ആരോപണ ശരങ്ങളെ ആകമാനം ഒരൊറ്റ വാചകം കൊണ്ട് നിര്‍വീര്യമാക്കുന്ന ഇന്ദ്രജാലമാണ് സര് സംഘ ചാലക് മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം നടത്തിയത്. മുസ്ലിം വിരുദ്ധ സംഘടന എന്ന ലേബലൊട്ടിച്ച്, രാഷ്ട്രീയ സ്വയം സേവക സംഘത്തെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തി ആക്രമിക്കുന്ന ശൈലി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലാകാലങ്ങളില്‍ അതിനു സംഘം മറു വിശദീകരണങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
അതിന്റെയൊക്കെ ആകെത്തുകയായിരുന്നു ആ വാചകം. ‘ഹിന്ദുരാഷ്ട്രമെന്നാല്‍ മുസ്ലിംങ്ങള്‍ ഇല്ലാത്ത രാജ്യമല്ല’ എന്ന മോഹന്‍ജിയുടെ വാചകത്തില്‍ ഏറെ അര്‍ദ്ധ തലങ്ങള്‍ അടങ്ങിയിരുന്നു. ‘ഭാരതത്തിന്റെ ഭാവി; സംഘത്തിന്റെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തില്‍ മൂന്നു ദിവസമായി അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരയില്‍, സംഘത്തിന്റെ ലക്ഷ്യവും കാഴ്ചപ്പാടും സുവ്യക്തമായിരുന്നു. അയോദ്ധ്യ പ്രശ്നം, സംവരണ പ്രശ്നം, സാമുദായിക മൈത്രി, രാജ്യത്തിന്റെ അഖണ്ഡത തുടങ്ങി വിവിധ വിഷയങ്ങളിലൂടെയാണ് പ്രഭാഷണം കടന്നു പോയത് .
ഭാരതത്തിന്റെ മത, സാംസ്കാരിക, ഭാഷാ, വര്‍ണ വൈവിധ്യത്തിന്റെ കാവല്‍ ഭടന്മാരാണ് സംഘ സ്വയംസേവകര്‍ എന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മടിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേക്കില്ലെങ്കിലും സങ്കുചിത മന:സ്ഥിതിക്ക് അപ്പുറം നിന്നു ചിന്തിക്കുന്നവരിലേയ്ക്ക് ആ വാക്കുകള്‍ കടന്നു ചെല്ലുകതന്നെ ചെയ്യും .
‘അയോധ്യയില്‍ രാമ ക്ഷേത്രം ഉയരുക തന്നെ വേണം’ എന്ന പരാമര്‍ശം ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. മുസ്ലിം അടക്കമുള്ള മതസ്ഥരുടെ വികാരങ്ങളെ ഹിന്ദുക്കള്‍ ആദരിക്കുമ്പോള്‍ ഹിന്ദു വിശ്വാസത്തെയും വികാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ മറ്റു മതസ്ഥരും തയ്യാറാകുന്ന സര്‍വമത സംഭാവനയാണ് സംഘം വിഭാവനം ചെയ്യുന്നത്. അത് തന്നെയാണ് സര്‍സംഘചാലക് അര്‍ഥമാക്കിയതും. പ്രീണനമല്ല വ്യക്തതയും ദൃഢനിശ്ചയവുമാണ് ആ ശബ്ദത്തില്‍ നിറഞ്ഞു നിന്നത്.
ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നവര്‍ വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്ന കാലത്ത്, ശരിയായതിനെ തിരിച്ചറിഞ്ഞു ഉറക്കെ പറയാനുള്ള ഇച്ചാശക്തി നഷ്ടപ്പെടാത്ത പ്രസ്ഥാനത്തിന്റെ അമരക്കാരന്റെ വാക്കുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. പക്ഷെ, ഈ രാജ്യത്തിന്റെ അഖണ്ഡതയും കെട്ടുറപ്പും ആത്യന്തിക ലക്ഷ്യമാക്കി അചഞ്ചലമായി മുന്നോട്ടു നീങ്ങുന്ന സംഘത്തിന് അത് നല്കുന്ന ആത്മവിശ്വാസവും കരുത്തും, വരും നാളുകളില്‍ രാഷ്ട്രത്തിന്റെ കരുത്തായി മാറും. വ്യക്തി രൂപവല്‍ക്കരണമാണ് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ അടിസ്ഥാന ലക്ഷ്യം. വര്‍ഗ്ഗീയതയ്ക്കും വിഘടനവാദത്തിനും ഉള്ള ശരിയായ പരിഹാരം, നേരിനെ തിരിച്ചറിയാന്‍ കഴിയുന്ന വ്യക്തികളുടെ സാന്നിധ്യമാണ് . അത്തരം വ്യക്തികളിലൂടെ നല്ല കുടുംബങ്ങളും നല്ല സമൂഹവും രൂപം കൊള്ളും. അവരിലാണ് രാജ്യത്തിന്റെ സുരക്ഷ.
മോഹന്‍ജി തന്നെ സൂചിപ്പിച്ചതുപോലെ, പുറത്തു നിന്ന് നോക്കിയാല്‍ ഒരു കാലത്തും സംഘത്തെ മനസ്സിലാക്കാനാവില്ല. സംഘത്തിന്റെ ഭാഗമായി മാത്രമേ സംഘത്തെ ഉള്‍ക്കൊള്ളാനാവൂ. എല്ലാവരേയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന സര്‍സംഘചാലകിന്റെ വാക്കുകള്‍ സംഘത്തിന്റെ വിശാലമായ വീക്ഷണം പ്രകടമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: