മാധ്യമപ്രവര്‍ത്തക, മോഡല്‍, അധ്യാപിക എന്നീ റോളുകളില്‍നിന്ന് സ്വപ്നം കണ്ട മേഖലയിലേക്ക് എത്തപ്പെട്ടതിന്റെ സന്തോഷത്തിലാണ് എന്‍.പി. നിസ. അനൂപ് മേനോന്റെ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ എന്ന ചിത്രത്തില്‍ തുളസി ദാമോദര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് നിസ അവതരിപ്പിക്കുന്നത്. വി. കെ. പ്രകാശിന്റെ കെയര്‍ഫുളിലൂടെയാണ് നിസ അഭിനയലോകത്തേക്ക് എത്തിയത്. കാന്‍വാസ് എന്ന ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ജീവിതത്തിന്റെ എല്ലാ തലത്തില്പ്പെട്ടവരുമായും നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ സിനിമാ ലൊക്കേഷന്‍ വേറൊരിടമായി അനുഭവപ്പെട്ടിരുന്നില്ലെന്ന് നിസ പറയുന്നു. അമൃത ചാനലില്‍ സംപ്രേഷണം ചെയ്ത വനിതാരത്നമാണ് തന്നിലെ അഭിനേത്രിയെ കണ്ടെത്താന്‍ നിസയെ സഹായിച്ചത്. ചാനല്‍ ഷോകള്‍ക്കുവേണ്ടി അനൂപ് മേനോന് ഉള്‍പ്പടെയുള്ള സിനിമാ മേഖലയിലെ നിരവധിപേരുമായി അഭിമുഖം നടത്തിയിരുന്നു. ആ പരിചയമാണ് സിനിമയിലേക്ക് എത്തിച്ചത്.
$തുളസി ദാമോദറിലേക്ക്
അനൂപ് മേനോന് അവതരിപ്പിക്കുന്ന സഞ്ജയ് പോളിന്റെ ജീവിതത്തിലേക്ക് പ്രത്യേക സാഹചര്യത്തില്‍ തിരിച്ചുവരുന്ന കഥാപാത്രമാണ്. നമ്മുടെ മുന്വിധികളാവില്ല മറ്റുള്ളവര്‍ക്കെന്ന് തുളസിയുടെ ജീവിതം കാണിച്ചുതരുന്നു. സഞ്ജയ് പോള്‍ എന്ന ഷെഫിന്റേയും അഞ്ജലി എന്ന മെഴുകുതിരി ഡിസൈനറുടേയും പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്.
അനൂപ് മേനോന്റെ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്കുള്ള ആഴമാണ് എന്നെ ആകര്‍ഷിച്ചത്. അവരുടെ വൈകാരികത, ബന്ധം എന്നിവയ്ക്കെല്ലാം കൊടുക്കുന്ന പ്രാധാന്യം. അത് തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതയും. എന്റെ മെഴുതിരി അത്താഴങ്ങളിലും അത് പ്രകടമാണ്. കഥാപാത്രങ്ങളുടെ മനോവ്യാപാരം എന്തായിരിക്കണമെന്ന കൃത്യമായ ധാരണ അനൂപ് മേനോനുണ്ട്. സൂരജ് തോമസാണ് ചിത്രത്തിന്റെ സംവിധായകന്. പരസ്യചിത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. അതിനാല്‍ ഒരു സീന്‍ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ചിന്ത അദ്ദേഹത്തിനുണ്ട്. ആ മനോഹാരിത ചിത്രത്തിലും പ്രകടമാണ്.
തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്ന സാധാരണ പെണ്‍കുട്ടിയാണ് തുളസി. അങ്ങനെ സംസാരിക്കാന്‍ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. ന്യൂസ് റീഡര്‍ ആയിരുന്നതിനാലാവാം ഡബ്ബിങ് നന്നായിത്തന്നെ ചെയ്യാന്‍ സാധിച്ചു. കഥാപാത്രത്തിന് സ്വന്തം ശബ്ദംതന്നെ നല്കാന് സാധിച്ചത് ഭാഗ്യമാണ്. ചിത്രത്തിലെ തുളസിയുമായി എനിക്ക് യാതൊരു സാമ്യവുമില്ല. ജീവിതത്തില്‍ ഞാന്‍ അങ്ങനെയല്ല. ഡബ്ബിങ് സമയത്ത് ചില രംഗങ്ങള്‍ കുറച്ചുകൂടി ഭംഗിയാക്കാം എന്ന തോന്നലുണ്ടായി. അഭിനേത്രിയെന്ന നിലയില്‍ക്കൂടി ആളുകള്‍ തിരിച്ചറിയുന്നതിന്റേയും നല്ല അഭിപ്രായം കേള്‍ക്കുന്നതിന്റേയും സന്തോഷത്തിലാണിപ്പോള്‍.
$മാധ്യമ പ്രവര്‍ത്തക, അധ്യാപിക
വെല്ലുവിളികള്‍ നിറഞ്ഞ മാധ്യമ ലോകത്തിന്റെ ഭാഗമായിരുന്നതിനാല്‍ എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുകളുണ്ട്. അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് അത് വ്യക്തമാക്കാനുള്ള ആര്‍ജ്ജവവും. സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുക പതിവായിരുന്നു. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ ആളുകളോട് സംവദിക്കാനുള്ള വേദിയായി.
മാധ്യമ പ്രവര്‍ത്തകയില്‍നിന്ന് അധ്യാപികയായപ്പോള്‍ അത്തരത്തില്‍ പ്രതികരിക്കുന്നതിന് പരിമിതിയുണ്ട്. അധ്യാപക കുടുംബമായിരുന്നതിനാല്‍ അധ്യാപനത്തോട് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ ആര്‍എംഎച്ച്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മലയാളം അധ്യാപികയാണ്. കുട്ടികള്‍ക്കിപ്പോള്‍ ഞാനൊരു നടിയാണെന്ന് അറിയാം. അധ്യാപിക എന്ന നിലയില്‍ കുട്ടികളുടെ മനസ്സ് അറിയാന്‍ ശ്രമിക്കാറുണ്ട്.
$സ്വപ്നങ്ങള്‍ക്കുപിന്നാലെ
ജീവിതത്തെക്കുറിച്ച് യാതൊരു മുന്‍വിധികളുമില്ല. ഒന്നും പ്ലാന്‍ ചെയ്യാറില്ല. കുടുംബത്തില്‍ ഒരുവിധം എല്ലാവരും അധ്യാപകരായിരുന്നു. സ്വാഭാവികമായി ഞാനും ആ വഴിതന്നെ തിരഞ്ഞെടുത്തു. ജേര്‍ണലിസ്റ്റ് ആവണം എന്നതും സ്വപ്നമായിരുന്നു. ഇഷ്ടപ്പെട്ട ആ മേഖലയിലും കഴിവ് തെളിയിക്കാനായി. ഇതിനേക്കാള്‍ എല്ലാം ഉപരിയായിരുന്നു സിനിമയോടും മോഡലിങ്ങിനോടുമുള്ള പാഷന്. അവിടേയും എത്താന്‍ സാധിച്ചു. ഒരിടത്ത് മാത്രം ഒതുങ്ങിക്കൂടാതെ എന്താണോ ആഗ്രഹിച്ചത് അതിലേക്ക് എത്താനുള്ള ദൃഢനിശ്ചയമാണ് ഇവിടംവരെ എത്തിച്ചത്. ഓരോ മേഖലയും നല്കുന്ന സന്തോഷം വ്യത്യസ്തമാണ്. വിപിന്‍ ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്ലേബോയ് ആണ് അടുത്ത ചിത്രം. തുളസിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇതിലെ കഥാപാത്രം.
$കുടുംബം
എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് കുടുംബാംഗങ്ങള്‍. അച്ഛന് എന്‍.പി. ഉണ്ണികൃഷ്ണന് അധ്യാപകനായിരുന്നു. പൊതുപ്രവര്‍ത്തകനുമാണ്. അമ്മ ചന്ദ്രിക കൃഷി ഓഫീസറായിരുന്നു. മകള്‍ സിയ സുലോ. ഞാന്‍ അഭിനേത്രിയായപ്പോള്‍ അമ്മയുടെ മേലുള്ള ചില അധികാരങ്ങള്‍ ഇല്ലാതാകുമോ എന്ന ചിന്തയുണ്ട് അവള്‍ക്ക്. എന്നാലും ഉള്ളില്‍ നല്ല സന്തോഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: