ഡോ. അനിൽകുമാർ വടവാതുർ
പ്രസിദ്ധ ശാസ്ത്ര സാഹിത്യകാരനായ ജ്യൂള്വെര്ണെയുടെ ശ്രദ്ധേയമായ ഒരു ശാസ്ത്ര നോവലാണ് ‘ജേര്‍ണി ടു ദി സെന്റര്‍ ഓഫ് എര്‍ത്ത്.’ ‘ഭൂകേന്ദ്രത്തിലേക്ക് ഒരു യാത്ര’ എന്ന് ഏകദേശ തര്‍ജമ. കഥ പുറത്തുവന്നത് 1864-ലാണ്. ഭൂമിയുടെ കേന്ദ്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുള്ള ഒരു പ്രാചീന ലിഖിതം ജര്‍മ്മന്‍ പ്രൊഫസറായ ഓട്ടോ ലിഡന്‍ ബ്രോക്കിന് ലഭിച്ചു. ഐസ്ലാന്റിലെ പഴയൊരു അഗ്നിപര്‍വത തുരങ്കത്തിലൂടെ നെടുനാള്‍ സഞ്ചരിച്ചാല്‍ ഭൂകേന്ദ്രത്തിലെത്തിച്ചേരാമെന്നായിരുന്നു പ്രാചീന രഹസ്യരേഖയില്‍ വിശദീകരിച്ചിരുന്നത്. പ്രൊഫസര്‍ ആവേശഭരിതനായി. തന്റെ അനന്തരവന് അക്സലിനെയും കൂട്ടി പ്രൊഫ. ലിഡന്‍ ഡ്രോക്ക് ഭൂമിയെ കണ്ടെത്താനുള്ള സാഹസിക യാത്ര തുടങ്ങി. ഹാന്‍സ് എന്നൊരു ഗൈഡിനെയും കൂടെക്കൂട്ടി.
സ്തോഭജനകമായൊരു യാത്രയായിരുന്നു അത്. ഞെട്ടിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകളാണവരെ കാത്തിരുന്നത്. മാരകമായ നിരവധി സംഭവങ്ങളെ അവര്‍ അഭിമുഖീകരിക്കേണ്ടിവന്നു. മലവെള്ളവും അഗ്നിയും ചരിത്രാതീത ഭീകരജീവികളും അവര്‍ക്ക് തടസ്സമായി. ഭൂമിക്കടിയിലെ നദിയും രാക്ഷസന് കൂണുകളും ഭൂഗര്‍ഭ കടലും അവര്‍ കണ്ടു. ഭൂഗര്‍ഭ സമുദ്രത്തിന് ‘ലിഡന്‍ ബ്രോക്ക്’ സമുദ്രമെന്ന് പേരിടാന്‍ നമ്മുടെ പ്രൊഫസര്‍ മറന്നില്ല. ആ സമുദ്രത്തിന്റെ നടുവില്‍ കണ്ടെത്തിയ ദ്വീപിന് അനന്തരവനെ ഓര്‍ത്ത് ‘നക്സല്‍’ ദ്വീപെന്നും പേരിട്ടു. അനന്തവും അപകടകരവുമായ ആ അന്വേഷണത്തിനൊടുവില്‍ കൂറ്റന്‍ അഗ്നിപര്‍വത സ്ഫോടനത്തില്‍പ്പെട്ട് ഒരു ഭൗമഗുഹയിലൂടെ അവര്‍ തെറിച്ച് ഭൂമുഖത്തേക്ക് എത്തുന്നിടത്താണ് കഥ അവസാനിക്കുന്നത്. തെക്കെ ഇറ്റലിയിലുള്ള സ്ട്രോംബോളി അഗ്നിപര്‍വതത്തിനു മേലാണ് അവര്‍ തെറിച്ചുവീണത്.
പഴയ സോവിയറ്റ് യൂണിയന് ഭൂമിയുടെ ഉള്ള് കണ്ടെത്തുന്നതിന് ലക്ഷ്യമിട്ട് തുരങ്കം സൃഷ്ടിച്ചതും ജൂണ്‍ വെര്‍ണെയുടെ കഥയും തമ്മില്‍ ചെറുതല്ലാത്ത സാമ്യമാണുള്ളത്. വെര്ണെ കഥയെഴുതി ഒരു നൂറ്റാണ്ടിനുശേഷമാണ് സോവിയറ്റ് യൂണിയന് ഭൂമിയെ തുളയ്ക്കാന് കോപ്പിട്ടിറങ്ങിയതെന്നുമാത്രം. റഷ്യയിലെ പീച്ചന്സ്കി ജില്ലയിലെ കോലാ ഉപദ്വീപായിരുന്നു ആ ശാസ്ത്രാഭ്യാസം. ആ തുരങ്കം അറിയപ്പെടുന്നത് കോലാ സൂപ്പര്‍ ഡീപ്പ് ബോര്‍ഹോള്‍.
ഭൂമിയുടെ അകക്കാമ്പില്‍ ആദ്യമെത്താനുള്ള നീക്കമായിരുന്നു സോവിയറ്റ് യൂണിയന് നടത്തിയത്. അമേരിക്കയ്ക്ക് മുന്‍പേ വലിയൊരു ശാസ്ത്രനേട്ടം കൈവരിക്കാന്‍. 1970 മെയ് 24 നാണ് ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള തുരങ്കം നിര്‍മിക്കാന്‍ തുടങ്ങിയത്. വിവിധ സീരിയലുകളില്പെട്ട, യുറാല്മഷ് ഡ്രില്ലിങ്ങ് റിഗ്ഗുകളുടെ സഹായത്തോടെയായിരുന്നു തുരങ്ക നിര്‍മാണം. അങ്ങനെ 1989 ആയപ്പോഴേക്കും ഒന്‍പതിഞ്ച് വ്യാസമുള്ള ഈ കുഴല്‍കിണറിന്റെ ആഴം 40230 അടിയെത്തി. 12262 മീറ്റര്‍. (പന്ത്രണ്ട് കിലോമീറ്ററില്‍ ഏറെ) അന്ന് ലോകത്തിലെ ഏറ്റവും ആഴമുള്ള ഈ കുഴല്‍ കിണറിന് എസ്ജി-3 എന്ന പേരുമിട്ടു. ‘ഗംഭീരമായ ഒരു സാഹസം’ എന്നാണ് ഈ തുരങ്ക നിര്‍മാണത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്.
ഭൂഗര്‍ഭ ശാസ്ത്ര പ്രകാരം ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ ഒരു ശാസ്ത്രപരീക്ഷണമായിരുന്നു കോലാ സൂപ്പര്‍ഡീപ്പ് ബോര്‍ഹോള്‍. രണ്ടര ബില്യന്‍ വര്‍ഷം പഴക്കമുള്ള പാറകളാണ് കുഴിക്കലിനിടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. അതിസൂക്ഷ്മ ഫോസിലുകളുടെ രൂപത്തില്‍ 24 ഏകകോശ സമുദ്ര സസ്യങ്ങളെയും ഭൂഗര്ഭത്തിന്റെ അഗാധതകളില്‍ കാണാന്‍ കഴിഞ്ഞു. ഖനനത്തിനിടെ വന്‍തോതിലുള്ള ഹൈഡ്രജന്‍ നിക്ഷേപവും കാണുകയുണ്ടായി. ചെളിയും ഹൈഡ്രജനും ചേര്‍ന്ന് തിളച്ച മിശ്രിതം ഖനനത്തിനിടെ ചീറ്റിത്തെറിച്ചു. ഭൂപ്രതലത്തില്നിന്നും കിലോമീറ്ററുകള്‍ ആഴത്തില്‍ ജലസാന്നിദ്ധ്യം കാണപ്പെട്ടതും ശാസ്ത്രജ്ഞര്‍ക്ക് ഏറെ കൗതുകം പകര്‍ന്നു. കിലോമീറ്ററുകള്‍ താഴ്ചയില്‍നിന്നും അതിമര്‍ദ്ദം മൂലം ജലം ഉയരത്തിലേക്കെത്തിപ്പെട്ടതാണത്രെ.
കുഴിച്ച് കുഴിച്ച് ആഴങ്ങളിലെത്തിയപ്പോള് പാറയുടെ സാന്ദ്രത തീരെ കുറഞ്ഞ് മെഴുകിന്റെ സ്വഭാവം കൈക്കൊണ്ടു. ചൂട് രൂക്ഷമായതോടെ ഡ്രില്‍ ചെയ്യാനുപയോഗിക്കുന്ന ബിറ്റുകള്പോലും ഉരുകി വളഞ്ഞു. ഭൂമിക്കടിയില്‍നിന്ന് അത്യുഗ്രമായ അഗ്നിജ്വാലകള്‍ ഉയര്‍ന്നതായും, അസ്വാഭാവികമായ ശബ്ദഘോഷങ്ങള്‍ ഉയര്‍ന്നതായും ചിലര്‍ പറയുന്നു. ഏതായാലും 1992-ല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ചു. തുടര്‍ന്ന് 2005-ല്‍ ഈ പ്രോജക്ട് പൂര്‍ണമായും അടച്ചുപൂട്ടുകയും കുഴല്‍ സീല്‍ ചെയ്യുകയും ചെയ്തു. കുഴല്‍ കിണര്‍ കുത്തിയതിന് പത്ത് കിലോമീറ്റര്‍ അകലെ ചെറുനഗരമായ ‘സപ്പോളിയാര്‍നി’യില്‍ ഖനനാവശിഷ്ടങ്ങള്‍ പ്രദര്‍ശനത്തിന് വയ്ക്കുകയും ചെയ്തു.
1957-ല്‍ അമേരിക്ക ‘പ്രോജക്ട് മോള്ഹോള്’ എന്ന പേരില്‍ ഒരു പ്രോജക്ട് ആരംഭിച്ചിരുന്നു. ഭൂമിയുടെ അകപ്പൊരുള്‍ അറിയുന്നതിന് പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിലാണ് അവര്‍ കുഴല്‍ കുത്തിയിറക്കിയത്. പക്ഷേ 1966-ല്‍ ആ പ്രോജക്ട് അടച്ചുപൂട്ടി.
റഷ്യയിലെ സൂപ്പര്‍ലീഡ് ബോര്‍ഹോളിനു പുറമെ ഭൂവത്കത്തെ ആഴത്തില്‍ മാന്തിക്കുഴിച്ച രണ്ട് ബോര്‍ഹോളുകള്‍കൂടി ഇന്ന് നിലവിലുണ്ട്. ക്വറ്റാളിലെ അല്‍ഷഹീന്‍ എണ്ണക്കിണര്‍ ആണ് അതില്‍ പ്രമുഖന്. ആഴം 12289 മീറ്റര്‍. റഷ്യയിലെ സഖാലിന് ദ്വീപിനടുത്ത് കടലിലെ എണ്ണക്കിണര്‍ ആയ സഖാലിനിന് 12345 മീറ്ററാണ് ആഴം.
ലക്ഷ്യം എന്തുതന്നെ ആയിരുന്നാലും 35 കിലോമീറ്റര്‍ കനമുള്ള ബാള്‍ട്ടിക് ഷീല്‍ഡ് കോണ്ടിനന്റല് ക്രസ്റ്റിന്റെ മൂന്നിലൊന്ന് ആഴം വരെയെത്താന്‍ സൂപ്പര്‍ലീഡ് ബോര്‍ഹോളിനു കഴിഞ്ഞു. ഭൂവത്കത്തിന്റെ ഘടന, അഗാധതകളിലെ സീസ്മിക് വ്യതിയാനങ്ങള്‍, ഭൗതികവും രാസപരവുമായ മാറ്റങ്ങള്‍, ഫോസിലുകളുടെ പ്രത്യേകതകള്‍, പ്ലേറ്റുകളുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടാന്‍ ബോര്‍ഹോള്‍ ശാസ്ത്രജ്ഞരെ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: