കഥകളി എന്ന രംഗകലയുടെ വരദാനമാണ് കോട്ടക്കല്‍ നന്ദകുമാരന് നായര്‍. മുദ്രകളുടെ വൃത്തിയും ഭാവപ്രകടനത്തിന്റെ ശക്തിയും, ആട്ടത്തിന്റെ ഒതുക്കവും ധിഷണാശക്തിയും ചേര്‍ന്ന് അതിശയിപ്പിക്കുന്ന രൂപത്താല്‍ ധന്യനാണ് നന്ദകുമാര്‍. ശരീരഭാഷ ഇത്രയ്ക്ക് ഒത്തുചേര്‍ന്ന നടന്മാര് ചുരുക്കമാണ്. പ്രത്യേകിച്ച് പരശുരാമന്റെ രൂപം കണ്ടവരാരും മറക്കില്ല. വീരവും രൗദ്രവും തിളങ്ങി, മാറിമാറി തിരനോക്കുമ്പോള്‍ കാണികള്‍ക്ക് ഉള്‍പുളകം അനുഭവപ്പെടും. ശീലം കൊണ്ട് കത്തിവേഷക്കാരനായിത്തീരേണ്ടിവന്ന ഒരു നടനാണിദ്ദേഹം. ഓരോ അരങ്ങിലും നിറഞ്ഞു നിന്ന അനുഭവങ്ങള്‍ ആസ്വാദകഹൃദയത്തില്‍ ഇന്നും വിരിഞ്ഞുനില്ക്കുന്നു.
കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘത്തില്‍ ചൊല്ലയാടിവളര്‍ന്ന നന്ദകുമാര്‍ കഥകളിക്കുവേണ്ടി ജനിച്ചയാളാണ്. ആര്‍ക്കും അനുകരിക്കാനാവാത്ത ഭാവ വിന്യാസം ഈ കലാകാരന്റെ പ്രത്യേകതയാണ്. കല്ലുവഴി ചിട്ടയുടെ കാവലാളായിത്തീര്‍ന്ന രാമന്‍കുട്ടി നായരുടെ പകരക്കാരനായി പ്രതിഷ്ഠിതനായിത്തീര്‍ന്നതില്‍ തെറ്റ് പറയാനാവില്ല. കണ്ണുകളിലെ തിളക്കം, നീണ്ടവിരല്‍, ആവശ്യത്തിന് ഉയരം-ഇതിലെല്ലാം ആശാന് തിളങ്ങിനില്ക്കുന്നു.
വാശിപിടിച്ചു ചെയ്യുന്ന അരങ്ങുകള്‍ കുറവായിരുന്നില്ല. കരുതിവച്ചശേഷം കിട്ടാതെവന്ന അനുഭവങ്ങള്‍ക്ക് പകരം തീര്‍ക്കുന്ന നിസ്സാരവേഷങ്ങളില്‍ നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജ പ്രവാഹം ചെറുതാവില്ല. ഏതുവേഷത്തിലും ഈ നടന് അതിശയിപ്പിച്ച് പകര്‍ന്നാടും. നാട്യസംഘത്തില്‍ നിന്ന് ലഭിച്ച ശിക്ഷണം നന്ദകുമാറിന്റെ ഉയര്‍ച്ചയുടെ പടവുകളായിരുന്നു.
കഥകളിക്കാരനാവുന്നതായിരുന്നില്ല തുടക്കത്തിലെ ലക്ഷ്യം. കേരള കലാമണ്ഡലത്തില്‍ ഓട്ടന്തുള്ളല് വിദ്യാര്‍ത്ഥിയായിരുന്നു. നാലുവര്‍ഷക്കാലത്തെ പഠനം പൂര്‍ത്തീകരിച്ച് അന്നത്തെ പ്രിന്‍സിപ്പാള്‍ വാഴേങ്കട കുഞ്ചുനായരാശാനെ സമീപിച്ചു. കഥകളി പഠിക്കാന്‍ മോഹം അറിയിച്ചു. പത്ത് പതിനഞ്ച് വയസ്സുകാരനെ ചേര്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കോട്ടയ്ക്കല്‍ നാട്യസംഘത്തിലേക്ക് എഴുത്തു കൊടുത്തയയ്ക്കുകയായിരുന്നു നന്ദകുമാരനെ. തുള്ളല്‍ കളരിയില്‍ നടക്കുന്ന അഭ്യാസക്കാലത്ത് കുഞ്ചുആശാന്‍ നന്ദനെ ശ്രദ്ധിച്ചിരുന്നു. പോരായ്മകള്‍ പറഞ്ഞുതിരുത്തി. ആ ബഹുമാനം വച്ചുതന്നെയാണ് വേഷക്കാരനാവാന്‍ മോഹിച്ചതും.
കോട്ടയ്ക്കല്‍ കൃഷ്ണന് കുട്ടിനായര്‍ എന്ന കറതീര്‍ന്ന അദ്ധ്യാപകന്റെ മേല്‍നോട്ടത്തില്‍ എവിടെയും സ്വീകാര്യനായി നന്ദകുമാര്‍ വളര്‍ന്നു. നരകാസുരന്, ഉദ്ഭവത്തിലെ രാവണന്, ബാലിവധത്തിലെ രാവണന്, എന്നിവയെല്ലാം മാറ്റ് തെളിയിക്കുന്ന ഒന്നിനൊന്ന് മികച്ച വേഷമായിരുന്നു. നാട്യസംഘത്തില്‍ നിന്ന് ഒരു കാലഘട്ടത്തിനുശേഷം തിരിച്ചുവന്ന ആശാന് ചില കളരികളില്‍ ആശാനായും പ്രശോഭിച്ചു.
ബാല്യകാലത്ത് കൊടുങ്ങല്ലൂരമ്മ എന്ന സിനിമയിലെ കണ്ണകി നന്ദകുമാറിനെ വല്ലാതെ ആകര്‍ഷിച്ചു. അതിനെ കഥകളിയാക്കി മാറ്റിയത് അദ്ദേഹത്തിന്റെ നല്ലചുവടുവയ്പ്പായിരുന്നു. ചിലപ്പതികാരത്തില് രൗദ്രം നിറഞ്ഞ് നില്ക്കുന്ന കണ്ണകിയെ എത്ര ഭംഗിയായിട്ടാണ് അവതരിപ്പിച്ചതെന്ന് ആസ്വാദകര്‍ ഓര്‍ക്കുന്നു. അതിന്റെ രചനയും സംവിധാനവും മകളും കഥകളി നടിയും ഗവേഷകയുമായ ആതിരയുടെ പിന്തുണയോടെ ഭംഗിയായി നിര്‍വഹിച്ചു. ഒന്നര മണിക്കൂര്‍കൊണ്ട് ഈ രംഗങ്ങള്‍ ആശാന് നിര്‍വഹിച്ചു. പതിനെട്ട് വര്‍ഷത്തോളം ചൊല്ലിയാടി ഉറച്ച ബോധത്താല്‍ ഇദ്ദേഹം വേറിട്ടുനില്ക്കുന്നു. എല്ലാ വേഷവും വഴങ്ങും; എങ്കിലും, കോട്ടയം കഥകളിലെ പച്ചവേഷങ്ങള്‍, കത്തി, താടി, മിനുക്ക് എന്നിവയെല്ലാം അനായാസമാണ്. സംഗീതം, താളം എന്നിവയെ പൂര്‍ണമായും മനസ്സിലാക്കിയിട്ടുണ്ട്. ഇതുകൊണ്ടെല്ലാം ഈ നടന് പൂര്‍ണതയില്‍ എത്തിച്ചേര്‍ന്നു.
നടന് എന്ന നിലയില്‍ ആവശ്യത്തിലധികം ഒന്നും ഇദ്ദേഹത്തില്‍നിന്നും ബഹിര്‍ഗമിക്കില്ല. പാത്രദര്‍ശനപരത വേണ്ടുവോളമുണ്ട്. കലാകാരന്റെ മേന്മകള് അരങ്ങുകളില്‍ വിടര്‍ത്താന്‍ അവസരവും യോഗവും വേണം. അത് അതിധാരാളം ഇല്ലെങ്കിലും, ഉള്ളത് പൊലിപ്പിക്കുവാന്‍ നന്ദകുമാരന് നായര്‍ക്കു സാധിച്ചിട്ടുണ്ട്. അതിനാല്‍ ആസ്വാദകമനസ്സില്‍ ഇദ്ദേഹം ജീവിക്കും. ഓര്‍മകളില്‍ ശേഷിക്കുന്ന വിവിധ മൂര്‍ത്തീഭാവങ്ങള്‍ ഒട്ടേറെ.
വലിയ ശിഷ്യവൃന്ദം ഈ ആശാനില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടില്ല. എങ്കിലും ഉപരിപഠനത്തിന് എത്തിയവര്‍ കുറവല്ല. അവര്‍ക്കെല്ലാം വേണ്ടുവോളം കൊടുക്കാനും, തൃപ്തിപ്പെടുത്താനും തക്ക മൂല്യം ഈ വീരഭാവക്കാരനില്‍ നിറഞ്ഞുണ്ട്. പ്രായാധിക്യത്താല്‍ നരകാസുരന്, ഉത്ഭവം, പരുശുരാമന്‍ എന്നീ വേഷങ്ങള്‍ കെട്ടിത്തിമര്‍ക്കാന്‍ വയ്യാതായെങ്കിലും നിര്‍ബന്ധപൂര്‍വം കിട്ടുന്ന അരങ്ങുകളില്‍ ചെയ്തതും ചരിത്രം തന്നെ.
കഥകളികലാകാരന്മാര്‍ക്ക്, ചുരുക്കംചിലര്‍ അറിയും എന്നല്ലാതെ പൊതുസമൂഹത്തില്‍ ഒരു സ്ഥാനവുമില്ല. മാരിയോക്രിസ്റ്റഫര്‍ ബിര്‍സ്കി എന്ന വിദേശിയുടെ ക്ഷണപ്രകാരം ഹോളണ്ടില്‍ചെന്നു. അദ്ദേഹം കഥകളി, കൂടിയാട്ടം എന്നീകലകളെക്കുറിച്ച് നല്ല ബോധ്യം വന്ന ഗവേഷകനായിരുന്നു. തന്റെ വ്യക്തിത്വത്തെ വികസിപ്പിച്ചുതന്ന മഹാനായിരുന്നു മാരിയോ. അതോടെ തന്നിലെ കോംപ്ലക്സുതന്നെ അകന്നു എന്നദ്ദേഹം പറയുന്നു.
ലോകര്‍ കഥകളിയെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെകുറിച്ച് നല്ല അവബോധം തന്ന വിദേശ യാത്രകളായിരുന്നു പലതും. പാരീസ്, ബ്രസീല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ ക്ലാസുകളുമായിട്ടാണ് ചെന്നത്. അതിനാല്‍ വിവിധ കലകളുമായി അടുത്തിടപഴകാന്‍ സാധിച്ചു.
മലബാര്‍ കണ്ണന് നായര്‍, കലാമണ്ഡലം ദിവാകരന് നായര്‍ എന്നിവര്‍ക്കുകീഴില്‍ 10 വയസ്സുമുതല്‍ നാലുവര്‍ഷം തുള്ളല്‍ പഠിച്ചു. 16 വര്‍ഷം കോട്ടയ്ക്കല്‍ കൃഷ്ണന് കുട്ടിനായര്‍ കഥകളി ചൊല്ലിയാടിച്ചു. ഈ അഭ്യാസത്താല്‍ അടിയുറച്ച കഥകളി ആട്ടക്കാരനായിത്തീര്‍ന്നു. സതീദേവിയാണ് നന്ദകുമാരന് നായരുടെ ഭാര്യ. അധ്യാപകരാണ് മക്കള്‍- അനിതയും ആതിരയും. ആതിര അച്ഛന്റെ ശിഷ്യയുമാണ്. കണ്ണകിയില്‍ ഒന്നിച്ചു ചേര്‍ന്നിരുന്നു. ഷൊര്‍ണ്ണൂരില്‍ ഈ മാസം 11ന് ശനിയാഴ്ച നന്ദകുമാരന് നായരുടെ സപ്തതി ആഘോഷിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: