കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വിവിധ ക്യാമ്പുകളിലായി 2019 ജനുവരി സെഷനിലാരംഭിക്കുന്ന MD/MS/Mch/DM/MDS മെഡിക്കല്‍/ഡന്റല്‍ പിജി പ്രോഗ്രാമുകളിലേക്ക് 2018 നവംബര്‍ 18 ഞായറാഴ്ച നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. അപേക്ഷാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ രജിസ്ട്രേഷനുള്ള സൗകര്യം ഇതാദ്യം. രജിസ്ട്രേഷന് നടപടികളും പരിഷ്കരിച്ചിട്ടുണ്ട്.
ബേസിക് രജിസ്ട്രേഷന്, ഫൈനല്‍ രജിസ്ട്രേഷന് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് അപേക്ഷ സ്വീകരിക്കുക. മെഡിക്കല്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള ഭാവി പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തി മുന്‍കൂര്‍ ബേസിക് രജിസ്ട്രേഷന് നടത്താവുന്നതാണ്. സ്വീകാര്യമായ അപേക്ഷകള്‍ ഐഡന്റിഫിക്കേഷന്‍ നമ്പരോടുകൂടി സൂക്ഷിക്കും.
ബേസിക് രജിസ്ട്രേഷന് ഫീസ് ഇല്ല. സെപ്തംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ 2019 ജനുവരി സെഷനിലേക്കുള്ള പിജി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം ഫൈനല്‍ രജിസ്ട്രേഷന് നടത്തിയാല്‍ മതി. പ്രോസ്പെക്ടസില്‍ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകും. ഫൈനല്‍ രജിസ്ട്രേഷനിലാണ് യോഗ്യത, പരീക്ഷ കേന്ദ്രം, പരീക്ഷാ ഫീസ് ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈനായി പൂരിപ്പിക്കേണ്ടത്.
ബേസിക് രജിസ്ട്രേഷന് www.aiimsexams.org ല്‍ സെപ്തംബര്‍ 20 വരെ സ്വീകരിക്കും. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളും വെബ്സൈറ്റിലുണ്ട്. രജിസ്ട്രേഷന് സ്റ്റാറ്റസ് സെപ്തംബര്‍ 26 ന് അപ്ഡേറ്റ് ചെയ്യും. അടിസ്ഥാന വിവരങ്ങളടങ്ങിയ ബേസിക് രജിസ്ട്രേഷന് ജനുവരി കഴിഞ്ഞുള്ള സെഷനുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്കു പരിഗണിക്കും.
എയിംസിന്റെ ന്യൂദല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, പാറ്റ്ന, റായ്പൂര്‍, ഋഷികേശ് ക്യാമ്പസുകളില്‍ മെഡിക്കല്‍ പിജി കോഴ്സുകളില്‍ ലഭ്യമാകുന്ന സീറ്റുകള്‍ ഉള്‍പ്പെടെ സമഗ്രവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ഒക്ടോബര്‍ 4 ന് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഫൈനല്‍ രജിസ്ട്രേഷന് ഒക്ടോബര്‍ 5 ന് അവസരം ലഭിക്കും. അപ്ഡേറ്റ് വിവരങ്ങള്‍ക്ക് www.aiimsexams.org. നിരന്തരം സന്ദര്‍ശിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: