മദ്ദളം മംഗളവാദ്യമായാണ് അറിയപ്പെടുന്നത്. അതിനുപിന്നില്‍ ഒരൈതിഹ്യമുണ്ട്. ശിവതാണ്ഡവത്തിന്റെ രൗദ്രതയില്‍ ലോകം നശിക്കുമെന്നായപ്പോള്‍ ബ്രഹ്മാവും മഹാവിഷ്ണുവും ഇടപെട്ടു. ശിവന്റെ ഭൂതഗണങ്ങളിലെ പ്രധാനിയായ നന്ദികേശ്വരന് ഒരു തുകല്‍വാദ്യം നിര്‍മിച്ച് നല്കി, അത് വായിക്കാനാവശ്യപ്പെട്ടു. അതില്‍ നിന്ന് ഗമിച്ച മംഗളനാദം ശിവകോപത്തെ തണുപ്പിച്ചെന്നും അതില്‍ ലയിച്ചുപോയ ശിവന്റെ നൃത്തഗതിയെ സാധാരണനിലയിലെത്തിച്ചുവെന്നുമാണ് ശിവപുരാണം പറയുന്നത്.
അന്ന് നല്കിയ വാദ്യമാണ് മദ്ദളം. മദ്ദളം മംഗളവാദ്യമായാണ് അറിയപ്പെടുന്നത്. കേളി, പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ കലാരൂപങ്ങളില്‍ മദ്ദളത്തിന് പ്രധാന സ്ഥാനമുണ്ട്. കഥകളിമദ്ദളരംഗത്തും പഞ്ചവാദ്യമദ്ദളരംഗത്തും തന്‍േറതായ വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ പ്രധാനിയാണ് കലാമണ്ഡലം ഹരിഹരന്.
കഥകളിമദ്ദളത്തിനും പഞ്ചവാദ്യമദ്ദളത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുകയും രണ്ടിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന യുവകലാകാരന്മാരില് പ്രധാനിയാണ് ഹരിഹരന്.
പദാഭിനയത്തിന് സഹായകരമാകുന്ന സംഗീതബോധം നിറഞ്ഞ വാദനരീതിയും കലാശങ്ങള്‍ക്കും, പടപ്പുറപ്പാട്, യുദ്ധവട്ടം പോലുളള സന്ദര്‍ഭങ്ങളില്‍ മേളമൊരുക്കുന്നതിലെ മികവും, ആട്ടങ്ങള്‍ക്ക് കൊട്ടുമ്പോള്‍ പുലര്‍ത്തുന്ന താളനിയന്ത്രണ സൂക്ഷ്മതയും ഹരിഹരന്റെ കൊട്ടിലെ സവിശേഷതയാണ്. സഹവാദ്യക്കാരുടെ ശൈലീഭേദം തിരിച്ചറിഞ്ഞ് അരങ്ങ്മേളത്തെ വിപുലീകരിക്കാനും, വേഷക്കാരുടെ ചലനങ്ങളുടെ ദൈര്‍ഘ്യം മുന്‍കൂട്ടിക്കണ്ട് മേളം ഒരുക്കുന്നതിനും ഹരിഹരന് പ്രാപ്തനാണ്.
പഞ്ചവാദ്യമദ്ദള രംഗത്ത് പഴയ തലമുറക്കാരോടൊപ്പവും, പുതുതലമുറക്കാരോ ടൊപ്പവും ഒരുപോലെ പ്രവര്‍ത്തിക്കുവാന്‍ ഹരിഹരനായിട്ടുണ്ട്; ഏതു തിമിലക്കാരോടുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ഹരിഹരന് കഴിയും. പഞ്ചവാദ്യത്തിന് മദ്ദളതാളവട്ടത്തിലും കൂട്ടിക്കൊട്ടലുകളിലും ഹരിഹരമിടുക്ക് വേറിട്ട അനുഭവമാണ്. ശബ്ദമുളള മദ്ദളത്തില്‍ തന്റെ സാധകബലമുപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പഞ്ചവാദ്യമദ്ദള നിരയ്ക്ക് മിഴിവേറുന്നു.
പഞ്ചവാദ്യമദ്ദളത്തിന് കഥകളിമദ്ദളത്തെ അപേക്ഷിച്ച് കൂടുതല്‍ സ്വാതന്ത്ര്യമുളളതിനാല് പഞ്ചവാദ്യരംഗത്തെ വരുകാലം ഹരിഹരന്റെ കൂടി മികവിലാവും ആസ്വാദ്യമാവുക.
ചെര്‍പ്പുളശ്ശേരിയിലെ മദ്ദളപാരമ്പര്യമുളള കുടുംബത്തിലാണ് ഹരിഹരന് ജനിച്ചത്. ചെര്‍പ്പുളശ്ശേരിയിലെ പ്രശസ്ത ജ്യോതിഷിയും മദ്ദളവാദകനും അയ്യപ്പഭക്തനുമായിരുന്നു വാല്‍പറമ്പില്‍ കുഞ്ഞന്നായര്. സ്വന്തം മക്കള്‍ മദ്ദളം പഠിക്കാത്തതിനാല്‍ അയ്യപ്പന്‍കാവിലെ അടിയന്തിരം മുടങ്ങുമോ എന്ന ഭീതിയില്‍ മകളുടെ മകനായ ശിവനെ മദ്ദളം പഠിപ്പിക്കുകയും അയ്യപ്പന്‍കാവില്‍ അടിയന്തിരക്കാരനാക്കുകയും ചെയ്തു. തുടര്‍ന്ന് ശിവന് പല ഗുരുക്കന്മാരുടെയും കീഴില്‍ മദ്ദളം അഭ്യസിച്ച് മദ്ദള ചക്രവര്‍ത്തി ചെര്‍പ്പുളശ്ശേരി ശിവനായി ആസ്വാദകമനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ചെര്‍പ്പുളശ്ശേരി ശിവന്റെയും വിജയകുമാരിയുടെയും മകനായി 1983 ലാണ് ഹരിഹരന് ജനിച്ചത്. ഏഴാം വയസ്സുമുതല്‍ അച്ഛന്റെ അടുത്ത് മദ്ദളപഠനം ആരംഭിച്ചു. ഒന്‍പതാം വയസില്‍ ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവില്‍ കേളീത്രയം എന്ന പരിപാടിയില്‍ ചെര്‍പ്പുളശ്ശേരി ശിവശങ്കരന്, കോട്ടയ്ക്കല്‍ സുഭാഷ് എന്നിവര്‍ക്കൊപ്പം കേളി അരങ്ങേറി. പത്താം ക്ളാസിനുശേഷം കേരള കലാമണ്ഡലത്തില്‍ കഥകളി മദ്ദളത്തിന് പ്ലസ്വണ്ണിന് ചേര്‍ന്നു. പ്രശസ്ത മദ്ദളകലാകാരനായിരുന്ന കലാമണ്ഡലം അപ്പുക്കുട്ടിപൊതുവാളുടെ അവസാന ശിഷ്യനാണ് ഹരിഹരന്. കലാമണ്ഡലം നാരായണന്‍നായര്‍, കലാമണ്ഡലം രാമദാസ്, കലാമണ്ഡലം കുട്ടിനാരായണന്, കലാമണ്ഡലം ഗോപിക്കുട്ടന് എന്നിവരുടെ കീഴില്‍ കഥകളി മദ്ദളപഠനം പൂര്‍ത്തിയാക്കി. കലാമണ്ഡലത്തില്‍ വെച്ച് കഥകളി പുറപ്പാട്, മേളപ്പദം എന്നിവ അരങ്ങേറി. തുടര്‍ന്ന് 2003ല്‍ മദ്ദളത്തില്‍ ബിരുദം പാസായി.
സദനം വാസുദേവന്‍, കലാമണ്ഡലം കേശവന്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കലാമണ്ഡലം ബലരാമന് തുടങ്ങിയവരുടെ ചെണ്ടയ്ക്കൊപ്പവും കലാമണ്ഡലം അപ്പുക്കുട്ടിപൊതുവാള്‍, കലാമണ്ഡലം നാരായണന്‍നായര്‍ എന്നിവരുടെ മദ്ദളത്തോടൊപ്പവും മേളപ്പദത്തിന് മദ്ദളം വായിക്കാനായത് മറക്കാനാവാത്ത അനുഭവമാണ് ഹരിഹരന്.
1998-ലെ കാലടി ആസ്വാദക പഞ്ചവാദ്യത്തിലാണ് ഒരു സമ്പൂര്‍ണ്ണ പഞ്ചവാദ്യത്തില്‍ ആദ്യമായി ഹരിഹരന് പങ്കെടുക്കുന്നത്. തുടര്‍ന്ന് 2000-ല്‍ തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിലെ പഞ്ചവാദ്യസംഘത്തില്‍ ചേര്‍ന്നു. 2017 മുതല്‍ തൃശ്ശൂര്‍ പൂരം തിരുവമ്പാടി മഠത്തില്‍ വരവ് പഞ്ചവാദ്യത്തിലെ മദ്ദളനിരയിലെ അംഗമാണ് ഹരിഹരന്. ഗുരുവായൂര്‍, നെന്മാറ, അങ്ങാടിപ്പുറം, ഉത്രാളിക്കാവ്, എറണാകുളം, തൃപ്പൂണിത്തുറ തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളമുളള ക്ഷേത്രോല്‍സവങ്ങളിലെ പഞ്ചവാദ്യങ്ങളില്‍ സജീവ സാന്നിധ്യമാണ് ഹരിഹരന്.കോട്ടയ്ക്കല്‍, വെളളിനേഴി, കാറല്‍മണ്ണ, തൃശ്ശൂര്‍ കഥകളി ക്ലബ്ബ്, ഇടപ്പളളി കഥകളി ആസ്വാദക സദസ്സ് തുടങ്ങി നിരവധി കഥകളി വേദികളിലും ഹരിഹരന് മദ്ദളരംഗത്ത് സജീവമാണ്. മൊറോക്കോ, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ്, സിംഗപ്പൂര്‍, യുഎഇ തുടങ്ങി വിദേശരാജ്യങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മേളപ്പദത്തിലെ എണ്ണങ്ങളുടെ പൂര്‍ണ്ണതയും പാരമ്പര്യത്തിന്റെ ക്ളാസിക്കല്‍ കരുത്തും അനുകരണമില്ലാത്ത നവീനതകളും ചേര്‍ന്ന് ഹരിഹരന്റെ മദ്ദളവാദനസങ്കല്പ്പത്തെ സര്‍ഗാത്മകമാക്കുന്നു. വ്യത്യസ്ത തലമുറകളിലെ വാദ്യക്കാര്‍ക്കും, കഥകളിനടന്മാര്ക്കും ആസ്വാദകര്‍ക്കും ഒരുപോലെ ഹരിഹരനെ പ്രിയങ്കരനാക്കുന്നത് അതാണ്.
2005 ലെയും 2007 ലെയും കേന്ദ്രസര്‍ക്കാരിന്റെ യങ് ആര്‍ട്ടിസ്റ്റ് സ്കോളര്‍ഷിപ്പ്, കാലടി ശിവലയപുരസ്കാരം, കടവല്ലൂര്‍ അരവിന്ദാക്ഷന് അവാര്‍ഡ്, തിരുവില്ല്വാമല വെങ്കിച്ചന്‍സ്വാമി പുരസ്കാരം, വെളളാറ്റഞ്ഞൂര്‍ ശങ്കരന് നമ്പീശന് യുവപ്രതിഭ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ഇതിനകം ഹരിഹരനെ തേടിയെത്തിയിട്ടുണ്ട്. ഹരിഹരന് ഇപ്പോള്‍ കേരള കലാമണ്ഡത്തിലെ മദ്ദളവിഭാഗത്തിലെ താല്‍ക്കാലിക അധ്യാപകനാണ്. കരുമാനംകുറുശ്ശി യുപി സ്കൂള്‍ അധ്യാപിക വന്ദനയാണ് ഭാര്യ. മകള്‍ ശിവനന്ദ.
ഇത്തവണത്തെ കേന്ദ്ര സംഗീതനാടക അക്കാദമി ഉസ്താദ് ബിസ്മില്ലാഖാന് പുരസ്കാരം നല്കി ആദരിച്ചത് ഹരിഹരനെയാണ്. ആദ്യമായാണ് മദ്ദളത്തിന് ഈ പുരസ്കാരം നല്‍കുന്നത്. പിതാവിന്റെ പാത പിന്തുടര്ന്ന് കലയോടുളള കൂറും വാദനത്തിലെ താളവും ലയവും തനിമയും നിഷ്ഠയോടെ പുലര്‍ത്തിപ്പോരുന്ന ഹരിഹരന് തികഞ്ഞ സംതൃപ്തിയോടെയും ആത്മവിശ്വാസത്തേടെയും തന്റെ സപര്യ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: