ബാറുകള്‍ തുറക്കുന്നതിന് കൈക്കൂലിവാങ്ങിയെന്ന കേസില്‍ യുഡിഎഫും എല്‍ഡിഎഫും മുന്‍ മന്ത്രി കെ.എം. മാണിയെ രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളെയെല്ലാം പരാജയപ്പെടുത്തിയ വിധിയാണ് വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ഒരുകോടി രൂപ വാങ്ങിയെന്ന വ്യവസായി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ കേരളം ഞെട്ടലോടെയാണ് കേട്ടത്. പൂട്ടിയ 418 ബാറുകള്‍ തുറന്നു കൊടുക്കാന്‍ മാണി അഞ്ചു കോടി രൂപയാണത്രെ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതില്‍ ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബിജുരമേശ് വെളിപ്പെടുത്തി. അതോടനുബന്ധിച്ച് നിരവധി ആരോപണങ്ങളും വാര്‍ത്തകളും മാണിക്കെതിരായി ഉണ്ടായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കെ.എം. മാണി ധനമന്ത്രിയായിരിക്കെയാണ് ആരോപണം ഉണ്ടാകുന്നത്. അന്ന് വലിയ പ്രക്ഷോഭത്തിനാണ് സിപിഎമ്മും കൂട്ടുകക്ഷികളും നേതൃത്വം നല്‍കിയത്. നിയമസഭയിലടക്കം സിപിഎം അക്രമം അഴിച്ചുവിട്ടു. ബജറ്റവതരിപ്പിക്കാന്‍ പോലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷം നിയമസഭയില്‍ താണ്ഡവമാടുകയായിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ബാര്‍ക്കോഴക്കേസ് ശക്തമായി മുന്നോട്ടുപോകുമെന്നും മാണിയുടെ രാഷ്ട്രീയഭാവി ഇല്ലാതാകുമെന്നുമായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ കോഴക്കേസിലെ പ്രതിയെ രക്ഷിക്കുന്ന നിലപാടാണ് യുഡിഎഫിനെ പോലെ എല്‍ഡിഎഫും സ്വീകരിച്ചത്. ആദ്യം യുഡിഎഫില്‍ നിന്ന് അകലം പാലിച്ച മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് അടുക്കുകയാണെന്ന സൂചന നല്കി പിണറായിയെയും കൂട്ടരെയും കുരുക്കിലാക്കി. പിന്നീട് യുഡിഎഫ് വിട്ടതായി പ്രഖ്യാപിക്കുകയും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയും ചെയ്തു. പിണറായി സര്‍ക്കാരിന്റെ ഭരണത്തുടക്കത്തില്‍ വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ്തോമസ്, മാണിക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ ശേഖരിക്കുകയും അത് കോടതിയെ അറിയിച്ച് അന്വേഷണവുമായി ഏറെ മുന്നോട്ടു പോകുകയുമുണ്ടായി. അപ്പോഴേക്കും സിപിഎമ്മിന്റെ വലിയ ഇഷ്ടക്കാരനായി മാണി മാറിക്കഴിഞ്ഞിരുന്നു. ശേഷം കേരളം കണ്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാനപ്പെട്ട ഒരു കേസിന്റെ അട്ടിമറിയാണ്.
സര്‍ക്കാരിന്റെ താല്പര്യപ്രകാരം, കോഴക്കേസില്‍ തെളിവില്ലെന്ന് കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്കി. കെ.എം. മാണിയെ ബാര്‍ക്കോഴക്കേസില്‍ നിന്ന് രക്ഷിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് പിന്നീട് കണ്ടത്. വിജിലന്‍സ് നടപടിക്കെതിരെ കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ച പ്രോസിക്യൂട്ടറെ പോലും മാറ്റിക്കൊണ്ട് മാണിക്കുവേണ്ടി എല്ലാം അട്ടിമറിച്ചു. കോഴക്കാരനായ മാണിയെ തുറുങ്കിലടയ്ക്കണമെന്ന് പറഞ്ഞ് സമരവും അക്രമവും നടത്തിയവര്‍ തന്നെ പ്രതിയുടെ സംരക്ഷകരായി വരുന്ന പരിഹാസ്യമായ നടപടികളാണുണ്ടായത്. കേസില്‍നിന്നു രക്ഷിച്ചാല്‍ മാണി തങ്ങള്‍ക്കൊപ്പം വരുമെന്ന പ്രതീക്ഷ മാത്രമായിരുന്നില്ല സിപിഎമ്മിനുമുന്നിലുണ്ടായിരുന്നതെന്ന് വേണം ഇപ്പോള്‍ കരുതാന്‍. ഒരേ തൂവല്‍പക്ഷികളുടെ പൊറാട്ടുനാടകമായിരുന്നു അതെല്ലാം. കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കിക്കൊണ്ട് അഴിമതിക്കാരുടെ വിളയാട്ടം.
എന്നാല്‍ കോടതികളിലുള്ള നമ്മുടെ പ്രതീക്ഷകള്‍ അസ്തമിക്കാന്‍ കാലമായില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന വിധി. തെളിവില്ലാത്ത കേസായി എഴുതിത്തള്ളാനുള്ള തീരുമാനം സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. അന്വേഷണ ഏജന്‍സിതന്നെ കേസ് അട്ടിമറിച്ച് വിധികര്‍ത്താവായാല്‍ സംസ്ഥാനത്ത് നീതി എങ്ങനെ നടപ്പാകുമെന്ന കോടതിയുടെ ചോദ്യം പ്രധാനപ്പെട്ടതാണ്. ക്രിമിനല്‍ നടപടി ക്രമത്തേയും ചട്ടങ്ങളെയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തിയെന്നാണ് നിരീക്ഷണം. തെളിവുമൂല്യം വിലയിരുത്തേണ്ടത് കോടതിയാണെന്നിരിക്കെ കെ.എം. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കാനായി അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ അധികാരം കവര്‍ന്നെടുത്ത് സ്വയം വിധികര്‍ത്താവായി കേസ് എഴുതിത്തള്ളിയെന്നും കോടതി നരീക്ഷിച്ചു.
കെ.എം. മാണി കുറ്റക്കാരനാണോ എന്ന് തെളിയിക്കേണ്ടത് കോടതി തന്നെയാണ്. രാജ്യത്തെ നിയമസംവിധാനത്തെയാകെ അട്ടിമറിച്ച്, ഭരണത്തിന്റെയും സ്വാധീനത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ രക്ഷപ്പെടാമെന്നാരെങ്കിലും മോഹിച്ചാല്‍ അത് വെറും വ്യാമോഹമായിരിക്കുമെന്ന മുന്നറിയിപ്പാണ് ഈ വിധിയിലൂടെ കോടതി നല്‍കുന്നത്. മാണി കൈക്കൂലി വാങ്ങിയെങ്കില്‍ നിയമപരമായ നടപടികള്‍ക്ക് വിധേയമാകണം. അതിനാവശ്യമായ തെളിവുകള്‍ കണ്ടെത്തിയവര്‍ക്ക് ഭയലേശമില്ലാതെ അത് കോടതിയിലെത്തിക്കാനുള്ള സാഹചര്യവുമുണ്ടാകണം. ഒരു കള്ളനും അധികനാള്‍ എല്ലാവരെയും പറ്റിച്ച് സൈ്വര്യവിഹാരം നടത്താനാകില്ല. ഉപ്പുതിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: