ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ വര്‍ഷകാലവും (ഇടവപ്പാതി) ഓക്ടോബര്‍ പകുതിയോടെ എത്തുന്ന തുലാവര്‍ഷവും ജലസമൃദ്ധമാവുന്ന കേരളക്കരയില്‍ കൃഷിചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് മത്തന്‍. മഴക്കാലത്ത് വളരെയധികം വിളവ് തരുന്ന ഒരു കൃഷികൂടിയാണിത്. ചൈനയ്‌ക്കു ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ മത്തന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
അടുക്കളയിലെ ദൈനദിനവിഭവങ്ങളില്‍ മാത്രമല്ല ആഘോഷ ദിവസങ്ങളില്‍ മധുരവിഭവങ്ങള്‍ ഉണ്ടാക്കുവാനും ഈ പച്ചക്കറി ഇനം ഉപയോഗിക്കാറുണ്ട്. മത്തന്‍ പൂക്കളും ഇളം തണ്ടും, ഇലകളും ഉപയോഗിച്ച് സ്വാദിഷ്ഠമായ തോരന്‍ മിക്കവര്‍ക്കും പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ്. കൂടാതെ വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയുടെ വലിയ ഉറവിടം കൂടിയായ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉറക്കം കിട്ടുന്നതിനും, രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനും, കണ്ണുകളുടെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
ശ്വാസംമുട്ട്, ഉദരരോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവക്കെതിരെ ഒരു ഔഷധം കൂടിയാണ് മത്തന്‍. മത്തന്‍ കൃഷി കൃത്യമായ പരിചരണം ആവശ്യമില്ലാത്തതും എളുപ്പം ചെയ്യാന്‍ കഴിയുന്നതുമായ ഒന്നാണ്. പൂര്‍ണ്ണമായി ജൈവരീതിയില്‍ മത്തന്‍ കൃഷി ചെയ്തെടുക്കാം.
കാലഘട്ടം
കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് നാലു സീസണുകളില്‍ മത്തന്‍ കൃഷി ആരംഭിക്കാം. ജനുവരി -മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍ -ആഗസ്റ്റ്, ആഗസ്റ്റ്-ഡിസംബര്‍ എന്നീ സമയങ്ങളാണ് കൃഷിക്ക് അനുയോജ്യം. മഴക്കാലത്ത് കൃഷി ചെയ്യുമ്പോള്‍ മെയ്, ജൂണ്‍ മാസ ങ്ങളിലെ ആദ്യത്തെ രണ്ട് മൂന്നു മഴയ്‌ക്ക് ശേഷം വിത്ത് ഇടാവുന്നതാണ്.
കൃഷി രീതി
ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 46 ഗ്രാം വിത്ത് മതിയാകും. കിളച്ചു നിരപ്പാക്കി മണ്ണില്‍ കുമ്മായം ചേര്‍ത്ത് തയ്യാറാക്കിയ സ്ഥലത്ത് ഒരാഴ്ച കഴിഞ്ഞു അടിവളം കൊടുത്ത് വിത്ത് നടാം. 30 -45 സെ.മി ആഴത്തിലും 60 സെ.മീ വ്യാസത്തിലുമുള്ള കുഴികള്‍ തയ്യാറാക്കി വേണം വിത്ത് പാകാന്‍. കുഴികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം ആവശ്യമാണ്. കുഴികളില്‍ കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതമാണ് നിറയ്‌ക്കേണ്ടത്. കുഴി ഒന്നിന് നാലോ അഞ്ചോ വിത്തുകള്‍ പാകാം. മുളച്ചു കഴിഞ്ഞാല്‍ രണ്ടാഴ്ചയ്‌ക്കകം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്തു കുഴി ഒന്നിന് മൂന്നു ചെടികള്‍ എന്ന നിലയില്‍ നിലനിര്‍ത്തണം. വിത്ത് മുളച്ചു വള്ളി വീഴുമ്പോഴും പൂവിരിയുന്ന സമയത്തും ഓരോ കിലോ കടലപ്പിണ്ണാക്ക് വളമായി നല്‍കുന്നത് കൃഷി കൂടുതല്‍ ആദയകരമാക്കാന്‍ സാധിക്കും.
ജലസേചനം
വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ 3 -4 ദിവസത്തെ ഇടവേളകളിലും പൂവിടുമ്പോഴും കായ്‌ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലും നനയ്‌ക്കേണ്ടതാണ്. വള്ളി പടരുന്നതിനായി ഉണങ്ങിയ മരച്ചില്ലകള്‍ നിലത്ത് വിരിക്കാവുന്നതാണ്. മഴക്കാലത്ത് മണ്ണ് കിളച്ചു കൊടുക്കണം. വളമിടുമ്പോള്‍ കള എടുക്കലും മണ്ണിളക്കി കൊടുക്കലും ചെയ്തു മത്തന്‍ കൃഷി ചെയ്ത് ഭൂമി സംരക്ഷിക്കാം.
കീടനാശിനിപ്രയോഗം
പഴയീച്ച, വണ്ടുകള്‍, ചുവന്ന വണ്ടുകള്‍ എന്നിവയാണ് വിളയെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത വെളുത്തുള്ളി മിശ്രിതം അനുയോജ്യമായൊരു കീടനാശിനിയാണ്. കീടനാശിനികള്‍ ഉപയോഗിച്ചതിനുശേഷം പത്തു ദിവസം കഴിഞ്ഞു മാത്രമേ വിളവെടുക്കാന്‍ പാടുള്ളൂ. ഒരു സെന്റില്‍ നിന്ന് 120 കിലോഗ്രാം വരെ വിളവ് ലഭിക്കും.
പ്രധാന ഇനങ്ങള്‍
അര്‍ക്ക സൂര്യമുഖി, അമ്പിളി, അര്‍ക്ക ചന്ദ്രന്‍, സരസ്, സുവര്‍ണ്ണ, സൂരജ് തുടങ്ങിയവയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രധാന മത്തന്‍ ഇനങ്ങള്‍. ഇതില്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ് അമ്പിളി, സുവര്‍ണ, സരസ്, സൂരജ് എന്നീ ഇനങ്ങള്‍. അമ്പിളി എന്ന ഇനം 5 കിലോ വരെ തൂക്കം ലഭിക്കുന്ന വലിയ കായ്കള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: