പശുവളര്‍ത്തല്‍ അടക്കമുള്ള കാര്‍ഷികവൃത്തികള്‍ ലാഭകരമാക്കാനും ലളിതമാക്കാനും ആധുനികവത്കരണം കൊണ്ടുവരാനുമുള്ള തീവ്രശ്രമത്തിലാണ് കടുത്തുരുത്തി കപിക്കാട് കുറ്റിടയില്‍ ടോം തോമസ്. എഞ്ചിനീയറിങ്ങോ, അക്കാദമിക്ക്, മെക്കാനിക്കല്‍ പശ്ചാത്തലമോ ഇല്ലാത്ത സാധാരണ കര്‍ഷകനായ ടോം തോമസ് അനുഭവത്തിന്റെ തീവ്രമായ വെളിച്ചത്തിലാണ് തന്റെ കണ്ടെത്തലുകളിലേക്ക് എത്തുന്നത്. യന്ത്രങ്ങളുടെ സഹായം മനുഷ്യാധ്വാനത്തെ എത്രമാത്രം ലളിതമാക്കുന്നുവെന്ന തിരിച്ചറിവാണ് ടോമിന്റെ ഊര്‍ജ്ജം. ഈ അറിവ് കാലം സമ്മാനിച്ചതാണ്. നാട്ടറിവും കേട്ടറിവും പ്രായോഗിക പരിജ്ഞാനവും സമന്വയിപ്പിച്ചതാണ് അദ്ദേഹത്തിന്റെ നിര്‍മ്മാണ കൗശലം.
ടോം കൗ ലിഫ്റ്റ്
വീണുപോകുന്ന പശുക്കളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി സംരക്ഷിക്കാന്‍ സഹായിക്കുന്ന യന്ത്രമാണ് ടോം കൗ ലിഫ്റ്റ്. അസുഖം മൂലമോ, അപകടം മൂലമോ, കാല്‍സ്യത്തിന്റെ കുറവു മൂലമോ, മറ്റു കാരണങ്ങളാലോ വീണുപോകുന്ന പശുക്കളെ ഉയര്‍ത്തുന്നതിനാണ് ഇതുപയോഗിക്കുന്നത്. പ്രസവത്തോട് അനുബന്ധിച്ചാണ് സാധാരണ പശുക്കള്‍ വീണുപോകുന്നത്. വീണുപോകുന്ന പശുക്കളെ നാല് മണിക്കൂറിനകം എഴുന്നേല്പ്പിച്ചില്ലെങ്കില് പിന്നീട് അവ എഴുന്നേല്ക്കാന് പ്രയാസമായിരിക്കും. ഇതിന് പരിഹാരം അന്വേഷിച്ച ടോം ചെന്നെത്തിയത് തന്റെ യന്ത്രത്തിലാണ്. ഇരുമ്പ് ഉപയോഗിച്ചാണ് യന്ത്രത്തിന്റെ നിര്‍മ്മാണം. പെട്രോളോ, വൈദ്യുതിയോ, മോട്ടറോ ആവശ്യമില്ലാത്ത ഈ യന്ത്രത്തിന്റെ നിര്‍മ്മാണ ചെലവ് 25000 രൂപയാണ്. ഇപ്പോള്‍ തന്നെ ആയിരത്തിലേറെ പശു, പോത്ത്, എരുമ എന്നീ മൃഗങ്ങളെ ഈ യന്ത്രം ഉപയോഗിച്ച് ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇരുപതിലേറെ യന്ത്രങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. സൊസൈറ്റികളും ക്ഷീരസംഘങ്ങളും യന്ത്രം വാങ്ങിയിട്ടുണ്ട്. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിന്റെ സേവനസന്നദ്ധത കണ്ട് രണ്ട് യന്ത്രം തുശ്ചമായ വിലക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ കുറുന്തൊഴുത്ത്
പ്രസവത്തിനുശേഷം കറവയ്ക്ക് സമ്മതിക്കാതെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്ന പശുക്കളെ അടക്കി നിര്‍ത്തി അനായാസം കറക്കാന്‍ ഉപകരിക്കുന്ന യന്ത്രമാണ് ഇത്. ഈ ഉപകരണം പശുവിന്റെ കാലില്‍ ഘടിപ്പിക്കുന്നതാണ്. നിരവിധി ക്ഷീരസംഘങ്ങള്‍ ഈ ഉപകരണം ഉപയോഗിക്കുന്നു
ഫ്ളൈ ട്രാപ്പ്
ഈച്ചകളെ നശിപ്പിക്കുന്ന ഉപകരണമാണിത്. ഈച്ചകളെ നശിപ്പിക്കുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ തടയാനാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
കാഫ് പുള്ളര്‍
പ്രസവിക്കാന്‍ ബുദ്ധിമുട്ടുന്ന പശുവിനും എരുമയ്ക്കും സുഖപ്രസവമൊരുക്കുന്ന ഉപകരണമാണ് കാഫ് പുള്ളര്‍. കിടാവ് തടസം കൂടാതെ പുറത്തുവരുവാനും പശുക്കള്‍ക്കും കിടാവിനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതെയും ഈ ഉപകരണം സഹായിക്കുന്നു.
സോളാര്‍ ഡ്രൈ ഫ്രൂട്ട്സ്
വാഴപ്പഴം, ചക്ക, ചക്കപ്പഴം എന്നിവ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കാനുപകരിക്കുന്ന ഉപകരണമാണ് സോളാര്‍ ഡ്രൈ ഫ്രൂട്ട്സ്.
ട്യൂബ്വെല് പ്രൊട്ടക്ടര്‍
കുഴല്‍ക്കിണറുകളില്‍ നിന്ന് മനുഷ്യാധ്വാനമില്ലാതെ അനായാസേന മോട്ടോറുകള്‍ ഉയര്‍ത്താനും താഴ്ത്താനും ഉപകരിക്കുന്ന ഉപകരണമാണിത്.
എയര്‍ ബോട്ട്
വെള്ളം നിറഞ്ഞ ഉള്‍പ്പാടങ്ങളില്‍ നിന്ന് കരയിലേക്ക് പുല്ല് വളരെ വേഗത്തില്‍ എത്തിക്കുന്നതിനായി കണ്ടുപിടിച്ച ഉപകരണമാണ് ടോം എയര്‍ ബോട്ട്. കുട്ടനാടന്‍ മേഖലകളില്‍ ഈ ഉപകരണം ഏറെ പ്രയോജനകരമെന്ന് ടോം തോമസ് പറയുന്നു.
കര്‍ഷകനായ ടോം തോമസിന്റെ കണ്ടുപിടുത്തത്തെ വീട്ടുകാരും നാട്ടുകാരും പ്രോത്സാഹിപ്പിക്കുന്നു. സംഘടനകളും, സര്‍ക്കാര്‍ ഏജന്‍സികളും, സൊസൈറ്റികളും പശുവളര്‍ത്തലിലും ജൈവകൃഷിയിലും ക്ലാസെടുക്കാന്‍ ഇദ്ദേഹത്തെ ക്ഷണിക്കാറുണ്ട്. ഭാര്യ ഷൈല ടോം. മക്കളായ ടോജനും എബി ടോമും വിദേശത്താണ്. മകള്‍ ടെസി ടോം നാട്ടിലും. ഈ സാധാരണ കര്ഷകന് അന്വേഷണത്തിലാണ്, പുത്തന്‍ അറിവ് തേടി യാത്രയിലാണ്.
ഫോണ്‍: 9496722304
പ്രതികരിക്കാൻ ഇവിടെ എഴുതുക: