വിചിത്രമായ പേരോടുകൂടിയ നര്മസിനിമകളായിരുന്നു കെ.കെ.ഹരിദാസിന്റേത്. പഴയ കാഥികള്‍ വി.ഡി.രാജപ്പന്റെ കഥാപ്രസംഗത്തിന്റെ പേരുകള്‍പോലെ വേറിട്ടതായിരുന്നു അവ. തമാശകൊണ്ട് ഒരു കഥ പറഞ്ഞുപോകുന്നരീതിയായിരുന്നു അത്തരം സിനിമാക്കാര് അവലംബിച്ചിരുന്നതെങ്കിലും ഹരിദാസിന്റേത് മറ്റൊരു രീതിയായിരുന്നു. ഒരു കഥ നര്‍മത്തിലൂടെ വൃത്തിയായും വെടിപ്പായും പറയുകയായിരുന്നു ഹരിദാസ്. അതിനായി ഓരോ സീന്മാത്രമല്ല ഫ്രയിംപോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കഥാസന്ദര്‍ഭത്തോട് ഒത്തുപോകുന്ന ക്യാമറാമൂഡും കളര്ടോണ്പോലും ശ്രദ്ധിച്ചിരുന്നു ഈ സംവിധായകന്. അനേകവര്‍ഷം അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപാഠങ്ങള്‍ ഇതിനു പിന്നിലുണ്ടായിരുന്നു.
മുറുക്കിച്ചുവപ്പിച്ച ചുണ്ടും തുടുത്തകവിളുമായി സൗഹൃദസദസില്‍ നര്‍മം വാരിവിതറുന്ന ഹരിദാസില്‍ നര്‍മം സഹജവാസനയായതിനാലാവണം തന്റെ തട്ടകവും അദ്ദേഹം നര്മംതന്നെയാക്കിയത്. എന്നാലത് വളിച്ച ഹാസ്യത്തിലേക്കു തരംതാഴാതെയും ശ്രദ്ധിച്ചു. അതുകൊണ്ടാണ് മറ്റു ഹാസ്യചിത്രങ്ങളില്നിന്നും ഹരിദാസിന്റെ സിനിമകള്‍ പേരുകള്‍പോലെ തന്നെ വ്യത്യസ്തമായത്.
ജയറാം നായകനായ വധു ഡോക്ടറാണ് എന്ന ആദ്യസിനിമതന്നെ വന്‍ഹിറ്റായിരുന്നു. ഭിന്നമായ ഒരു ചിരിച്ചിത്രമെന്ന നിലയില്‍ അതു ശ്രദ്ധിക്കപ്പെട്ടു. ദിലീപ് ആദ്യമായി നായകനായത് ഹരിദാസിന്റെ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു. രണ്ടര പതിറ്റാണ്ടിനിടയില്‍ 20 ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
മലയാള സിനിമയില്‍തന്നെ ഏറ്റവും കൂടുതല്‍കാലം അസോസിയേറ്റായിരുന്നവരില് ഒരാളാണ് കെ.കെ.ഹരിദാസ്. 18 വര്‍ഷത്തോളം പ്രശസ്ത സംവിധായകരുടെ കീഴില്‍ അന്‍പതോളം ചിത്രങ്ങളിലാണ് അദ്ദേഹം സഹകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: