ടെഹ്‌റാന്‍: തെക്കുപടിഞ്ഞാറന്‍ ഇറാനിലെ അഹ്‌വാസ് നഗരത്തില്‍ സൈനിക പരേഡിനു നേരെ നടന്ന ആക്രമണത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു. ഇറാന്റെ സായുധ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡിലെ സൈനികരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു. കാക്കി യൂണിഫോമില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ എണ്ണ നിക്ഷേപങ്ങള്‍ ഏറെയുള്ള ഖുസെസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് അഹ്‌വാസ് നഗരം.
സംഭവത്തിന്റെ ഉത്തരവാദിത്വം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല. 2017 ജൂണ്‍ ഏഴിന് ഇറാനിയന്‍ പാര്‍ലമെന്റിനും ആയത്തൊള്ളാ ഖൊമേനിയുടെ സ്മൃതി മണ്ഡപത്തിനും നേരെയുണ്ടായ ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് ഇറാനില്‍ ഐഎസ്, അക്രമം അഴിച്ചു വിടുന്നത്. 2017 ലെ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.
















