സമീപകാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്തു തുടങ്ങിയ ഒരു വിളയാണ് പപ്പായ. പണ്ടുകാലത്ത് വീട്ടുവളപ്പിലും തോട്ടങ്ങളില്‍ ഇടവിളയായും കൃഷിചെയ്തു വന്ന ഈ വിള ഔഷധമൂല്യമേറിയതാണ്. കര്‍മൂസ്, കപ്പളം, ഓമക്ക, കപ്പക്ക, കൊപ്പക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്നുണ്ട്.
ശരീരത്തിന്റെരാസപ്രവര്ത്തനങ്ങളെ നയിക്കുന്നതിനാവശ്യമായ ഘടകങ്ങളുടെ കലവറ കൂടിയാണ് പപ്പായ. ആല്‍ക്കലോയിഡുകളും പോളിക് ആസിഡും പപ്പായയില്‍ അടങ്ങുന്നു. സ്വാദിഷ്ഠമായ ഈ ഫലം ധാതുക്കളായ മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവയാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ്.
സമകാലീന പഠനങ്ങള്‍ തെളിയിക്കുന്നത് പപ്പായയിലെ ഫൈബര്‍ ഉദര കാന്‍സര്‍ വരുന്നതിനെ ഒരു പരിധി വരെ തടയുമെന്നും ഹൃദയാരോഗ്യത്തിനും ദഹനസംബന്ധിയായ പ്രശ്നങ്ങളെ ദൂരീകരിക്കാനും ഉത്തമം ആണെന്നുമാണ്. കൂടാതെ സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും പഴുത്ത പപ്പായയുടെ സ്വാധീനം എടുത്തുപറയേണ്ടതാണ്.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ അധികം ബാധിക്കാത്ത ഒരു വിളയാണ് പപ്പായ. അതിനാല്‍ തന്നെ എല്ലാ സമയത്തും മികച്ച വിളവ് നല്കുന്നു. ചൂടും തണുപ്പും കുറഞ്ഞ നീര്‍വാര്‍ച്ചയുളള ഫലഭൂയിഷ്ഠതയുളള മണ്ണില്‍ നന്നായി വളരുന്ന വിളയാണ് പപ്പായ. രോഗസാധ്യത കൂടുതല്‍ ഉള്ളത് നാടന്‍ ഇനങ്ങള്‍ക്കാണ്, അതുകൊണ്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് സങ്കരയിനങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. ഇന്ത്യയില്‍ തന്നെ പപ്പായകൃഷി ചെയ്യുന്നവര്‍ തായ്ലന്ഡ് ഇനമായ റെഡ് ലേഡി ഹൈബ്രീഡിനെയാണ് തിരഞ്ഞെടുക്കുന്നത്. നടീലിന് ശേഷം എട്ട് മാസത്തിനുള്ളില്‍ തന്നെ ഒരു ചെടിയില്‍ നിന്ന് 50 കിലോയോളം വിളവ് കിട്ടുന്നത് കൊണ്ട് കര്‍ഷകരുടെ ഇഷ്ട ഇനമാണ് റെഡ്ലേഡി.
ജനുവരി മുതല്‍ മാര്‍ച്ച് മാസങ്ങളിലായാണ് തൈകള്‍ മുളപ്പിക്കുന്നതിനുളള ശരിയായ സമയം.
വളര്‍ച്ചയെത്തിയ പഴത്തില്‍ നിന്ന് വിത്ത് ശേഖരിച്ച് വൃത്തിയാക്കി ഉണക്കിയെടുത്ത് പോളി ബാഗുകളില്‍ പാകിയാല്‍ മൂന്നുമാസത്തിനകം വളരുകയും കൃഷിയിടത്തേക്ക് മാറ്റി നടുകയും ചെയ്യാന്‍ സാധിക്കും.
പപ്പായ കൃഷി മറ്റുകൃഷികളില് നിന്നും വ്യത്യസ്തമായി അധികം മുതല്‍ മുടക്കില്ലാതെ ചെയ്യാന്‍ സാധിക്കുന്നതാണെന്നും മികച്ച ലാഭം ഉണ്ടാക്കാന്‍ സാധിക്കന്നതുമാണ്. മലയാളികളുടെ ഇഷ്ടവിഭവങ്ങളായ പച്ചടി, കിച്ചടി, തോരന്‍ എന്നീ കറികളുണ്ടാക്കാനും പപ്പായ സജീവമായി ഉപയോഗിച്ചുപോരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: