കോഴിക്കോട്: അര്‍ബുദ ചികിത്സാ ഗവേഷണമേഖലയില്‍ സഹകരിക്കാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയും കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ ധാരണയായി. ഇരു സ്ഥാപനങ്ങളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. മൂന്നു വര്‍ഷത്തേക്കാണ് ഇപ്പോള്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
പതിനഞ്ച് വര്‍ഷത്തിലേറെയായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നടക്കുന്ന അര്‍ബുദ ചികിത്സയെക്കുറിച്ച് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ശാസ്ത്രീയ അപഗ്രഥനം നടത്തും. ആയുര്‍വേദ മരുന്നുകള്‍ തന്മാത്ര തലത്തില്‍ എങ്ങനെ ഫലപ്രദമായി എന്നും പഠിക്കും. ആയുര്‍വേദത്തിലും അലോപ്പതിയിലും അര്‍ബുദ ചികിത്സ നടത്തുന്നുണ്ടെങ്കിലും സങ്കരവൈദ്യമല്ല ഗവേഷണം മാത്രമാണ് ലക്ഷ്യമെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് സൂപ്രണ്ടും ട്രസ്റ്റിയുമായ ഡോ. പി. മാധവന്‍കുട്ടി വാര്യരും എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എംവിആര്‍ കാന്‍സര്‍ സെന്ററിലെ ആധുനിക ഗവേഷണസൗകര്യങ്ങള്‍ കോട്ടക്കല്‍ ആര്യവൈദ്യശാല പ്രയോജനപ്പെടുത്തും. ഗവേഷണങ്ങള്‍ക്ക് കേന്ദ്ര ശാസ്ത്ര ഗവേഷണ കൗണ്‍സില്‍, അമേരിക്കയിലെ ക്ലീവ്ലാന്റ് ക്ലിനിക്, ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാല എന്നീ സ്ഥാപനങ്ങളുമായും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ധാരണയായിട്ടുണ്ട്.
എംവിആര്‍ കാന്‍സര്‍ സെന്റര്‍ സിഇഒ ഡോ. ഇഖ്ബാല്‍ അഹമ്മദ്, ഡോ. മുഹമ്മദ് ബഷീര്‍, ഡോ. ദിനേഷ് മാക്കുനി, ടി.വി. വേലായുധന്, കോട്ടക്കല്‍ ആര്യവൈദ്യശാല സൂപ്രണ്ട് ഡോ. കെ. മുരളീധരന്, ഡോ.പി.ആര്. രമേഷ്, ഡോ.കെ.എം. മധു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: