”ഇത്രയധികം അണക്കെട്ടുകള്‍ ഒരുമിച്ചു തുറന്നത് ഇതാദ്യമാണ്. എന്റെ അഞ്ചുവര്‍ഷത്തെ ഔദ്യോഗിക കാലാവധിക്കിടെ ഇത് അസാധാരണവുമാണ്. എല്ലാ വര്‍ഷവും ഡാമുകള്‍ തുറക്കാറില്ല. ഒരു ദിവസം 100 മില്ലി മീറ്റര്‍ മഴ ലഭിക്കുകയെന്നത് അസ്വാഭാവികമാണ്. ഒരു പേമാരി തന്നെയായിരുന്നു.”
കേരള ഡാം സുരക്ഷാ അതോറിറ്റി ചെയര്മാന് വി.എന്‍. രാമചന്ദ്രന് നായര്‍ പങ്കുവച്ച ഈ ആശങ്ക പ്രളയം വന്നുപോയിട്ടും തീരുന്നില്ല. പ്രളയമുണ്ടായതിന് പ്രകൃതിയെ കുറ്റപ്പെടുത്തിയവര്‍ ജൂലൈ 31 മുതല്‍ സംസ്ഥാന വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. അപ്പോള്‍ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും സംഭരണശേഷിയോടടുത്ത് ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തില്‍ ചെറിയ അണക്കെട്ടുകള്‍ തുറന്നുവിട്ടിരുന്നെങ്കില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അങ്ങനെയൊരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
യഥാസമയം അണക്കെട്ടുകള്‍ തുറന്നുവിടാതിരുന്നവര് പിന്നീട് അതിലും ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ട് പ്രളയത്തെ ക്ഷണിച്ചുവരുത്തി. അണക്കെട്ടുകള്‍ തുറന്നുവിടുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളും പാലിച്ചില്ല. ബ്ലൂ അലര്‍ട്ടില്‍ നദീതീരങ്ങളിലുള്ളവര്‍ കരുതലെടുക്കണം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ നദീതീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. ഇതിനുശേഷമേ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ട്രയല്‍ റണ്‍ നടത്താവൂ. എന്നാല്‍ രാവിലെ ബ്ലൂ അലര്‍ട്ടും, ഉച്ചയ്ക്ക് ഓറഞ്ച് അലര്‍ട്ടും, രാത്രിയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച് അണക്കെട്ടുകള്‍ തുറന്നുവിടുകയായിരുന്നു. ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകള്‍ തുറന്നപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ഭരണപക്ഷത്തുനിന്ന് എംഎല്‍എമാരായ വീണാ ജോര്‍ജും സജി ചെറിയാനും രാജു എബ്രഹാമും കുറ്റപ്പെടുത്തുകയുണ്ടായി.
ഇക്കാര്യത്തില്‍ ഗുരുതരമായ കൃത്യവിലോപമാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഭാഗത്തുനിന്നുണ്ടായത്. ഇതായിരുന്നു കളക്ടറുടെ ഉത്തരവ്: ”മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടുത്ത ഒരു മണിക്കൂറിനുള്ളില്‍ 142 അടിയായി ഉയരുന്നതാണെന്ന് കാണുന്ന സാഹചര്യത്തില്‍ ഡാമിന്റെ സ്പില്‍വെ തുറന്ന് ഉയര്‍ന്നതോതില്‍ വെള്ളം തുറന്നുവിടുന്നതാണ്. ഈ സാഹചര്യത്തില്‍ പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുന്നു.” 100 മീറ്റര്‍ എന്നു കളക്ടര്‍ പറഞ്ഞിടത്ത് മൂന്നും നാലും കിലോമീറ്റര്‍ ഉള്ളിലേക്കാണ് വെള്ളം കയറിയത്.
വൈദ്യുതി മന്ത്രി എം.എം. മണി സഹജമായ രീതിയില്‍ മണ്ടത്തരം ആവര്‍ത്തിച്ചു. പാതിര പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്; അതും ഫേസ്ബുക്കില്‍. അത് ഇങ്ങനെ വായിക്കാം: ”മുല്ലപ്പെരിയാര്‍ ഡാം ഇന്ന് രാത്രി 1.30 മണിക്ക് തുറക്കും. പെരിയാര്‍ തീരത്തുള്ളവരെ ഫോണിലൂടെ വിവരം അറിയിക്കാന്‍ സാധിക്കുന്നവര്‍ സഹായിക്കണം. സര്‍ക്കാര്‍ അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങുക. സഹായം ആവശ്യമുള്ളവര്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടുക. പരിഭ്രാന്തരാകരുത്. അതീവ ജാഗ്രത പാലിക്കുക” ഇതായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ആരോ ബോംബ് വച്ചിരിക്കുന്നു, ആരും പരിഭ്രാന്തരാവരുത്’ എന്ന് സിനിമ കണ്ടുകൊണ്ടിരിക്കെ തിയറ്ററിലിരുന്ന് ഒരാള്‍ വിളിച്ചുപറയുന്നതിന് തുല്യമാണിത്.
ഹര്‍ജിയില്‍ നിന്ന്
കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിക്കുകയും, അണക്കെട്ടുകളില്‍നിന്ന് ഒഴുകിയ പ്രളയജലം ശാസ്ത്രീയമായ രീതിയില്‍ സമന്വയിപ്പിച്ചും നിയന്ത്രിച്ചും പ്രളയം ഒഴിവാക്കുന്നതില്‍ ഒന്ന് മുതല്‍ ആറുവരെയുള്ള എതിര്‍കക്ഷികള്‍ പരാജയപ്പെട്ടു. ഇത് അനീതിയും നിയമവിരുദ്ധവുമാണ്.
രണ്ടായിരത്തി പതിനെട്ടു മെയ് മാസം മധ്യം മുതല്‍, കേരളത്തില്‍ ശക്തിയായി മഴ പെയ്തു. ആഗസ്റ്റ് ആദ്യവാരത്തോടെ, സംസ്ഥാനത്തെ ജലസ്രോതസ്സുകളും അണക്കെട്ടുകളും പൂര്‍ണമായി നിറഞ്ഞു. ആ ദിവസങ്ങളില്‍തന്നെ, ഇപ്പോള്‍ പ്രളയം നേരിടുന്ന ജില്ലകളില്‍ ശക്തിയായ മഴ പെയ്യുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ആഗസ്റ്റ് ഒന്‍പതാം തീയതിയോടെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും തൊണ്ണൂറ്റി ഒന്‍പതു ശതമാനമോ, അതില്‍ കൂടുതലോ നിറഞ്ഞുകഴിഞ്ഞിരുന്നു എന്നാണ് ലഭ്യമായ റിക്കാര്‍ഡുകള്‍ പറയുന്നത്. അതിനു ശേഷവും, സംസ്ഥാനത്ത് ഒരു ആഴ്ചയോളം ശക്തിയായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ, കൃത്യമായും സൂക്ഷ്മതയോടും സുരക്ഷാ നടപടികള്‍ സ്വീകരിക്കുക എന്നത് ഔദ്യോഗിക പദവികളില്‍ ഇരിക്കുന്നവരുടെ കടമയായിരുന്നു. അവരില്‍ അതിനുള്ള അധികാരം നിക്ഷിപ്തമായിരുന്നു. ആഗസ്റ്റ് പത്ത് മുതല്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായി ജലം തുറന്നുവിടുന്നതില്‍ പരാജയപ്പെട്ട കാരണമാണ് ഈ പ്രളയം ഉണ്ടായത്. അതുകൊണ്ടുതന്നെ, ഇതൊരു മനുഷ്യ നിര്‍മ്മിത ദുരന്തമാണ്. അല്ലാതെ, ദൈവത്തിന്റെ പ്രവൃത്തി അല്ല.
കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചു, സംസ്ഥാനത്തെ അണക്കെട്ടുകളില്‍ നൂറു ശതമാനം ജലശേഖരം ഉറപ്പുവരുത്തുവാന്‍ ആണ് തങ്ങള്‍ അണക്കെട്ടുകള്‍ തുറക്കാതിരുന്നതെന്നും, ആഗസ്ത് പതിനഞ്ചു അര്‍ധരാത്രിയോടെ സ്ഥിതിഗതികള്‍ കൈവിട്ടുപോയി എന്നും അങ്ങനെ എല്ലാ അണക്കെട്ടുകളും ഒരേസമയത്ത് തുറക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാര് മാധ്യമങ്ങളോട് തുറന്നുസമ്മതിച്ചത് ഇതിന്റെ തെളിവാണ്.
ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി ഓഫ് കേരള എന്ന സ്ഥാപനത്തിന്റെ സമഗ്രപരാജയമാണ് ഈ ദുരന്തത്തിന് കാരണം. അണക്കെട്ടു സുരക്ഷാ വിദഗ്ധരില്‍നിന്നും വിദഗ്ധാഭിപായം നേടുന്നതിലും, അതുപ്രകാരം അണക്കെട്ടുകളില്‍ നിന്ന് ജലം തുറന്നുവിടുന്നതിന് അനുയോജ്യമായ തീരുമാനം എടുക്കുന്നതിലും ഈ സ്ഥാപനം പരാജയപ്പെട്ടു.
ഡിസാസ്റ്റര്‍ മാനേജ്മന്റ് ആക്ട് (2005) കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കോണ്‍സെര്‍വേഷന്‍ ആക്ട് (2003 &2006) എന്നിവ ഈ സാഹചര്യങ്ങള്‍ നേരിടുന്നതിന് തീരെ അപര്യാപ്തമാണെന്നും, നിലവിലുള്ള സുരക്ഷാ സംവിധാനം പൂര്‍ണ പരാജയമാണെന്നും ഈ ആനുകാലിക സംഭവങ്ങള്‍ തെളിയിക്കുന്നു.
ഈ സാഹചര്യത്തില്‍ ജലവൈദ്യുത പദ്ധതികളുടെയും അണക്കെട്ടുകളുടെയും സുരക്ഷാ സംവിധാനത്തെയും ഇവയുമായി ബന്ധപ്പെട്ട നിയന്ത്രണ ഉദ്യോഗസ്ഥരെയും കുറിച്ച് ഒരു പുനര്‍വിചിന്തനം ആവശ്യമാണ്. കേന്ദ്ര ജല കമ്മീഷന് എന്ന കേന്ദ്ര സര്‍ക്കാര്‍ സംഘടനയ്ക്ക് ഈ മേഖലയില്‍ വൈദഗ്ദ്ധ്യവും പ്രാവീണ്യവും ഉണ്ട്. കേരളം അനുഭവിക്കാന്‍ ഇടവന്ന ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുന്നതിന് കേന്ദ്ര ജല കമ്മീഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ജല കമ്മീഷന്റെ വിദഗ്ധാഭിപ്രായം തേടണം. കേരളം നേരിട്ട ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനെ ചുമതലപ്പെടുത്തണം. ഈ ദുരന്തത്തിന് കാരണം എന്തായിരുന്നു, ഭാവിയില്‍ ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവാതിരിയ്ക്കുന്നതിന് എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളാണ് നമുക്ക് വേണ്ടത്, ആരെല്ലാമാണ് ഈ ദുരന്തത്തിന് ഉത്തരവാദികള്‍ എന്നൊക്കെ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ജല കമ്മീഷനെ ചുമതലപ്പെടുത്തണം.
സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് പോലുള്ള വിദഗ്ധ സംഘടനകളില്‍നിന്ന് ഉപദേശവും മാര്‍ഗ്ഗരേഖകളും സ്വീകരിക്കാതിരിക്കുന്നത് ഭരണഘടന പ്രകാരം നമുക്ക് ഉറപ്പു ലഭിച്ചിട്ടുള്ള ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള ഭീഷണിതന്നെയാണ്. ഇങ്ങനെയുള്ള വിദഗ്ധ സ്ഥാപനങ്ങളില്‍നിന്ന് ഉപദേശവും മാര്‍ഗ്ഗരേഖകളും തേടേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ചുമതല തന്നെയാണ്. കേന്ദ്ര ജല കമ്മീഷനെയോ അല്ലെങ്കില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെയോ നിയോഗിച്ച് ഈ ദുരന്തത്തിന് പിന്നിലുള്ള കാരണങ്ങള്‍ പഠിക്കാന്‍ വൈകിക്കുന്നത് വലിയ തെറ്റ് തന്നെയാണ്.
ഡിസാസ്റ്റര്‍ മാനേജ്മന്റ് ആക്ട് (2005& 2007) കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കോണ്സെര്വഷന് ആക്ട് (203&206) എന്നീ വകുപ്പുകളുടെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ ലംഘനമാണ് ഒന്ന് മുതല്‍ ആറുവരെയുള്ള എതിര്‍കക്ഷികള്‍ നടത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ദുരന്ത നിവാരണ സമിതിയില്‍ ഒരു വിദഗ്ദ്ധന് പോലും ഇല്ല എന്നതാണ് വസ്തുത. നിയമപ്രകാരമുള്ള അധികാരികള്‍ ദുരന്ത നിവാരണ സമിതിയിലേക്ക് വിദഗദ്ധരെ നാമനിര്‍ദേശം ചെയ്യുന്നതിലും നിയമിക്കുന്നതിലും പരാജയപ്പെട്ടു. വിഷയത്തില്‍ പ്രാവീണ്യമുള്ള വിദഗ്ദ്ധരില്‍ നിന്ന് ഉപദേശമോ അഭിപ്രായമോ നേടുന്നതില്‍ സമിതി പരാജയപ്പെട്ടു.
വിദഗ്ദ്ധരില്‍നിന്നും ഉപദേശം തേടുന്നതിലും, അത് പ്രാവര്‍ത്തികമാക്കുന്നതിലും ഒന്ന് മുതല്‍ ആറുവരെയുള്ള എതിര്‍കക്ഷികള്‍ വരുത്തിയ വീഴ്ചകളാണ് ഈ ദുരന്തത്തിന്റെ കാരണം. ഓഗസ്റ്റ് പത്ത് മുതല്‍, അണക്കെട്ടിലേക്കു ഒഴുകുന്ന ജലത്തിന് ആനുപാതികമായി സംഭരണികളില്‍നിന്ന് ജലം പുറത്തേക്കു വിടുന്നതില്‍ വന്ന അപാകതകള്‍, ഡാം സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണിച്ച കൃത്യവിലോപം എന്നിവയാണ് പ്രളയത്തിന് വഴിവെച്ചത്.
ഇരുനൂറിലധികം വിലപ്പെട്ട മനുഷ്യ ജീവനുകള്‍ നഷ്ടമായി. കോടിക്കണക്കിനു രൂപയുടെ വസ്തുവകകള്‍ നഷ്ടപ്പെട്ടു. ഓഗസ്റ്റ് പതിനഞ്ച് അര്‍ധരാത്രി ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചതും, തെളിവായി സമര്‍പ്പിച്ചിരിക്കുന്നതുമായ രേഖതന്നെ, ഒരേസമയത്തു അണക്കെട്ടുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അറിവ് ഇല്ലായിരുന്നു എന്നതിന്റെ തെളിവാണ്. സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടേണ്ട രീതിയിലായിരുന്നു അണക്കെട്ടു സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെയും മറ്റു ഉദ്യോഗസ്ഥന്മാരുടെയും പെരുമാറ്റം.
നിയമപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധക്കുറവും, ചുമതലാബോധമില്ലായ്മയും, കാരണം സംസ്ഥാനത്തെ സാധാരണജനങ്ങള്‍ക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് നേരിട്ടത്. അവര്‍ക്കു നഷ്ടപരിഹാരം നല്‍കണം. തന്നെയുമല്ല, ഈ അധികാരിവര്ഗങ്ങള്ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.
പരാതികളും ആക്ഷേപങ്ങളും ഇല്ലാതെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ഒരു ട്രിബ്യൂണല്‍തന്നെ രൂപീകരിക്കണം. അതല്ലെങ്കില്‍, ജില്ലാ നിയമ സഹായ അതോറിറ്റിയെ പ്രസ്തുത ചുമതല ഏല്‍പ്പിക്കണം. സുതാര്യമായ നടപടിക്രമത്തിലൂടെയല്ലാത്ത നഷ്ടപരിഹാര വിതരണം കൂടുതല്‍ ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴിതെളിക്കും.
ടിജിയെ അറിയുക
മാധ്യമ കേരളത്തില്‍ മുഴങ്ങുന്ന നേരിന്റെ ശബ്ദമാണ് ടി.ജി. മോഹന്‍ദാസ്. ചേര്‍ത്തലയില്‍ ജനനം. ഇപ്പോള്‍ കൊച്ചി സ്വദേശി. 1977-ല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍നിന്ന് ഇലക്ട്രോണിക്സില് ബിരുദം. മഹാരാഷ്ട്രയടക്കം വിവിധ സംസ്ഥാനങ്ങളില്‍ ജോലി നോക്കി. കെല്‍ട്രോണില്‍ പല നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പത്ത് വര്‍ഷത്തോളം എറണാകുളത്തെ അയോധ്യാ പ്രിന്റേഴ്സ് ജനറല്‍ മാനേജര്‍. ഇപ്പോള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.
ആറ് പതിറ്റാണ്ടായി ആര്‍എസ്എസ് പ്രവര്ത്തകന്. ഭാരതീയ വിചാര കേന്ദ്രത്തില്‍ യൂണിറ്റ് സെക്രട്ടറി മുതല്‍ വൈസ് പ്രസിഡന്റുവരെ വിവിധ ചുമതലകള്‍ വഹിച്ചു. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള തിക്കുറുശ്ശി ഫൗണ്ടേഷന് പുരസ്കാരം, ബി.കെ. ശേഖര്‍ പുരസ്കാരം, ജന്മഭൂമി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മാതൃഭൂമി, മംഗളം, ജന്മഭൂമി, കേസരി തുടങ്ങിയ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും സൈദ്ധാന്തികനുമായ പി. പരമേശ്വരനെ വധിക്കാന്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് വാങ്ങുകയും, ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഭരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുകയും ചെയ്യുന്ന ആക്ടിവിസ്റ്റ്.
‘ജനം’ ടിവിയില്‍ അവതരിപ്പിക്കുന്ന സാക്ഷിപത്രം, പൊളിച്ചെഴുത്ത് എന്നീ പരിപാടികളിലൂടെ മാധ്യമ വിമര്‍ശനത്തിന് പുതിയൊരു തലം സൃഷ്ടിച്ച അവതാരകന്. വിവിധ വിഷയങ്ങളില്‍ ഇടതും വലതുമല്ലാതെ തെളിഞ്ഞ കാഴ്ചപ്പാടുകളും കര്‍ക്കശമായ നിലപാടുകളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകന്. ഡോ. സുബ്രഹ്മണ്യന് സ്വാമി എംപി, സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എസ്. ഗുരുമൂര്‍ത്തി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് തുടങ്ങിയവരുമായി ബൗദ്ധിക സൗഹൃദം സൂക്ഷിക്കുന്ന ചിന്തകന്‍.
ഡാമുകള്‍ തുറന്നതില്‍ വീഴ്ച മാധവ് ഗാഡ്ഗില്‍
പ്രളയസമയത്ത് അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതില്‍ വീഴ്ചയുണ്ടോയെന്ന കാര്യം വിശദമായി അന്വേഷിക്കണം. ഡാം മാനേജ്മെന്റില്‍ പാളിച്ചകളുണ്ടായോ എന്നും പഠിക്കണം. മണ്‍സൂണ്‍ പകുതിയായപ്പോഴേക്കും ഡാമുകള്‍ നിറച്ചത് യുക്തിരഹിതമാണ്. ഡാം മാനേജ്മെന്റില്‍ പാളിച്ചകളുണ്ടോയെന്ന കാര്യവും വിശദമായി പഠിക്കണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്നുള്ള പ്രവചനങ്ങള്‍ കൂടുതല്‍ സുതാര്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്ന രീതി നടപ്പാക്കുക എന്നതിനുപരിയായി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള നയങ്ങളാണ് നടപ്പാക്കേണ്ടത്. ഒരു നാടിന്റെ സ്വത്വത്തെക്കുറിച്ചറിയാവുന്ന നാട്ടുകാരെക്കൂടി ഉള്‍പ്പെടുത്തിയാകണം ആ പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം നടന്ന മനുഷ്യ നിര്‍മാണങ്ങള്‍ വരുത്തിവച്ച നാശനഷ്ടങ്ങളുടെ കണക്കുകള്‍ താരതമ്യ പഠനത്തിന് വിധേയമാക്കണം.
അണക്കെട്ട് നിയന്ത്രണത്തില്‍ പരാജയം അല്‍ഫോന്‍സ് കണ്ണന്താനം
ഡാമുകളിലെല്ലാം വെള്ളം നിറച്ച് പണമുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്ര വലിയ ദുരന്തത്തിന് വഴിവച്ചത്. ഇടുക്കി ഒഴികെയുള്ള പത്തുനാല്‍പ്പതു ഡാമുകളെപ്പറ്റി സംസ്ഥാന സര്‍ക്കാരിന് യാതൊരു ധാരണയുമില്ലായിരുന്നു. അണക്കെട്ട് നിയന്ത്രണ സംവിധാനത്തില്‍ വലിയ പരാജയം സംഭവിച്ചു. ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ മിക്ക സ്ഥലങ്ങളിലും സാധിച്ചില്ല. ഡാം മുഴുവനും തുറന്നുവിട്ടാലുണ്ടാകാവുന്ന അപകടം സര്‍ക്കാരിന് തിരിച്ചറിയാനുമായില്ല. ഡാം തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ തീരുമാനമെടുക്കുന്നത് അവസാനിപ്പിക്കണം. അണക്കെട്ട് നിയന്ത്രണ കമ്മറ്റികളാണ് തീരുമാനമെടുക്കേണ്ടത്, മന്ത്രിയല്ല. അര്‍ദ്ധരാത്രിയില്‍ ആരാണ് ഫേസ്ബുക്ക് നോക്കിയിരിക്കുന്നത്. ഡാം തുറക്കുമെന്ന് രാത്രി ഒന്നരയ്ക്ക് ഫേസ്ബുക്കില്‍ അറിയിപ്പ് നല്കിയാല് ആരും കാണില്ലെന്ന് ഓര്‍ക്കണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായി ഏകോപനം നിര്‍വഹിച്ചുവേണം ഡാമുകളിലെ വെള്ളത്തിന്റെ അളവ് നിശ്ചയിക്കാന്‍. പെരിങ്ങല്‍ക്കുത്ത് ഡാം കവിഞ്ഞൊഴുകിയ അപകടകരമായ സാഹചര്യം വരെ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: