മ്യൂണിക്: റോമന്‍ കത്തോലിക്കാ പുരോഹിതര്‍ ജര്‍മനിയില്‍ 3,600ലേറെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത്. 1946 -2014 കാലയളവില്‍ നടന്ന പീഡനങ്ങളെക്കുറിച്ച് ജര്‍മനിയിലെ മൂന്ന് സര്‍വകലാശാലകളാണ് പഠനം നടത്തിയത്. ജര്‍മനിയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവിട്ടത്.
27 ജര്‍മന്‍ രൂപതകളില്‍ നിന്ന് പീഡനവുമായി ബന്ധപ്പെട്ട 38,000 തെളിവുകളാണ് പഠനവിധേയമാക്കിയത്. പീഡനത്തിന് ഇരയായതേറെയും ആണ്‍കുട്ടികളാണെന്നും പഠനം വെളിപ്പെടുത്തുന്നു.തെളിവുകളില്‍ പലതും നശിപ്പിക്കപ്പെട്ടതിനാല്‍ പീഡനത്തിന്റെ വ്യാപ്തി ഇതിലുമേറെയാണെന്നാണ് പഠനം നടത്തിയവരുടെ പറയുന്നത്.
സംഭവത്തില്‍ 1,670 പുരോഹിതര്‍ പ്രതികളാണെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ട സ്‌പ്പൈജെല്‍ ഓണ്‍ലൈന്‍ മാധ്യമം വെളിപ്പെടുത്തുന്നു. ഇവരില്‍ 38 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. അതും നിസാര കുറ്റങ്ങള്‍ ചുമത്തിയാണെന്നും മീഡിയാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ ആറില്‍ ഒന്ന് എന്ന കണക്കില്‍ മാനഭംഗക്കേസുകളാണുള്ളത്.
ദശകങ്ങളായി ലോകമെങ്ങുമുള്ള റോമന്‍ കാത്തോലിക്കാ പുരോഹിതര്‍ നടത്തി വരുന്ന പീഡന പരമ്പരകളില്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണിത്. അതേസമയം കുട്ടികളെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത ഫെബ്രുവരിയില്‍ കാത്തലിക് ബിഷപ്പുമാരെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേക്ക് വിളിച്ചു വരുത്തും.
















