ചാരം മൂടിയ ചാരക്കഥയുടെ ബലിയാടായ പ്രഗല്ഭനായ ശാസ്ത്രജ്ഞന് നമ്പിനാരായണനു മുമ്പില്‍ ദൈവത്തിന്റെ ഒരു കൈ കരുണയോടെ കാത്തിരുന്നു എന്ന് ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായി. ഭാരതത്തിന്റെ അന്തസ്സിനും ആത്മാഭിമാനത്തിനും സൂര്യതേജസ്സാവുമായിരുന്ന ക്രയോജനിക് സാങ്കേതികവിദ്യ കഴിയുന്നിടത്തോളം വൈകിപ്പിക്കാന്‍ ചില ക്ഷുദ്രശക്തികള്ക്കായി എന്നതാണ് ചാരക്കഥയുടെ ബാക്കി പത്രം. ഇപ്പോഴും സ്വന്തം മന:സ്സാക്ഷിയില്‍ മുറുകെപ്പിടിച്ചു കഴിയുന്ന ആ ശാസ്ത്രജ്ഞനെ ജീവിതത്തിന്റെ സുന്ദരനിമിഷങ്ങള്‍ അലയടിക്കുന്ന 52-ാം വയസ്സിലാണ് തല്‍പ്പരകക്ഷികള്‍ ഇരുട്ടിന്റെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ടത്.
പൊലീസുകാര്‍ ചമയ്ക്കുന്ന കഥകളെ വെള്ളം തൊടാതെ വിഴുങ്ങിയ ചില മാധ്യമങ്ങളും, അന്യരാജ്യത്തിനും അവരുടെ ഒത്താശക്കാര്‍ക്കും എന്തും ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെടുന്ന മ്ലേച്ഛ ചിന്താഗതിക്കാരും കൂടിയാണ് നമ്പിനാരായണനെ നിശ്ശബ്ദനാക്കിയത്. ഇന്നിപ്പോള്‍ പരമോന്നത ന്യായാലയം അദ്ദേഹത്തെ കുറ്റവിമുക്തനാക്കുമ്പോള്‍ മൂന്ന് പോലീസ് ഓഫീസര്‍മാര്‍ക്കു നേരെ വിരല്‍ചൂണ്ടുന്നുണ്ട്. എന്നാല്‍ ഇവരെക്കാള്‍ ഭ്രാന്തമായി നമ്പിനാരായണനെ വേട്ടയാടിയ ഒരു ഉദ്യോഗസ്ഥനുണ്ട്. വിഷലിപ്തമായ നീക്കങ്ങളും നിലപാടുകളുമായി പൊതുസമൂഹത്തിനു മുമ്പില്‍ നില്ക്കുന്നയാള്. അന്ന് ഐബി ഓഫീസറായിരുന്ന മലയാളി ഉദ്യോഗസ്ഥന്റെ നിക്ഷിപ്ത താല്പര്യങ്ങളാണ് കേരളാ പൊലീസിന്റെ വിചിത്ര ഭാവനയില്‍ വിരിഞ്ഞ ചാരക്കേസ്.
ഭാരതത്തിന്റെ വളര്‍ച്ചയില്‍ പരിഭ്രമിച്ചിരുന്ന അമേരിക്കയ്ക്ക് ക്രയോജനിക് സാങ്കേതിക വിദ്യയില്‍ ഭാരതം കുതിക്കുന്നത് കാണുന്നത് ദു:സ്സഹമായിരുന്നു. അവര്‍ ചെയ്യാവുന്നതൊക്കെ ചെയ്തു. ആര്.ബി ശ്രീകുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ മനസ്സില്‍ അവര്‍ നട്ടുവളര്‍ത്തിയെടുത്ത ചാരക്കഥ അങ്ങനെ ഭാരതത്തിന്റെ ക്രയോജനിക് വസന്തത്തിന് ഇരുട്ടടിയായി. ശ്രീകുമാര്‍ വഴി കേരള പൊലീസിലെ താപ്പാനകളിലേക്കും ആ വൈറസ് പടര്‍ന്നു. ഫലം ലോകം ആദരിക്കേണ്ട ഒരു ശാസ്ത്രജ്ഞന് അകാലത്തില്‍ ഇരുട്ടറയിലായി.
നമ്പിനാരായണന്റെ വിഷമഘട്ടത്തില്‍ അദ്ദേഹത്തിന് സാന്ത്വനത്തിന്റെ കരം നീട്ടിയയാള് ഇന്ന് പ്രധാനമന്ത്രിപദത്തിലിരിക്കുമ്പോള്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് അദ്ദേഹത്തിന് ആശ്വാസത്തിന്റെ പരിലാളനകള്‍ കിട്ടുന്നു എന്നത് യാദൃച്ഛികമാവാം. നമ്പിനാരായണന്റെ മനസ്സിലേക്ക് കുളിര്ക്കാറ്റുവീശിയ നരേന്ദ്രമോദിക്കെതിരെ നട്ടാല്‍ പൊടിക്കാത്ത നുണ ബോംബുകള്‍ നാലുപാടും വിതറിയ ശ്രീകുമാര്‍ ഇന്നും മോദി വിരുദ്ധര്‍ക്ക് മിശിഹയാണ് എന്ന വസ്തുത കാണാതിരുന്നുകൂടാ. കേരളത്തിലെ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ തുടരന്വേഷണത്തിനും നടപടിക്കും സാധ്യത ആരായുന്ന സമിതി നിര്‍ബ്ബന്ധമായും ആര്.ബി. ശ്രീകുമാര്‍ എന്ന റിട്ട.പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷിക്കണം.
ഭാരതത്തിന്റെ ഉയര്‍ച്ചയില്‍ അസ്വസ്ഥരാവുന്നവരുടെ കൂട്ടാളിയായി കഴിയാന്‍ എങ്ങനെ ആ ഉദ്യോഗസ്ഥന് കഴിഞ്ഞുവെന്നും എന്തൊക്കെയാണ് അതുവഴി അയാള്‍ സ്വരുക്കൂട്ടിയതെന്നും അന്വേഷിക്കണം. ഒരു നിരപരാധിയുടെ കണ്ണീര് വീണ മണ്ണിന് ഇനി ഫലഭൂയിഷ്ഠമായ ഒരവസ്ഥയുണ്ടാവണമെങ്കില് നിക്ഷിപ്ത താല്പര്യങ്ങളും ചതിയും കൈമുതലാക്കിയ നെറികെട്ട പൊലീസ് ഉദ്യോഗസ്ഥന്മാര്ക്ക് തക്ക ശിക്ഷ കിട്ടണം. അതിന് സാധ്യമായ എല്ലാവഴികളും സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഡി.കെ.ജയിന് അധ്യക്ഷനായ മൂന്നാംഗ സമിതി തേടണം. എങ്കില്‍ മാത്രമേ കാല്‍നൂറ്റാണ്ട് കണ്ണീര് വീണ് കുതിര്‍ന്ന നമ്പിനാരായണന്റെ ജീവിതത്തിലേക്ക് കുളിര്‍ക്കാറ്റ് കടന്നുവരൂ; നിരപരാധികളുടെ ചോരയ്ക്ക് ദാഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേര്‍വഴിക്കു വരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: