ര പരിതാപകരമാണ് ഇന്നത്തെ യുവതലമുറയുടെ ആരോഗ്യം. ഹൃദയാഘാതം ഇന്ന് ഇരുപതുകാരനിലേക്ക് എത്തിയിരിക്കുന്നു. പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നു. അമിതവണ്ണമുള്ളവരുടെ എണ്ണത്തിലും കേരളം മുന്‍പന്തിയില്‍ എത്താന്‍ ഇനി അധികനാള്‍ വേണ്ട. കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന് മാതൃകയാണെന്ന് നാം കൊട്ടിഘോഷിക്കുമ്പോഴാണിത്.
സൈക്കിളിന്റെ പിറവി
ജര്‍മ്മനിയിലാണ് സൈക്കിള്‍ കണ്ടുപിടിച്ചത്. ബറോണ്‍ കാള്ഡയസിസ് 1818-ലാണ് സൈക്കിള്‍ എന്ന ആശയത്തിന് രൂപം നല്‍കിയത്.
സൈക്കിള്‍ യാത്ര ഉണ്ടാക്കിയ പൊല്ലാപ്പുകളും രസകരമായ ഓര്‍മ്മകളാണ്. സര്‍വ്വവ്യാപിയായ സൈക്കിളിന് അന്ന് രാജപട്ടം നല്‍കിയിരുന്ന അധികാരികള്‍ സൈക്കിള്‍ നിരത്തിലിറക്കാന്‍ ലൈസന്‍സ് നിബന്ധന വച്ചിരുന്ന കാലം. ലൈസന്‍സില്ലാതെ രാജവീഥികളിലൂടെ സൈക്കിള്‍ ചവിട്ടിയാല്‍ ഫൈന്‍ അടക്കണം. നഗരസഭയുടെയോ പഞ്ചായത്തിന്റെയോ ലൈസന്‍സ് വേണമായിരുന്നു. പരിശോധനകള്‍ ഉണ്ടായിരുന്നെങ്കിലും പിഴശിക്ഷയില്ലായിരുന്നു.
കൊമ്പന് മീശക്കാരന്റെ തടയല്‍
അന്നും ഉണ്ടായിരുന്നു കര്‍ശന പരിശോധന. പുറകില്‍ ചങ്ങാതിയെയും വച്ച് പന്തുകളിക്കാനോ കൊട്ടകയിലേക്ക് പായുമ്പോഴോ ആണ് പലപ്പോഴും ആ രൂപം പ്രത്യക്ഷപ്പെടുക. ഊടുവഴികളിലൂടെ പായാന്‍ നോക്കും. പറ്റിയില്ലങ്കില്‍ പിടി വീണതുതന്നെ. കൊമ്പന് മീശയും കൂര്‍ത്ത തൊപ്പിയും കൂര്‍ത്ത നിക്കറും കാലീല് പട്ടീസ് ചുറ്റി, കൈയ്യില്‍ ലാത്തിയുമായി നില്ക്കുന്ന പേടിപ്പെടുത്തുന്ന രൂപം-പോലീസ്.
പിന്നെ ഏമാന്റെ ലീലാവിനോദമാണ്. ലാത്തിവീശി വിരട്ടല്‍. അവസാനം വാല്‍വ്ട്യൂബ് ഊരല്‍. അതോടെ സവാരിക്കാരന് തളര്‍ന്നുപോകും. സൈക്കിളിന്റെ വാല്‍വ്ട്യൂബ് പോലീസ് ഊരിയെടുത്തു കൊണ്ടുപോകും. പിന്നെ അടുത്തുള്ള സൈക്കിള്‍ വര്‍ക്ക് ഷോപ്പുവരെ തള്ളണം. അന്ന് അത് വലിയ നാണക്കേടായിരുന്നു. സൈക്കിളിലുള്ള യാത്ര ഒരു ഗമയായി കണ്ടിരുന്ന കാലമായിരുന്നു അന്ന്.
അല്ലറ ചില്ലറ നാണയത്തുട്ടുകള്‍ കൊടുത്താല്‍ ചിലപ്പോള്‍ പിടി അയഞ്ഞെന്നിരിക്കും. എന്നാല്‍ ഓവര്‍ലോഡ് പിടിക്കുക എന്ന പോലീസിന്റെ വിനോദം ന്യൂജനറേഷന് കാലത്ത് ഇല്ല. രാത്രിയില്‍ ലൈറ്റില്ലാതെ പോകുന്നതും അന്ന് കുറ്റകരമാണ.് രണ്ടുതരം ലൈറ്റ് അക്കാലത്ത് ഉണ്ടായിരുന്നു. ഡൈനാമോയില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതും. ഏതായാലും സൈക്കിള്‍ യാത്രക്കാരനും പോലീസും തമ്മിലുള്ള ബന്ധം സൈക്കിള്‍ ചരിത്രം പോലെ കൗതുകകരമാണ്.
റാലി സൈക്കിളും ജര്‍മ്മന്‍ ലൈറ്റും ഉള്ളവരോട് അന്ന് പ്രതേക ബഹുമാനവും അസൂയയും തോന്നിയിരുന്നു. സൈക്കിള്‍ ഉള്ള വീട് അപൂര്‍വ്വമായിരുന്ന കാലം. അതില്‍ ഇംഗ്ലണ്ട് റാലി ഉള്ളവര്‍ക്ക് ഇന്ന് ലംബോര്‍ഗനി കാര്‍ കൈവശമുള്ളവരുടെ ഗമയായിരുന്നു. എന്നും രാവിലെ എഴുന്നേറ്റ് സൈക്കിള്‍ വൃത്തിയായി തുടച്ച് ഓയില്‍ ഒഴിച്ചേ റോഡിലിറക്കാറുള്ളൂ.
മധ്യവേനലവധിക്കാലത്ത്
മദ്ധ്യവേനല്‍ അവധിക്കാലമായിരുന്നു സൈക്കിള്‍ പഠനത്തിന്റെ നാളുകള്‍. പരീക്ഷയ്ക്കു മുമ്പേ ക്ളാസില്‍, സൈക്കിള്‍ പഠിക്കുന്നതിന്റെ പൊങ്ങച്ചങ്ങള്‍ മുഴങ്ങിക്കേള്‍ക്കാമായിരുന്നു. അന്ന് ഇതുകേട്ട് സ്വപ്നം കാണാന്‍ മാത്രം വിധിക്കപ്പെട്ടവരായിരുന്നു ഭൂരിഭാഗവും. സൈക്കിള്‍ വാടകയ്ക്ക് എടുത്തായിരുന്നു പഠനം. അര സൈക്കിളില്‍ തുടങ്ങി വലിയസൈക്കിളിലേക്ക് മാറുകയാണ് പതിവ്. അര സൈക്കിളിന് മണിക്കൂറിന് 20 പൈസയും വലിയ സൈക്കിളിന് 40 പൈസയുമായിരുന്നു വാടക. വലിയ അവധിക്കും,വിശേഷ ദിവസമായ ഓണം, വിഷു, വലിയ-ചെറിയ പെരുന്നാള്‍, ക്രിസ്തുമസ് ദിവസങ്ങളില്‍ മാത്രമേ സൈക്കിള്‍ പഠനത്തിന് അനുമതിയുള്ളൂ. ഓരോരുത്തരുടെയും വിശേഷദിവസം വരുമ്പോള്‍ ആ സുഹൃത്തുക്കളോടോപ്പം സൈക്കിള്‍ ചവിട്ടാനും അനുമതി കിട്ടുമായിരുന്നു. സ്കൂള്‍ തുറക്കാന്‍ പിന്നെ കാത്തിരിപ്പാണ്; തന്റെ സൈക്കിള്‍ പഠന വിശേഷം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാന്‍. ഹാന്‍ഡിലില്‍ നിന്ന് ഒറ്റക്കൈ വിട്ടും രണ്ടുകൈവിട്ടും ചവിട്ടിയ തന്റെ വീരസാഹസിക കഥകള്‍ ഒന്നൊന്നായി പറഞ്ഞുകേള്‍പ്പിക്കാന്‍.
ഇന്ന് വേനല്‍ അവധിക്കാലത്താണ് ഏറ്റവും കുടുതല്‍ സൈക്കിള്‍ വില്‍ക്കുന്നത്. പതിനെട്ടിന് താഴെപ്രായമുള്ള പെണ്‍കുട്ടികളാണ് സൈക്കിള്‍ കൂടുതലായി ഉപയോഗിക്കുന്നത്. സ്കൂള്‍ അടയ്ക്കുമ്പോള്‍ മാത്രമാണ് നല്ല കച്ചവടം നടക്കുന്നത്. 1975-80 കാലഘട്ടത്തില്‍ ദിവസം നൂറുകണക്കിന് സൈക്കിളുകളാണ് വിറ്റിരുന്നതെന്ന് സൈക്കിള്‍ ഷോപ്പുടമകള്‍ പറയുന്നു. ഇന്നത്തെ തലമുറയ്ക്ക് സൈക്കിള്‍ യാത്ര നാണക്കേടാണ്. പക്ഷേ അന്പതിന് മുകളില്‍ പ്രായമുള്ളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തേത്തുടര്‍ന്ന് സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയത് വ്യാപാരത്തിന് പ്രതീക്ഷ നല്കുന്നു.
ഫാന്‍സി സൈക്കിളുകള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൈക്കിളുകള്‍ വില്‍ക്കുന്നത് വടക്കേ ഇന്ത്യയിലാണ്. ഗുജറാത്ത്, ബീഹാര്‍ സംസ്ഥാനങ്ങളിലാണ് സ്റ്റാന്‍ഡേര്‍ഡ് (സാധാരണസൈക്കിള്) സൈക്കിളിന്റെ ഉപയോഗം കൂടുതല്‍. കേരളത്തിന് താല്‍പ്പര്യം ഫാന്സിസൈക്കിളിനോടാണ്. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ഫാന്‍സി സൈക്കിളിനാണ് ആവശ്യക്കാര്‍ കൂടുതല്‍. സ്റ്റാന്‍ഡേര്‍ഡ് സൈക്കിളിന്റെ ഉല്‍പ്പാദനത്തിന്റെ എണ്‍പത് ശതമാനവും വടക്കേഇന്ത്യയിലാണ് വില്‍ക്കുന്നത്. അവിടെ വിവാഹജീവിതത്തില്‍ സൈക്കിളിന് പ്രഥമ സ്ഥാനമാണുള്ളത്. വിവാഹം കഴിയുമ്പോള്‍ വധുവിന്റെ അച്ചന് വരന് സമ്മാനമായി സൈക്കിളും നല്‍കും. വരന് വധുവുമായി സൈക്കിളിലാണ് വീട്ടിലേക്ക് മടങ്ങുന്നത്. സൈക്കിള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രധാന യാത്രാവാഹനവും അതാണ്.
തലമുറ തലമുറ കൈമാറി
പണ്ട് വീട്ടിലെ കാരണവര്‍ ഉപയോഗിച്ച സൈക്കിള്‍ അടുത്ത തലമുറയ്ക്ക് കൈമാറുകയായിരുന്നു പതിവ്. മക്കള്‍ക്കും പേരക്കുട്ടികളിലേക്കും കൈമാറിവന്നിരുന്ന കാലംമാറി. മൂന്നും നാലും തലമുറ കൈമാറിയിരുന്ന പതിവ് അവസാനിച്ചു. അച്ഛന്റെ സൈക്കിള്‍ വലിയ ബഹുമാനത്തോടെയാണ് പിന്തലമുറ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അഞ്ചു വയസ്സിനിടയില്‍ മൂന്ന് സൈക്കിളെങ്കിലും വാങ്ങും. മൂന്ന് ചക്ര സൈക്കിളില്‍ ആരംഭിക്കുന്നു സൈക്കിള്‍ പഠിത്തം. പതിനഞ്ചുവയസ്സിനിടയില് അഞ്ചു സൈക്കിളുകള്‍വരെ മലയാളികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
റിപ്പയര്‍ ഷോപ്പുകള്‍
ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് കവലകള്‍ തോറും ഉണ്ടായിരുന്ന സൈക്കിള്‍ റിപ്പയറിങ് ഷോപ്പുകള്‍ ഏതാണ്ട് അസ്തമിച്ച മട്ടാണ്. ഒരു ജില്ലയില്‍ തന്നെ ഒന്നോ, രണ്ടോ കടകളായി ഇന്ന് ചുരുങ്ങി. പണ്ട് പത്താം ക്ലാസ്സ് പരീക്ഷ കഴിയുമ്പോള്‍ പണിപഠിക്കാനായി കുട്ടികളെ റിപ്പയര്‍ ഷോപ്പിലേക്ക് വിടുമായിരുന്നു രക്ഷിതാക്കള്‍. കുടുംബം പുലര്‍ത്താനുള്ള വരുമാനം അന്ന് സൈക്കിള്‍ ഷോപ്പില്‍ നിന്നാല്‍ കിട്ടുമായിരുന്നു. അന്ന് പണിക്കായി ഷോപ്പിലെത്തുന്ന സൈക്കിളുകളുടെ എണ്ണം അന്പതിന് മുകളിലാണ്. നൂറ്റമ്പതിനും ഇരുനൂറിനും ഇടയിലായിരുന്നു വരുമാനം. അന്ന് അത് വലിയ തുകയായിരുന്നു. ഇന്ന് സൈക്കിള്‍ റിപ്പയര്മാര് കുടുംബം പുലര്‍ത്താന്‍ പെടാപ്പാടുപെടുകയാണ്. ഇന്ന് ആ സ്ഥാനത്ത് 100 രൂപ പോലും പലപ്പോഴും കിട്ടാറില്ല.
മലയാളിക്ക് പ്രിയം വിലകൂടിയ സൈക്കിളിനോട്. അന്‍പതിനായിരം മുതല്‍ ഒന്നരലക്ഷം വരെയുള്ള സൈക്കിളിനാണ് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുതല്‍. സൈക്കിള്‍ ക്ലബ്ബുകള്‍ സജീവമായതോടെയാണ് വിലകൂടിയ സൈക്കിളിന് ആവശ്യക്കാര്‍ ഏറിയത്. സൈക്കിള്‍ ക്ലബ്ബുകളില്‍ സാധാരണ ഉപയോഗിക്കുന്നത് ഒന്നരലക്ഷം വിലവരുന്ന സൈക്കിളുകളാണ്. 50,000 രൂപയുടെ സൈക്കിളുകള്‍ സര്‍വ്വസാധാരണമായി മാറുകയാണ്. പന്ത്രണ്ട് ലക്ഷത്തിന്റെ സൈക്കിള്‍ പെതുവിപണിയിലിറങ്ങിക്കഴിഞ്ഞു. ആദ്യ സൈക്കിള്‍ കോഴിക്കോട് സൈക്കിള്‍ ഷോപ്പിലെത്തി. ഇവിടെ സൈക്കിള്‍ പ്രേമികളുടെ തിരക്കാണ്. വിലകൂടിയ സൈക്കിളിന് ആവശ്യക്കാര്‍ ഏറിയതോടെ അനുബന്ധ വസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ എണ്ണവും വര്‍ദ്ധിച്ചു. കൈയുറ, ഹെല്‍മറ്റ്, ഷൂ, ലൈറ്റ്, മറ്റുല്‍പ്പന്നങ്ങളും
പ്രതീക്ഷ നല്കുന്ന പദ്ധതികള്‍
സൈക്കിള്‍ യാത്രികര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഹൈവേക്കിരുവശം സര്‍വ്വീസ് റോഡിന് സമീപം സൈക്കിള്‍ പാതയ്ക്കുള്ള പദ്ധതികള്‍. കേരളത്തില്‍ നൂറിനടുത്ത് സൈക്കിള്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ആയിരക്കണക്കിന് യുവതീയുവാക്കള്‍ അംഗങ്ങളാണ്. ക്ലബ്ബുകള്‍ നിലവില്‍ വന്നതോടെ സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇതിലെ അംഗങ്ങളില്‍ ഭൂരിഭാഗവും ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയുള്ള സൈക്കിളുകളാണ്.
കോഴിക്കോട് മിഠായിത്തെരുവില്‍ സൈക്കിളുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്നതിനാല് അവിടെ സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. കൊച്ചി മെട്രോയില്‍ പാലാരിവട്ടത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ നൂറ് മണിക്കൂര്‍ വരെ സൗജന്യമായി സൈക്കിള്‍ നല്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. മെട്രോ യാത്രക്കാരന് ആഴ്ചയില്‍ നൂറ് മണിക്കൂറാണ് സൗജന്യം നല്‍കുക. ഇത് കുടുതല്‍ സ്റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കും.
വര്‍ഷം ആറു ലക്ഷം സൈക്കിള്‍
ഒരുവര്‍ഷം ആറു ലക്ഷം സൈക്കിളാണ് രാജ്യത്ത് ചെലവാകുന്നത്. വില്പനയില് മുന്‍പന്തിയില്‍ ഹീറോയും ബിഎസ്എയുമാണ്. ചൈനക്കാരാണ് ഏറ്റവും കൂടുതല്‍ സൈക്കിള്‍ ഉപയോഗിക്കുന്നത്. ഭാരതത്തില്‍ മംഗലാപുരത്തുകാരാണ് സൈക്കിള്‍ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ സൈക്കിള്‍ നിര്‍മ്മിക്കുന്നതിന്റെ റെക്കാര്‍ഡ് ഭാരതത്തിനാണ്. ഹീറോ സൈക്കിളിനാണത്. ഒരു ദിവസം ഇരുപതിനായിരം സൈക്കിളാണ് ഹീറോ സൈക്കിള്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്നത്. കയറ്റുമതിയിലും ഹീറോയാണ് ഹീറോ. ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഒരു കോടിയിലധികം സൈക്കിള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഏറ്റവും കുടുതല്‍ സൈക്കിള്‍ ഉപയോഗിക്കുന്നത് കൊല്ലം, ആലപ്പുഴ ജില്ലക്കാരാണ്. പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ സൈക്കിള്‍ ഉപയോഗിക്കുന്നത് ആലപ്പുഴയിലാണ്.
മാറാം സവാരിയിലേക്ക്
പഴയ തലമുറയുടെ ജീവിതരീതിയിലേക്ക് നമുക്ക് മടങ്ങാം. അവരുടെ അച്ചടക്ക ജീവിതത്തിന്റെ ഭാഗമായിരുന്ന സൈക്കിള്‍ സവാരി തിരിച്ചു കൊണ്ടുവരേണ്ട ഉത്തരവാദിത്വം പുതിയ തലമുറയ്ക്കുള്ളതാണ്. നമ്മുടെ സമ്പദ്ഘടനയ്ക്ക് കരുത്തേകുന്നതിനപ്പുറം, ആരോഗ്യത്തിനും സൈക്കിള്‍ സവാരി സഹായിക്കും. വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും സൈക്കിള്‍ സവാരിയാണ് പരിഹാരമെന്ന് മറ്റ് രാജ്യങ്ങള്‍ മനസ്സിലാക്കി സൈക്കിള്‍ ഉപയോഗത്തില്‍ വളരെ മുന്നിലെത്തി. നമ്മള് ഇക്കാര്യത്തില്‍ അമാന്തം കാട്ടുകയാണ്. അടുത്ത സ്ഥലത്തേക്കും, ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുമ്പോഴും കാറിനെ ആശ്രയിക്കുക എന്നത് മലയാളിയുടെ സംസ്കാരമായി മാറിയിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം സൈക്കിളിനെ, ഒപ്പം ആരോഗ്യവും സമ്പത്തും സംരക്ഷിക്കാം.
സൈക്കിളിങ് ഒറ്റമൂലി
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല എയ്റോബിക്ക് വ്യായാമങ്ങളിലൊന്നാണ് സൈക്കിളിങ്. സൈക്കിള്‍ ചവിട്ടിയാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തി ഹൃദയത്തെ സംരക്ഷിക്കുമെന്ന് ഡോ. ബി. പത്മകുമാര്‍ വ്യക്തമാക്കുന്നു. പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയുന്നതുവഴി ഇന്‍സുലിന്റെ പ്രവര്‍ത്തന ശേഷി കൂടുന്നതാണ്. ഇത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. ഹൈപ്പവര്‍ ടെന്‍ഷന്റെ പ്രശ്നമുള്ളവരില്‍ മരുന്നിനും ഭക്ഷണ ക്രമീകരണത്തിനുമൊപ്പം സൈക്കിളിങ് ബിപി കുറയ്ക്കാന്‍ സഹായിക്കും.
കുട്ടികള്‍ക്കും യോജിച്ച വ്യായാമമാണ് സൈക്കിളിങ്. ഓടിക്കളിക്കാനും വ്യായാമം ചെയ്യാനും സമയമില്ലാത്ത കുട്ടികളില്‍ പൊണ്ണത്തടി വര്‍ദ്ധിക്കുന്നത് സാധാരണമാണ്. ഇത് വളരെ ചെറുപ്പത്തിലേ കുട്ടികളില്‍ പ്രമേഹത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിനുള്ള പ്രതിവിധി സൈക്കിള്‍ ചവിട്ടുകയാണ്. എല്ലിന്റെയും പേശികളുടെയും പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്താനും സൈക്കിളിങ് നല്ലതാണ്.
ദിവസവും മുപ്പത് നാല്‍പ്പത്തഞ്ച് മിനിട്ടെങ്കിലും സൈക്കിള്‍ സവാരി നടത്തണം. എന്നാല്‍ പ്രമേഹരോഗികള്‍ സവാരിക്കുമുമ്പ് വൈദ്യപരിശോധന നടത്തി ശാരീരികക്ഷമത ഉറപ്പ് വരുത്തണം. തിരക്കേറിയ റോഡുകള്‍ ഒഴിവാക്കിയും ഹെല്‍മറ്റ് ധരിച്ചും വേണം സവാരി നടത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: