ആധുനിക നൃത്തത്തിന് കാവ്യാത്മകവും സംഗീതാത്മകവുമായ ആത്മാവ് നല്കിയ പോള്‍ ടെയ്ലര് കടന്നുപോകുന്നത് അമേരിക്കയെ ഏറ്റവുംകൂടുതല്‍ സ്വാധീനിച്ച നര്ത്തകന് എന്ന പെരുമയോടെയാണ്. അമേരിക്കയില്‍ പോള്‍ ടെയ്ലര് കാലം എന്ന നിലയിലൊരു പ്രസരിപ്പ് അവശേഷിപ്പിച്ചുകൊണ്ട് എണ്‍പത്തെട്ടുകാരനായ പോള്‍ കഴിഞ്ഞ ദിവസം മാന്‍ഹാട്ടണിലെ ആശുപത്രിയില്‍ അന്തരിക്കുമ്പോള്‍ ലോകത്തിലെ തന്നെ മികച്ച കൊറിയോഗ്രാഫറുടെ തന്നെ വിയോഗംകൂടി ആകുകയായിരുന്നു അത്.
നൃത്തത്തെ ഉടലിലേക്കും ഉടലിനെ നൃത്തത്തിലേക്കും പരസ്പരം ആവാഹിക്കുന്നൊരു നടനശരീരമായി സൃഷ്ടിക്കുന്നൊരു ആധുനിക രൂപമായിരുന്നു പോള്‍ ടെയ്ലറുടെ കല. ഉള്ളിലുണ്ടായിരുന്ന നടനത്തിന്റെ ഒരു തരി കണ്ടും കേട്ടും അറിഞ്ഞും ഉലയൂതുംപോലെ വലുതാക്കി നൃത്തകലയില്‍ അടിമുടി വിപ്ളവം തീര്‍ക്കുകയായിരുന്നു പോള്‍. അതിനു മുന്‍പ് ആധുനികമെന്നു തന്നെ വിളിപ്പേരോടുകൂടി നിലനിന്നിരുന്ന നൃത്തരൂപത്തെ 50കളില്‍ അടിമുടി പിഴുതെറിഞ്ഞ് തികച്ചും പുതിയ നൃത്തത്തെ ജനിപ്പിക്കുകയായിരുന്നു അദ്ദേഹം. അതിനായി നൃത്തത്തില്‍ മാത്രമല്ല പോള്‍ ആഴ്ന്നിറങ്ങിയതും നിരീക്ഷിച്ചതും. അതേ ആവേശത്തില്‍തന്നെ കായികവും സാഹിത്യപരവുമായ തലങ്ങളിലേക്കും പഠനം ഇറക്കിവിട്ടു. ശരീരത്തെ നൃത്തത്തിനായി ചിട്ടപ്പെടുത്തി. കളരി അഭ്യാസികളുടെ വ്യായാമം ചെയ്തെടുത്തപോലുള്ളതായിരുന്നു പോളിന്റേയും സഹപ്രവര്‍ത്തകരുടേയും ശരീരം. ആഴത്തിലും പരപ്പിലുമുള്ള സമൃദ്ധമായ വായന നൃത്തത്തെ കൂടുതല്‍ കാവ്യാത്മകവും ദാര്ശനികവുമാക്കി. ദാന്തേ, ഷേക്സ്പിയര്, ഷോപനോവര്‍, സ്പിനോസ, വാര്‍ട്ട് വിറ്റ്മാന്, നെരൂദ തുടങ്ങി വിവിധ തട്ടിലും മാനങ്ങളിലുമുള്ള പഴയ പുതിയ എഴുത്തുകാരെയും മറ്റും ഉള്ക്കൊണ്ടുംകൂടിയാണ് അദ്ദേഹം തന്റെ സ്വന്തം നൃത്തം ചിട്ടപ്പെടുത്തിയത്.
പോളിന്റെ നാലാം വയസില്‍ അഛ്ഛന് വേര്പിരിഞ്ഞപ്പോള് ജീവിക്കാനായി അമ്മ മക്കളെ റെസ്റ്റോറന്റിലും മറ്റും ജോലിക്കായി വിട്ടെങ്കിലും എങ്ങനെയോ നൃത്തം ഉള്ളില്‍ ചുവടുവെച്ച പോള്‍ പിന്നീട് നൃത്തകലാലയങ്ങളില് പഠിക്കുകയും അതില്‍ തന്നെ നിരവധി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റേത് ഇതൊന്നുമല്ലെന്നും പുതിയൊരു രീതിയാണെന്നും ബോധ്യപ്പെട്ടപ്പോള്‍ അതു കണ്ടെത്താനായി വലിപ്പച്ചെറുപ്പങ്ങളോ പ്രായഭേദങ്ങളോ ഇല്ലാതെ ആരില്‍നിന്നും ഒരു വിദ്യാര്‍ഥിയെപ്പോലെ നടനശീലങ്ങള് കണ്ടറിഞ്ഞ് അവയെ മറ്റൊരു തരത്തില്‍ പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് മാര്‍ത്താ ഗ്രഹാമിനെപ്പോലുള്ള കൊറിയോഗ്രാഫറുമായി അടുക്കുന്നത്. അവരില്‍നിന്നും പലതും സ്വാംശീകരിക്കാന്‍ പോളിനു കഴിഞ്ഞു.
ശരീരത്തെ എന്തിനേയും നേരിടാനാവുന്ന ഒന്നായാണ് പോള്‍ കണ്ടത്. അതുപക്ഷേ നൃത്തത്തോടുമാത്രം ചേര്‍ക്കപ്പെടണം എന്നു അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. നൃത്തം ചെയ്യുമ്പോള്‍ മാത്രമല്ല നടപ്പും ഇരിപ്പും ഓട്ടവും എന്നുവേണ്ട ശരീരത്തിന്റെ ചലനാത്മകമായ ഓരോന്നും നടനത്തോട് ബന്ധപ്പെട്ടാണ് പോള്‍ ചിന്തിച്ചിരുന്നത്. തെരുവിലും സ്റ്റുഡിയോകളിലും ഫെസ്റ്റുവെലുകളിലും മാത്രമല്ല അമേരിക്കയിലെ ലോകപ്രശസ്ത തിയറ്ററുകളിലും വര്‍ഷത്തിലൊരു പോള്‍ സീസണ് ഉണ്ടായിരുന്നു. വലിയ നര്‍ത്തകനും അതിന്റെ ദാര്‍ശനികനും എഴുത്തുകാരനുമായിരുന്നു പോള്‍ ടെയ്ലര്. പ്രൈവറ്റ് ഡൊമയ്ന്‍ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ആധുനിക നൃത്തത്തിന്റെ പാഠപുസ്തകംകൂടിയാണ്.
പോള്‍ ടെയ്ലറുടെ ആധുനിക നൃത്തകല എന്ന് അമേരിക്കയും ലോകവും ഒന്നടങ്കം പറയുമ്പോഴും പോളിന്റെ നിര്‍വചനം മറ്റൊന്നാണ്,നൃത്തം ഒരു അടയാളം മാത്രമാണ്.അതൊരിക്കലും യഥാര്‍ഥ വസ്തുതയേയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: