കേരളത്തെ അവഗണിച്ചുവെന്ന് പരാതിപ്പെട്ടുകൊണ്ട് രാജ്യത്തെ സര്‍വകലാശാലാ ക്യാമ്പസുകളില്‍ ബ്രേക്കിംഗ് ഇന്ത്യ ബ്രിഗേഡുകള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ ക്യാമ്പസുകളില്‍ നിന്നും കരുതലും കനിവുമായി ഒരു സംഘം. ഫേസ്ബുക്കില്‍ ‘കേരളത്തോടൊപ്പം’ എന്ന് ഹാഷ്ടാഗ് ഇട്ട് നിര്‍വൃതിയടയുകയായിരുന്നില്ല സുനന്ദയും നിമിഷയും. ക്യാമ്പസുകളിലെ പഠനകാല സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വയനാട്ടിലെ ഗോത്രസമൂഹത്തിനും ദുരിതമനുഭവിക്കുന്ന മറ്റുള്ളവര്‍ക്കും കൈത്താങ്ങാകുകയായിരുന്നു അവര്‍. എം.എയും എംഫിലും പൂര്‍ത്തിയാക്കി, ഗോത്രവര്‍ഗസമൂഹത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് പ്രവര്‍ത്തിക്കുന്ന, പീപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് പണിയ സമുദായത്തില്‍പ്പെട്ട കണിയാമ്പറ്റയിലെ ഒ.ബി. സുനന്ദ. എം.എസ്.ഡബ്ല്യു പഠനത്തിന്റെ ഭാഗമായി പീപ്പുമായി ബന്ധപ്പെട്ട ഫറൂക്കിലെ പി. നിമിഷയും ചേര്‍ന്ന് സുനന്ദ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയായിരുന്നു. മദ്രാസ് സര്‍വകലാശാല ക്യാമ്പസ്സില്‍ നിന്നും ‘ഞങ്ങള്‍ കുറച്ചു പണം അയച്ചുതരാമെന്ന’ വാഗ്ദാനം വിദ്യാര്‍ത്ഥികള്‍ നല്കിയപ്പോള് പണം വേണ്ട, പകരം സാധനസാമഗ്രികള്‍ അയച്ചുതന്നാല്‍ മതിയെന്നായിരുന്നു ഇവരുടെ മറുപടി. 500 പായയാണ് ആ ക്യാമ്പസില്‍ നിന്ന് മാത്രമായി എത്തിയത്.
‘പീപ്പി’ന്റെ സജീവ പ്രവര്‍ത്തകനായ ചടയന്‍”
നിമിഷയുടെ കുടുംബ സുഹൃത്തുക്കളുടെ ബന്ധത്തില്‍ നിന്നും കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് 150 ഓളം വീടുകളിലേക്കുള്ള അത്യാവശ്യ സാമഗ്രികള്‍ വാഹനത്തില്‍ എത്തി. അവ രണ്ടുപേരും ചേര്‍ന്ന് നേരിട്ട് കോളനികളില്‍ എത്തിക്കുകയായിരുന്നു.
കോളനികളിലെ തകര്‍ന്നുപോയ വീടുകള്‍ പുനരുദ്ധരിക്കാനാവശ്യമായ സാധനസാമഗ്രികള്‍ എത്തിക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് കോയമ്പത്തൂരില്‍ നിന്നുള്ള സംഘം മടങ്ങിയത്. പണിയ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള വിവിധ പദ്ധതികളുമായി ഇവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ തിരക്കിലാണ് വയനാടിനെ തകര്‍ത്തെറിഞ്ഞ പ്രളയം കുതിച്ചെത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ സുനന്ദക്കും നിമിഷക്കും വിശ്രമിക്കാന്‍ സമയമില്ലായിരുന്നു. സംഭരണകേന്ദ്രങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ അടുക്കിവെയ്ക്കുന്നതിനിടയില്‍ വീണ് പരിക്കുപറ്റിയ കാലിലെ നീര്‍ക്കെട്ടും വേദനയും മറന്നാണ് സുനന്ദ കോളനിയില്‍ നിന്നും കോളനിയിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നത്. എംഎസ്ഡബ്ല്യു ബിരുദം അക്കാദമിക യോഗ്യതയായി എടുത്ത് ജോലിനേടി ശീതീകരണ മുറികളില്‍ ഇരുന്ന് സാമൂഹ്യ പ്രവര്‍ത്തനത്തെക്കുറിച്ച് തിസീസുകള്‍ തയ്യാറാക്കുകയല്ല നിമിഷ. പിന്നാക്ക കോളനികളിലെ പിന്നാക്കം പോയ ഒരു ജനതയുടെ മുഖത്ത് പുഞ്ചിരി വിരിയുന്ന കാലത്തിനുവേണ്ടി പ്രയത്നിക്കുകയാണ്. മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കലാണ് ഒരു ജനതയെ മുഖ്യധാരയിലേക്ക് ആനയിക്കാനുള്ള ഏകസൂത്രവാക്യമെന്ന് ധരിച്ചവരുടെ കൂട്ടത്തിലല്ല ഇവര്‍. വയനാട്ടിലെത്തിയ ദേശീയമാധ്യമങ്ങളടക്കമുള്ളവര്‍ക്കാര്‍ക്കും മുമ്പില്‍ ഇവര്‍ തിക്കിത്തിരക്കിയെത്തി മുഖം കാണിച്ചില്ല. കാരണം അവര്‍ ഒരു ജനതയുടെ കണ്ണീരൊപ്പുന്ന തിരക്കിലാണ്.
“ചടയന്‍ കോളനികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയില്‍”
പീപ്പിന്റെ ചടയേട്ടന്‍
73 വയസ്സുണ്ട് ചടയന്‍. എന്നാല്‍ പ്രായത്തിന്റെ അവശതകള്‍ ഏശാത്ത മനസ്സുമായി ചടയനുമുണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍. എല്ലാം കൈനീട്ടി വാങ്ങാന്‍ മാത്രമുള്ളവരാണ് വയനാട്ടിലെ ഗോത്രജനത എന്ന് പരിഹസിക്കുന്നവരുടെ മുന്നില്‍ ചടയന്‍ മറുപടി നല്‍കുന്നത് സ്വയം ജീവിച്ചുകൊണ്ടാണ്. വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലക്കുന്ന് മേലെ അപ്പണവയല്‍ കോളനിയിലാണ് ചടയന്‍. പീപ്പ് എന്ന സംഘടനയുടെ സജീവ പ്രവര്ത്തകന്. കോളനികളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി പോകുന്ന തിരക്കിലാണ് ചടയന്‍. മൂന്നു കോളനികളിലേക്കുള്ള സാധനസാമഗ്രികള്‍ എത്തിക്കുന്ന തിരക്കില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.
രണ്ട് ആണ്മക്കളും മൂന്ന് പെണ്മക്കളുമാണ് ചടയനുള്ളത്. വീട്ടില്‍ ഭാര്യയും ഇളയമകനും ഒന്നിച്ചാണ് താമസം. സപ്തതി ആഘോഷവും വിശ്രമജീവിതവും നയിക്കുന്ന നമ്മുടെ 70 കാരുടെ കൂട്ടത്തിലല്ല ചടയന്‍. താനുള്‍ക്കൊള്ളുന്ന സമുദായത്തിന്റെ പുരോഗതിക്കായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനമാണ് ചടയനെ പീപ്പിലെത്തിക്കുന്നത്. പീപ്പിന്റെ ഡയറക്ടര്‍ എസ്. രാമനുണ്ണിയുടെ കൂടെ സജീവമാണ് പീപ്പിന്റെ ചടയേട്ടന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: