ഒരു സെലിബ്രിറ്റിയുടെ മരണം അവശേഷിപ്പിക്കുന്ന വിശേഷങ്ങള്‍ക്കുശേഷം കടന്നുവരുന്ന ജന്മദിനത്തിനുമുണ്ടാകും പറയാന്‍ സവിശേഷതകള്‍ ഏറെ. അതൊരു സിനിമാ താരത്തിന്റേതാകുമ്പോള് പ്രാധാന്യം പിന്നേയും കൂടും. നടി ശ്രീദേവിയുടെ 55ാം ജന്മദിനമാണിന്ന്. കഴിഞ്ഞ ഫെബ്രുവരിയില്‍ അവര്‍ മരണത്തിലൂടെ കടന്നുപോകുമ്പോള്‍ ഇന്ത്യ നടുങ്ങിയതിന്റേയും വേദനിച്ചതിന്റേയും ഓര്മക്കൂമ്പാരങ്ങള് ഇന്നും ഇടിഞ്ഞിട്ടില്ല.
അന്ന് ഇന്ത്യകണ്ട ഏറ്റവും വലിയ വിടചൊല്ലലാണ് ശ്രീദേവിക്കു നല്‍കിയത്. അതിനു മുന്‍പ് അത്തരമൊന്നു നാട് കണ്ടത് മുഹമ്മദ് റഫിയുടെ മരണത്തിനായിരുന്നു. സിനിമാക്കാര് മരിക്കുമ്പോള്‍ പ്രേക്ഷനുളളില് ഓടുന്ന അവരെക്കുറിച്ചുള്ള സിനിമാ റീലുകള്‍ ശ്രീദേവിയെക്കുറിച്ചും ഓടിത്തീര്‍ന്നിട്ടില്ല. അവരുടെ കഥാപാത്രങ്ങള്‍ കണ്ണിലും സിനിമകള്‍ സ്്ക്രീനിലും ഓടിക്കൊണ്ടിരിക്കുന്നു.
54 ാം വയസില്‍ മരിക്കുമ്പോഴും ചെറുപ്പത്തിന്റെ മുഖപ്രസാദമായിരുന്നു ശ്രീദേവിക്ക്. പ്രായം അവര്ക്കരികിലെത്തുമ്പോള് വഴിമാറിപ്പോകുംപോലെയായിരുന്നു. നക്ഷത്രതിളക്കമുള്ള കണ്ണുകളും സവിശേഷതയുള്ള മൂക്കും ചുണ്ടുംകൊണ്ട് അവര്‍ ഗ്ളാമറസായ നായികമാരെക്കാള്‍ മുന്നില്‍നിന്നു. ശ്രീദേവിയുടെ സിനിമകള്‍ എന്നാണ് അവരുടെ ചിത്രങ്ങള്‍ അറിയപ്പെട്ടിരുന്നത്. നായകന്മാരെക്കാള് പ്രാമുഖ്യം അവര്‍ക്കായിരുന്നു. ശ്രീദേവിയെപ്പോലെ നടന്മാരെക്കാള് പ്രതിഫലം കൂടുതല്‍ വാങ്ങിയ മറ്റൊരു നടി ഇന്ത്യയിലുണ്ടായിട്ടില്ല.
ബഹുഭാഷാ നടിയായ ശ്രീദേവി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 80,90 കളില്‍ ഹിന്ദിയില്‍ താരറാണിയായിരുന്ന അവര്‍ അതിനു മുന്‍പ് തമിഴിലും മലയാളത്തിലും വലിയ സാന്നിധ്യമായിരുന്നു. തമിഴ്നാട്ടിലെ ശിവകാശിയില്‍ ജനിച്ച അവര്‍ നന്നേ ചെറുപ്പത്തിലേ സിനിമയിലെത്തി. ഇന്ത്യന്‍ സിനിമയിലെ മുഖശ്രീയോളം വളര്‍ന്ന അവരുടെ ഒരു ചിത്രംകൂടി പുറത്തിറങ്ങാനുണ്ട്,ഷാറൂഖാന്റെ സീറോ. മോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. മരണാനന്തരമായിരുന്നു ഈ പുരസ്ക്കാരം.അടുത്ത ബന്ധുവിന്റെ വിവാഹത്തിനു പങ്കെടുക്കാനെത്തിയ അവര്‍ ബാത്ത് ടബില്‍ വീണുമരിക്കുകയായിരുന്നു.
ശ്രീദേവിയോടുള്ള ആദരസൂചകമായി മുംൈബയിലെ ബാന്ദ്രയില്‍ 18 അടി നീളമുള്ള ചുമര്ചിത്രമൊരുങ്ങി. രഞ്ജിത്ത് ദാഹിയുടെ നേതൃത്വത്തില്‍ 10 ആര്‍ട്ടിസ്റ്റുകളാണ് ചുമര്‍ച്ചിത്രം ഒരുക്കിയത്. നാടിന്റെ വിവിധഭാഗങ്ങളിലായി അവരോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് പലപരിപാടികളും അരങ്ങേറുന്നുണ്ട്. മുഖശ്രീകൊണ്ട് മരണത്തേയും ജയിച്ച് ഈ ജന്മനാളിലും അവര്‍ നമുക്കിടയിലുണ്ടെന്നു തോന്നിപ്പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: