കറാച്ചി: മറ്റ് രാജ്യങ്ങളുടെ യുദ്ധങ്ങളിൽ പങ്കാളിയാകാൻ പാക്കിസ്ഥാൻ തയാറാകില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റാവൽപിണ്ടിയിൽ പ്രതിരോധമന്ത്രാലയത്തിന്റെ രക്തസാക്ഷിദിന ചടങ്ങിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവിച്ചത്.
മാതൃരാജ്യത്തിന് വേണ്ടിയല്ലാതെ മറ്റൊരു രാജ്യത്തിന്റെയും യുദ്ധങ്ങളിൽ അണിനിരക്കാൻ പാക്കിസ്ഥാൻ തയാറാകില്ല. രാജ്യത്തിലെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തീവ്രവാദം ശക്തമാണെന്നും 70,000ലധികം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക മേധാവി ഖമർ ബാജ്‌വ പറഞ്ഞു. തീവ്രവാദം ശക്തമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് സാമ്പത്തിക നഷ്ടം കൂടുകയാണ്. സൈനിക മേഖലയിൽ ശക്തി വർധിപ്പിക്കുന്നതോടൊപ്പം രാജ്യത്തെ ദാരിദ്ര്യം ഇല്ലായ്‌മ ചെയ്യാനുള്ള നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാന്റെ രാഷ്‌ട്രപതി മാംനൂൻ ഹുസൈൻ, സൈനിക മേധാവി ഖമർ ബാജ്‌വ. പാർലമെൻ്റ് അംഗങ്ങൾ, നയതന്ത്രജ്ഞർ, കലാ-കായിക താരങ്ങൾ, തുടങ്ങി പ്രശസ്തരായവരും ചടങ്ങിൽ പങ്കെടുത്തു.
















