പുഴുവായി ജനിച്ച് പുല്ലായി മരിക്കുന്ന ഒരു ജീവിയുണ്ട്. തണുപ്പു കാലത്ത് പുഴുവായി ജനിച്ച് ചൂടുകാലത്ത് പുല്ലായി മരിക്കുന്ന ഒരു പാവം ജീവി. ആ ജീവിയുടെ ജഡംകൊണ്ട് അഷ്ടിക്കു വകകണ്ടെത്തുന്നത് പതിനായിരങ്ങള്‍. പരജീവിയായ ഒരു ഫംഗസ്സിന്റെ ക്രൂരകൃത്യമാണ് പാവം പുഴുവിനെ പുല്ലാക്കി മാറ്റുന്നത്. ഹിമാലയന്‍ മലയുടെ അത്യുന്നതങ്ങളില്‍ മാത്രം കാണപ്പെടുന്ന ആ ജീവിയുടെ പേര് ‘യാര്‍സാഗുമ്പാ.’
ടിബറ്റുകാര്‍ പുഴുവെന്നു വിളിക്കുന്ന ‘യാര്‍സാഗുമ്പാ’ ഉണ്ടാകുന്നത് സമുദ്രനിരപ്പില്‍നിന്ന് 5000 മീറ്റര്‍ ഉയരത്തിലാണ്. കാറ്റര്‍പില്ലര്‍ ഫംഗസ് അഥവാ ‘നിശാശലഭ കുമിള്‍’ എന്നാണ് ഇംഗ്ലീഷുകാര്‍ ഇതിനെ വിളിക്കുക. ശാസ്ത്രനാമം, ‘ഓഫിയോ കോര്‍ഡിസെപ്സ് സിനെന്ഡിസ്.’ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘മെഡിസിനല്‍ ഫംഗസ്’ എന്നാണ് ‘യാര്‍സാഗുമ്പാ’ അറിയപ്പെടുന്നത്. വില. ഗ്രാം ഒന്നിന് വെറും നൂറു ഡോളര്‍ മാത്രം. ‘ഹിമാലയന്‍ വയാഗ്ര’ എന്ന് വിളിപ്പേരുള്ള ഇത് ചൈനയില്‍ സമ്പത്തിന്റെയും ആഢ്യത്വത്തിന്റെയും ലക്ഷണമായി കണക്കാക്കപ്പെടുന്നു.
ലോകത്തുണ്ടാകുന്ന സകലരോഗങ്ങള്‍ക്കും പറ്റിയ ഒറ്റമൂലിയാണത്രെ ‘യാര്‍സാഗുമ്പാ.’ വൃക്ക, ശ്വാസകോശം, കരള്‍, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഒന്നാംതരം മരുന്ന്; ക്യാന്‍സറിന് പറ്റിയ മറുമരുന്ന്; വന്ധ്യത അകറ്റാനും ലൈംഗിക ശേഷി വര്‍ധിപ്പിക്കാനും അത്യുത്തമം; നിത്യയുവത്വം ഉറപ്പ്… ഇങ്ങനെ പോകുന്നു ഈ മരുന്നിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍.
ഒരു നിശാശലഭത്തിന്റെ ജീവിതചക്രത്തിലെ പുഴു (ലാര്‍വ)വാണ് ഈ മഹാമരുന്നിന്റെ ജനനത്തിനുവേണ്ടി രക്തസാക്ഷിയാവുന്നത്. മണ്ണില്‍ ചിതറിക്കിടക്കുന്ന കുമിളിന്റെ ആയിരക്കണക്കിന് വിത്തു(സ്പോര്)കള്‍ ചൂടുകാലത്ത് ഈ ലാര്‍വകളെ കടന്നാക്രമിക്കും. പുഴുവിന്റെ ഉള്ളില്‍ കടന്നുകയറി കേന്ദ്ര നാഡീവ്യവസ്ഥയെയാണ് ഫംഗസ് ആക്രമിക്കുന്നത്. ക്രമേണ ആ പുഴു മരിച്ച് ഒരു ‘മമ്മി’യുടെ രൂപം കൈക്കൊള്ളും. ആ പ്രക്രിയക്കിടയില്‍ അത് മണ്ണിനടിയിലേക്ക് മുതലക്കൂപ്പ് കുത്തി തല ഉയര്‍ത്തും.
മണ്ണിലെ തണുപ്പകന്ന് ചെറുചൂട് വരുന്നതോടെ പുഴുവിന്റെ തലഭാഗത്തുനിന്ന് ഒരു മുള ‘കൂണ്’പോലെ മണ്ണിന്റെ പ്രതലത്തിലേക്ക് ഉയര്‍ന്നുവരും. തവിട്ടുനിറമുള്ള മധുരമയമായ ഒരു ശരീരഭാഗം, അതത്രേ യാര്‍സാഗുമ്പാ. പരജീവിയായ ഫംഗസിന്റെ ആക്രമണത്തില്‍ മൃതിയടഞ്ഞ പുഴു പരിവര്‍ത്തനം ചെയ്യപ്പെട്ട ‘മമ്മി.’
ശരാശരി 10 സെ.മീ. നീളം. കുരുകളഞ്ഞ കുരുമുളക് തിരിയുടെ രൂപം. പക്ഷേ മണ്ണില്‍ തെരഞ്ഞുകണ്ടെത്തുന്നതും, കേടുകൂടാതെ പറിച്ചെടുക്കുന്നതും ഏറെ ശ്രദ്ധ വേണ്ട ജോലിയാണ്. മെയ്-ജൂലൈ കാലത്താണ് വിളവെടുപ്പ്. അക്കാലത്ത് ഗ്രാമീണ വിദ്യാലയമൊക്കെ അടയ്ക്കും. കുട്ടികളും മാഷുമാരും യര്സാഗുമ്പ തേടി മലകയറും. മലമുകളിലെ ചെരിവുകളില്‍ നിരന്തരം അപകടം പതിയിരിക്കുന്നത് അവര്‍ക്കറിയാം. എപ്പോഴാണ് മലയിടിയുന്നതെന്നും മഞ്ഞുമഴ പെയ്യുന്നതെന്നും അറിയില്ല. വഴുതിവീഴാനും ഏറെ സാധ്യതയുണ്ട്. പക്ഷേ ഗ്രാമവാസികളുടെ ഏക വരുമാനമാണ് യാര്‍സാ ഗുമ്പാ ശേഖരിക്കല്‍. ആര്‍ക്കും അവരെ തടയാനാവില്ല. ഒരു ദിവസം മുഴുവന്‍ ശ്രമിച്ചാല്‍ പരമാവധി 20 യാര്‍സാഗുമ്പാ വരെ ലഭിക്കും. അത് വൃത്തിയാക്കി വേണം കച്ചവടക്കാര്‍ക്ക് കൈമാറാന്‍.
മരുന്നിന്റെ വിലയിലെ ആകര്‍ഷണീയത ആയിരക്കണക്കിന് ആളുകളെയാണ് യാര്സാഗുമ്പ ശേഖരണത്തിന് പ്രേരിപ്പിക്കുന്നത്. ടിബറ്റ്, ചൈന, ഭൂട്ടാന്, ഉത്തര്‍ഖണ്ഡിലെയും ഹിമാലയ സാനുക്കളിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണിത് ലഭ്യമാവുക. അവിടേക്കെല്ലാം വന്‍ തള്ളിക്കയറ്റമാണ് സീസണില്‍. അതിന്റെ ഫലമായി ഉല്‍പ്പാദനം വല്ലാതെ കുറഞ്ഞു. പുല്‍മേടുകള്‍ തൂമ്പയും മറ്റുംകൊണ്ട് കുത്തിയിളക്കുന്നതിനാല് ഫംഗസിന്റെ വിത്തു(സ്പോര്)കളും നശിക്കുന്നു. ഇത് യര്‍സാഗുമ്പയുടെ വംശനാശത്തിനും മേഖലയിലെ ജൈവവൈവിധ്യ ഘടന തകരാറിലാവുന്നതിനും വഴിയൊരുക്കുമെന്ന ആശങ്കയുമുണ്ട്. കാലാവസ്ഥാ മാറ്റവും ഉല്‍പ്പാദനക്കുറവിന് വഴിതെളിക്കുന്നു.
യര്‍സാഗുമ്പയുടെ ശക്തിവിശേഷം കണ്ടെത്തിയത് ടിബറ്റുകാരാണത്രെ. 1500 വര്‍ഷം മുന്‍പ് പുല്‍മേടുകളില്‍ മേയുന്ന ചില ആടുകള്‍ അസാമാന്യമായ ശക്തിയും ഊര്‍ജവും കാണിക്കുന്നത് കണ്ട ഇടയന്മാരാണ് അതിന്റെ പിന്നിലെ രഹസ്യം യാര്സാഗുമ്പയെന്ന അമൂല്യവസ്തുവാണെന്നു കണ്ടറിഞ്ഞത്. ടിബറ്റന്‍ ലാമ വൈദ്യനായ നിമായ് ദോര്‍ജി (1439-1475) അതിന്റെ ഔഷധ ഗുണം ആദ്യമായി രേഖപ്പെടുത്തി. അവിടെനിന്നാണ് ചൈനയിലെ കൊട്ടാരത്തിലേക്ക് യാര്സാഗുമ്പ എത്തിത്തുടങ്ങിയത്.
യാര്സാഗുമ്പയെന്ന് ടിബറ്റുകാരും കാറ്റര്‍പില്ലര്‍ ഫംഗസ് എന്ന് ഇംഗ്ലീഷുകാരും വിളിക്കുന്ന ഈ അദ്ഭുത മരുന്നിന് സംസ്കൃതത്തിലുള്ള പേര് അറിഞ്ഞാല്‍, പൂര്‍വികര്‍ അതിനു നല്കിയ പ്രാധാന്യം നമുക്ക് മനസ്സിലാവും- ‘സഞ്ജീവനി.’ നേപ്പാളിന്റെ ചില ഭാഗങ്ങളിലും ഇതേപേരിലാണ് യാര്സാഗുമ്പ അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: