കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കിയത്, നടപടി ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിക്കൊണ്ടാണ്. ഓര്‍ഡിനന്‍സ് കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനവും സുപ്രീംകോടതി നടത്തി.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിനെതിരായ കുറ്റപത്രം പോലെയാണ് പരമോന്നത കോടതിയുടെ വിധിയിലെ ഓരോ വാക്കും. കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവെച്ച മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ ഉള്ള നാടാണ്. രൂക്ഷമായ പരാമര്‍ശം സര്‍ക്കാരിനെതിരെ ഉണ്ടായാലും അത്തരത്തില്‍ ഉയര്‍ന്ന നടപടി ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിത് മറികടക്കാന്‍ സംസ്ഥാനം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് പ്രവേശന മേല്‍നോട്ട സമിതി അറിയാതെ നടത്തിയ പ്രവേശനത്തിന് അനുകൂലമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.
സര്‍ക്കാരറിയാതെ 180 വിദ്യാര്‍ഥികളുടെ പ്രവേശനം നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ മെഡിക്കല്‍ പ്രവേശന സമിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രവേശനം ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കുകയായിരുന്നു. എന്നാല്‍ കോടതി ഉത്തരവുകള്‍ മറികടക്കാന്‍ സര്‍ക്കാര്‍ പ്രവേശനത്തിന് അനുകൂലമായി ഓര്‍ഡിനന്‍സ് പുറത്തിറക്കുകയായിരുന്നു. പിന്നീട് ഇതിനായി നിയമസഭയില്‍ ബില്‍ പാസാക്കിയെടുക്കുകയും ചെയ്തു. പക്ഷേ ഗവര്‍ണര്‍ ഒപ്പു വയ്ക്കാന്‍ വിസമ്മതിച്ചു.
ഓര്‍ഡിനന്‍സ് ഇറക്കിയതുമായി ബന്ധപ്പെട്ട് കേസ് പരിഗണനയിലെത്തിയപ്പോഴെല്ലാം സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച കോടതി, ഒരുതവണത്തേക്ക് മാത്രമെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്നും ആവര്‍ത്തിച്ചു. വിദ്യര്‍ഥികളില്‍ നിന്ന് ഈടാക്കിയ പണം തിരികെ നല്കാന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അതു നടപ്പാക്കിയിരുന്നില്ല. വാങ്ങി കൊടുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടി ഒന്നും ഉണ്ടായുമില്ല. ഇതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി തുക നല്‍കാനും ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കാനും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
സുപ്രീംകോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്നതില്‍ തര്‍ക്കമില്ല. ഒപ്പം തല്ല് പ്രതിപക്ഷത്തിനും കിട്ടി. ഇവര്‍ ഒത്തുചേര്‍ന്നാണ് ബില്‍ പാസാക്കിയത്. വിദ്യാഭ്യാസ ലോബിയുടെ സ്വാധീനം എത്രയെന്ന് വ്യക്തമാകുന്നതായി ആ നടപടി. നിയമവിരുദ്ധ നടപടികള്‍ റദ്ദാക്കിയ നടപടിയെ അട്ടിമറിക്കാന്‍ നിയമനിര്‍മ്മാണത്തിന് ഭരണ പ്രതിപക്ഷങ്ങള്‍ കൈകോര്‍ത്ത അസാധാരണ നടപടിക്കാണ് ഇതു സാക്ഷ്യം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: