മലയാള സിനിമയുടെ ജാതകം തിരുത്തിയെഴുതിയ യക്ഷിക്കഥകള്‍ ചരിത്രമാണ്. മനുഷ്യമനസിലെ ഭീതിയുടെ തരിപ്പുള്ള ആകാംക്ഷകളില്‍ നിന്നാണ് ഇത്തരം ചരിത്രവിജയം ഈ സിനിമകള്‍ നേടിയത്.പ്രേതസിനിമകള്‍ നമുക്ക് ഏറെ ഇല്ലെങ്കിലും അതാതുകാലത്തെ പരിമിതികളിലും നിര്‍മിതിയിലുമൊക്കെ കാണിച്ച ഔചിത്യ ദീക്ഷകൊണ്ട് ഈ ചിത്രങ്ങള്‍ മററു ചിത്രങ്ങള്‍പോലെ ഇവയും വിശ്വസിക്കാവുന്ന ഒരുതരം സ്വാഭാവികത നിലനിര്‍ത്തിയിരുന്നു.
ഭാര്‍ഗവി നിലയം, യക്ഷി, ലിസ, അടുത്തകാലത്തിറങ്ങിയ എസ്ര എന്നിങ്ങനെ തോനും ചില ചിത്രങ്ങളാണ് പ്രേതകഥകളെന്ന നാമങ്ങളില്‍ ഇറങ്ങിയതും വിജയംകൊയ്തതും. അതിനിടയില്‍ എക്കാലത്തേയും ചര്‍ച്ചാവിഷയമായ മലയാറ്റൂരിന്റെ യക്ഷിയാണ് ഈ ജനുസില്‍ പ്രേക്ഷക മനസില്‍ ജ്വലിച്ചുനില്ക്കുന്നത്.
മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആദ്യകാല നോവലുകളില്‍ ഒന്നായ യക്ഷി സിനിമയായതിന്റെ 50 ാം വര്‍ഷമാണിത്. എം ഒ ജോസഫിന്റെ മഞ്ഞിലാസ് അവതരിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥ തോപ്പില്‍ ഭാസിയും മെല്ലി ഇറാനി ക്യാമറയുമായിരുന്നു. വയലാര്‍ എഴുതിയ ഗാനങ്ങള്‍ക്ക് ദേവരാജന്‍ സംഗീതം പകര്‍ന്നു.
സത്യനും ശാരദയും പ്രധാനവേഷത്തില്‍ അഭിനയിച്ച യക്ഷിയില്‍ അടൂര്‍ ഭാസി, ബഹദൂര്‍, എന്‍.ഗോവിന്ദന്‍കുട്ടി, ശ്രീലത,ഉഷാകുമാരി, സുകുമാരി തുടങ്ങിയ വലിയൊരു താരനിരയുണ്ടായിരുന്നു. മനശാസ്ത്രപരവും നാടോടി സാങ്കല്പിക തലവും നിറഞ്ഞ നോവലില്‍നിന്നും സമഗ്രത ചോരാത്ത ഒരു സിനിമ രൂപപ്പെടുത്തിയെടുക്കാന്‍ തിരക്കഥാ രചയിതാവായ തോപ്പില്‍ ഭാസിയും സംവിധായകന് സേതുമാധവനും കാട്ടിയ യുക്തി വളരെ വലുതാണ്. പെട്ടെന്നു പാളിപ്പോകാവുന്ന ഒരു ഘടനയെയാണ് അവര്‍ സൂക്ഷ്മമായി പരിചരിച്ചത്.
യക്ഷിയെക്കുറിച്ച് ഗവേഷണം നടത്തുന്ന സുന്ദരനും സുമുഖനുമായ ശ്രീനി എന്ന കോളേജ് അധ്യാപകന്. ലബോധട്ടറിയില് പരീക്ഷണം നടത്തുന്നതിനിടയില്‍ ആസിഡ് തെറിച്ചുവീണ് ശ്രീനിയുടെ മുഖം വികൃതമാകുന്നു. അയാളെ എല്ലാവരും വെറുക്കുന്നു. ശ്രീനി പരിചയപ്പെട്ട സുന്ദരിയായ രാഗിണി വൈരൂപ്യത്തിനിടയിലും അയാളെ സ്നേഹിക്കുന്നു. ഇരുവരും വിവാഹിതരായി ആഹ്ലാദ ജീവിതം നയിക്കുകയും ചെയ്തുകൊണ്ടിരിക്കെ തന്റെ ഭാര്യയുടെ അസ്തിത്വത്തെക്കുറിച്ച് ശ്രീനിക്കുസംശയമുണ്ടാകുന്നു. രാഗിണി യക്ഷിയാണെന്നും അവള് അനശ്വരതയ്ക്കായി തന്നെ വധിക്കുന്നതായും ശ്രീനി സ്വപ്നംകാണുന്നു. തന്നോട് രാഗിണിക്കുള്ള അഗാധമായ പ്രണയത്തിന്റെ പേരില്‍ തന്റെ ജീവനെടുക്കന്നതിലും അയാള്‍ക്കിഷ്ടമായിരുന്നു. എന്നാല്‍ അവള് അയാളെ ജീവിക്കാനനുവദിച്ചുകൊണ്ട് വിട്ടുപോകുകയായിരുന്നു.
സ്വപ്നത്തില്‍ നിന്നുമുണര്‍ന്ന ശ്രീനി രാഗിണി യക്ഷിയായിരുന്നുവെന്ന് വിചാരിക്കുന്നു. എന്നാല്‍ രാഗിണിയെ കാണാത്തതിന്റെ പേരില്‍ അതിന്റെ കാരണക്കാരനെന്ന നിലയില്‍ പിടിക്കപ്പെട്ട ശ്രീനി മനശാസ്ത്രജ്ഞന്റെ മുന്നില്‍ എത്തിപ്പെടുകയും ചെയ്യുന്നു. രാഗിണി യക്ഷിയായിരുന്നുവെന്നും അവള് തന്റെ മുന്നിലാണ് അപ്രത്യക്ഷയായതെന്നും പറയുന്നു. അതാരും വിശ്വസിക്കുന്നില്ല. ശ്രീനിയുടെ മനസില്‍ അടിസ്ഥാനപരമായി യക്ഷിയെക്കുറിച്ചുള്ള സങ്കല്‍പ്പമാണെന്നും അത് രാഗിണിയെ ചിന്തയില്‍ വധിക്കാന്‍ പ്രേരിപ്പിച്ചെന്നും മനശാസ്ത്രജ്ഞന് കണ്ടെത്തുന്നു. ഞാന്‍ എന്റെ രാഗിണി സ്നേഹിച്ചു. ഞാനവളെ കൊന്നു. ഞാന്‍ ഭ്രാന്തനാണ് എന്ന് ശ്രീനി ഒടുവില്‍ വിളിച്ചു പറയുന്നു. സത്യന് ശ്രീനിയായും ശാരദ രാഗിണിയായും അഭിനയിച്ചു.
മലയാള നോവല്‍ സാഹിത്യത്തില്‍ ഇന്ന് ഏറെ വാഴ്ത്തപ്പെടുന്ന ഫാന്റസിയെ റിയലിസമായും തിരിച്ചും കാണുന്ന ദര്‍ശനത്തെ അരനൂറ്റാണ്ടിനു മുന്‍പുതന്നെ എഴുതപ്പെട്ട രചന എന്ന നിലയിലും മലയാറ്റൂരിന്റെ യക്ഷി ശ്രദ്ധേയമാണ്.വ്യക്തിയിലെ ഇരട്ടവ്യക്തിത്വത്തെക്കുറിച്ച് മറ്റൊരു തരത്തില്‍ വിസകലനം ചെയ്യുകയാണിതില്‍. മനശാസ്ത്രപരമായും നോവല്‍ ശുശ്രൂഷിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: