നെഹ്റുസ്മാരക മ്യൂസിയവും ഗ്രന്ഥശാലയും സ്ഥിതിചെയ്യുന്ന തീന്‍മൂര്‍ത്തി ഭവനവും അതിന്റെ വളപ്പും ഉള്‍പ്പെടെയുള്ള 45 ഏക്കര്‍ സ്ഥലം ഭാരതത്തിലെ എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മരണ നിലനിര്‍ത്തുന്ന പൈതൃക സ്മാരകമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രഹാസമെടുത്തു പടപ്പുറപ്പാട് നടത്തിയിരിക്കുന്നു. ആദ്യം മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിക്ക് ദീര്‍ഘമായ കത്തെഴുതി. ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്റെ മാത്രം സ്വത്തല്ല, മുഴുവന്‍ രാഷ്ട്രത്തിന്റേതുമാണെന്നും ആ നിലയില്‍ പ്രശ്നത്തെ കാണണമെന്നുമാണ് ഡോ. സിങ് പറഞ്ഞത്. കഴിഞ്ഞ മാസത്തില്‍ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ട്രസ്റ്റിന്റെ യോഗം മുന്‍ പ്രധാനമന്ത്രിമാരെയെല്ലാം ഉള്‍പ്പെടുത്തുന്ന മ്യൂസിയം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ ശരിവച്ചിരുന്നു. ജയറാം രമേശ്, മല്ലികാര്‍ജുന ഖാര്‍ഗേ മുതലായ നേതാക്കള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് നെഹ്റുവുമായി ബന്ധമില്ലാത്ത ഒരാവശ്യത്തിനും ആ വളപ്പുപയോഗിക്കരുതെന്നാവശ്യപ്പെട്ടു.
ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അവിടത്തെ സഭാഗൃഹത്തില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം സ്ഥാപിച്ചതുമുതലാണ് മുറുമുറുപ്പ് തുടങ്ങിയത്. അതെടുത്തു മാറ്റാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുറവിളികൂട്ടുന്നുണ്ട്.
മറ്റു പ്രധാനമന്ത്രിമാരെയെല്ലാം അവിടത്തെ മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അതില്‍പ്പെടുക ലാല്‍ബഹാദൂര്‍ ശാസ്ത്രി, ഗുല്‍സാരിലാല്‍ നന്ദ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നീ കോണ്ഗ്രസ്സുകാര്ക്കു പുറമെ എന്നും കോണ്‍ഗ്രസ്സുകാരനും മരണംവരെ ഗാന്ധിയനുമായിരുന്ന മൊറാര്‍ജിദേശായി, ചൗധരി ചരണ്‍സിങ്, വി.പി. സിങ്, ഐ.കെ. ഗുജ്റാള്‍, എസ്. ചന്ദ്രശേഖര്‍ എന്നിവരും അടല്‍ബിഹാരി വാജ്പേയിയുമാണ്. അവരില്‍ ഗുജ്റാളും വാജ്പേയിയുമൊഴികെ എല്ലാവരും അവസാനകാലമൊഴികെ കോണ്‍ഗ്രസ്സുകാരായിരുന്നു. ഇന്ദിരാഗാന്ധിയുമായി ഭിന്നിപ്പുണ്ടായിരുന്നുവെന്നതു ശരിയാണ്. പക്ഷേ അവര്‍ ബിജെപിയോട് ശത്രുതയില്ലെങ്കിലും വിമനസ്കരായിരുന്നു. വി.പി.സിംഗ് അടിയന്തരാവസ്ഥക്കാലത്തും തുടര്‍ന്ന് 10 വര്‍ഷവും ഇന്ദിരയുടെ വലംകയ്യുമായിരുന്നു. ഈ കോണ്‍ഗ്രസ് നേതാക്കളെ ഇന്ദിരാഗാന്ധിയും അവരുടെ സ്തുതിപാഠകരും ദ്രോഹിച്ചതിനു കണക്കില്ല. മൊറാര്‍ജിയെയും ചന്ദ്രശേഖറെയും അടിയന്തരാവസ്ഥക്കാലത്തു തടങ്കലില്‍ പാര്‍പ്പിച്ചു. നരസിംഹറാവു മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശവദാഹം നടത്താന്‍ ദല്‍ഹിയില്‍ സ്ഥലം നല്‍കാന്‍പോലും കേന്ദ്ര കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തയ്യാറായില്ല.
നെഹ്റുവിന്റെ ഏറ്റവും വിശ്വസ്തനായ ശേവുകക്കാരനെപ്പോലെയാണ് ലാല്‍ബഹാദുര്‍ ശാസ്ത്രി കരുതപ്പെട്ടിരുന്നത്. ശാസ്ത്രിയുടെ കയ്യിലാവും ഭാരതം ഏറ്റവും സുരക്ഷിതമായിരിക്കുക എന്ന വിശ്വാസത്തില്‍, താന്‍ അവശനാണെന്ന് ബോധ്യമായപ്പോള്‍ നെഹ്റു അദ്ദേഹത്തെയാണ് ചുമതലയേല്‍പ്പിച്ചത്. വജ്രംപോലെ കഠോരവും, പനിനീര്‍പ്പൂപോലെ മൃദുവുമായ സ്വഭാവത്തിനുടമയായിരുന്നു താനെന്ന് ശാസ്ത്രിജി 1965-ലെ പാക് ആക്രമണത്തിനു പ്രതികരണമായി നടത്തിയ യുദ്ധത്തില്‍ തെളിയിച്ചു. ‘ജയ് ജവാന് ജയ് കിസാന്‍’ എന്നത് മുദ്രാവാക്യം മാത്രമല്ല ആ സന്ദേശം ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷയുടെ അടിത്തറയായി ഇന്നും നിലനില്ക്കുന്നു. ഈ പ്രധാനമന്ത്രിമാരുടെ നിരയില്‍ ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുമൊഴികെ മറ്റാര്‍ക്കുംതന്നെ ഏതെങ്കിലും സ്മരണ നിലനിര്‍ത്തുവാന്‍ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടില്ല.
നെഹ്റുവിന്റെ കാര്യം നോക്കാം. അദ്ദേഹം നമ്മുടെ ഒന്നാം പ്രധാനമന്ത്രി മാത്രമല്ല, സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പടനായകനും, രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനും മറ്റു പലതുമായിരുന്നു. സ്വതന്ത്രഭാരതത്തിന്റെ ഭാവിരൂപരേഖയെപ്പറ്റി അദ്ദേഹത്തിനു വലിയ സങ്കല്‍പ്പനവും ഭാവനയുമുണ്ടായിരുന്നു. എന്നാല്‍ അതിനദ്ദേഹം സ്വീകരിച്ച വഴിയില്‍ ഭാരതത്തിലെ ജനജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതും, അതിനെ പരിഹരിക്കാനുള്ളതുമായ പ്രായോഗിക പദ്ധതിയുണ്ടായിരുന്നില്ല.
അക്കാര്യത്തില്‍ മഹാത്മാഗാന്ധിയായിരുന്നു യാഥാര്‍ത്ഥ്യബോധം പ്രദര്‍ശിപ്പിച്ചത്. നെഹ്റുവാകട്ടെ പാശ്ചാത്യലോകത്തെയും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും സാമ്പത്തിക, രാഷ്ട്രീയ, സമ്പ്രദായങ്ങളാല്‍ ആകര്‍ഷിക്കപ്പെടുകയും അക്കാര്യത്തില്‍ ഭാരതീയത്തനിമയെയും പരിസ്ഥിതികളെയും ആവശ്യങ്ങളെയും തീര്‍ത്തും അവഗണിച്ച് അനുയോജ്യമായ സമ്പ്രദായം വികസിപ്പിച്ചെടുക്കാതെ വികാസത്തെ തെറ്റായ ദിശയിലാക്കുകയും ചെയ്തു. അന്താരാഷ്ട്ര നയതന്ത്രത്തിന്റെ കാര്യത്തില്‍, എല്ലാ നയപരിപടികളുടേയും അന്തിമലക്ഷ്യം ഭാരതത്തിന്റെ ഉത്തമതാല്‍പര്യമെന്ന അടിസ്ഥാനതത്ത്വം പലപ്പോഴും മറന്നതിനാല്‍ അപരിഹാര്യമായ കെടുതി രാജ്യത്തിനുണ്ടായി.
കാശ്മിര്‍ പ്രശ്നം പരിഹരിക്കാതെ ഇന്നും രൂക്ഷമായിത്തുടരുന്നത്, തിബത്തില്‍ ചീനയുടെ അധിനിവേശം ഉണ്ടായത്, അതിന്റെ പരിണതഫലമായി ലഡാക്കിലും മറ്റതിര്‍ത്തികളിലുമായി 40000 ച.കി.മീ. ഭാരതപ്രദേശം ചീനയുടെ കൈവശത്തിലായത്, ചീനക്കാര്‍ക്ക് ഭരണഘടനാപരമായി ഭാരതത്തിന്റെ ഭാഗമായ കശ്മീരിലെ ഗില്‍ജിതില്‍ കൂടി അറബിക്കടലിലേക്കു സര്‍വകാല ഗതാഗതയോഗ്യമായ റോഡു നിര്‍മിക്കാനായത്, തിബത്തിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രാനദിയില്‍ അണക്കെട്ടുകളുടെ പരമ്പരതന്നെ നിര്‍മിച്ച്, വൈദ്യുതിയും വെള്ളവും തിരിച്ചുവിട്ട്, വടക്കുകിഴക്കന്‍ ഭാരതത്തെ വറുതിയിലാക്കാന്‍ സാധ്യതയുണ്ടാക്കുന്നത് ഒക്കെ അതിന്റെ ഫലമായിട്ടാണ്. പണ്ഡിറ്റ് നെഹ്റു ചെയ്ത അവിസ്മരണീയ മഹാനേട്ടങ്ങള്‍ അനുസ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ നമ്മുടെ രാജ്യത്തിനു വരുത്തിവച്ച ഒരിക്കലും പരിഹരിക്കാനാവാത്ത ദോഷങ്ങളെയും മറന്നുകൂടാ.
തീന്‍മൂര്‍ത്തി ഭവന് വളപ്പ് 45 ഏക്കറാണെന്നു പറഞ്ഞുവല്ലൊ. ബ്രിട്ടീഷ് ഭരണകാലത്ത് സര്‍വസൈന്യാധിപന്റെ ഔദ്യോഗിക വസതിയായി നിര്‍മിക്കപ്പെട്ട ആ മഹാസൗധത്തിനു ചുറ്റുമായി സൈന്യതന്ത്ര വിധിപ്രകാരം ആവശ്യമായ എല്ലാ സംവിധാനങ്ങളും നിര്‍മിക്കപ്പെട്ടിരുന്നു. നെഹ്റുവിന്റെ ശവസംസ്കാരം നടന്ന യമുനാ തീരത്ത് 64 ഏക്കര്‍ വിസ്തൃതമായ പാര്‍ക്ക് ശാന്തിവനമെന്ന പേരില്‍ നിര്‍മിച്ചിരിക്കുന്നു. അതിമനോഹരമായി അതു സംരക്ഷിക്കപ്പെടുന്നുമുണ്ട്. അതിനുപുറമെ അദ്ദേഹത്തിന്റെ സ്മാരകമായി ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും പ്രസിദ്ധവുമായ ജവഹര്‍ലാല്‍ നെഹ്റുയൂണിവേഴ്സിറ്റി 1000 ഏക്കറില്‍ പടര്‍ന്നുകിടക്കുന്നു. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സര്‍വകലാശാലകള്‍, എന്നുവേണ്ട എണ്ണാനാവാത്തത്ര സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ പടുത്തുയര്‍ത്തപ്പെട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുത്രി ഇന്ദിരാഗാന്ധി ഭാരതത്തെ, അതിന്റെ പാര്‍ലമെന്റ്, നീതിന്യായവിഭാഗം, പൊതുജീവിതം, പത്രമാധ്യമങ്ങള്‍ എന്നിവയെയൊക്കെ 19 മാസക്കാലം കെട്ടിവരിഞ്ഞ് ശ്വാസംമുട്ടിച്ചിട്ടും അവരുടെ ഭക്തരായ വിഭാഗക്കാര്‍, ആ പേരില്‍ സര്‍ക്കാര്‍ (ജനങ്ങളുടെ) ചെലവില്‍ നിര്‍മിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ രാജ്യമാസകലമുണ്ട്. ഭാരതത്തിന്റെ ഏറ്റവും തെക്കെ അറ്റത്തെ ഭൂപ്രദേശമായി കരുതപ്പെടുന്ന അന്തമാനിലെ ദ്വീപിന്റെ അറ്റത്തിന് ഇന്ദിരാപോയിന്റ് എന്നുപേര് നല്കിയിരിക്കുന്നു. പണ്ട് കന്യാകുമാരിക്കുണ്ടായിരുന്ന പദവിയാണവര്‍ക്കു നല്‍കപ്പെട്ടതെന്നര്‍ത്ഥം.
ഭാരതത്തിന്റെ നാനാഭാഗങ്ങളിലായി പണ്ഡിറ്റ് നെഹ്റുവിനും മക്കള്‍ക്കും ചെറുമക്കള്‍ക്കും വീതംവച്ചു നല്കപ്പെട്ട സ്ഥാനങ്ങള്‍ നോക്കിയാല്‍, അതിനെ അതിശയിക്കാന്‍ ഈ ലോകത്തില്‍ മറ്റൊരു കുടുംബവുമുണ്ടാവില്ല. ചരിത്രത്തില്‍ നെഹ്റുവിന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ സമയമായി. ലോകത്തെ ഏറ്റവും ശക്തരെന്നും ബലവാന്മാരെന്നും കരുതപ്പെട്ടവരെല്ലാം കാലാന്തരത്തില്‍ ഭാവിതലമുറകളാല്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുകയും ചെയ്യുന്നു.
ഭാരതത്തില്‍ പ്രധാനമന്ത്രിമാരായിരുന്നവരുടെയെല്ലാം സ്മരണക്കായി തീന്‍മൂര്‍ത്തി ഭവന് വളപ്പില്‍ മ്യൂസിയം ഉയര്‍ന്നുവരുന്നത് ദൈവനിന്ദയല്ല, നൈഹ്റുവിന്റെ നിന്ദയുമല്ല. അവിടത്തെ സമ്മേളനഹാളില്‍ ദീനദയാല്‍ജിയുടെ ചിത്രം വച്ചതിലെ അസഹിഷ്ണുത,കുറെക്കൂടി രൂക്ഷമായി, അടല്‍ബിഹാരി വാജ്പേയിയുടെ മ്യൂസിയവും അവിടെ സ്ഥാപിതമാകുമോ എന്ന ഭീതിയും സംഭ്രാന്തിയുമാവും അവരെ ഭരിക്കുന്നത്.
സംഘസ്ഥാപകനായിരുന്ന ഹെഡ്ഗേവാറിന്റെയും പണ്ഡിറ്റ് നെഹ്റുവിന്റെയും ജന്മശതാബ്ദികള്‍ ഒരേവര്‍ഷമാണ് ആഘോഷിക്കപ്പെട്ടത്. രാജ്യസഭാംഗവും കമ്യൂണിസ്റ്റ് നേതാവും ദത്തോപന്ത് ഠേംഗ്ഡിയുടെ സുഹൃത്തുമായിരുന്ന പി. ബാലചന്ദ്രമേനോനോട് ആരാണ് ഈ ഹെഡ്ഗേവാറെന്ന് ഒരു സഖാവന്വേഷിച്ചുവത്രെ. നെഹ്റു ജന്മശതാബ്ദി രാജ്യമാസകലം സര്‍ക്കാര്‍ മുന്‍കൈയില്‍ ആഘോഷിക്കപ്പെട്ടതും ജനകീയാടിസ്ഥാനത്തില്‍ സേവന, സൃഷ്ടിപര പ്രവര്‍ത്തനങ്ങളിലൂടെ ഹെഡ്ഗേവാര്‍ ജയന്തി ആഘോഷിച്ചതും താരതമ്യപ്പെടുത്തിയാണ് അദ്ദേഹം അന്വേഷിച്ചത്. ഠേംഗ്ഡിയില്‍നിന്ന് സംഘത്തെയും അതിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും ഏതാണ്ട് അറിവ് നേടിയിരുന്നതിനാല്‍ ബാലചന്ദ്രമേനോന് തന്റെ സഖാവിനോട് കാര്യം പറഞ്ഞു മനസ്സിലാക്കാനായി. തീന്‍മൂര്‍ത്തി ഭവനില്‍ മ്യൂസിയങ്ങള്‍ വരുന്നതിന്റെ സംഭ്രാന്തി കോണ്ഗ്രസ്സുകാര്ക്കു വരുന്നതില്‍ അദ്ഭുതത്തിനവകാശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: