കേരളത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പൊതുമേഖലാ സ്ഥാപനം കെഎസ്ആര്‍ടിസിയാണ്. കെടുകാര്യസ്ഥതയുടേയും നഷ്ടങ്ങളുടേയും ജീവനക്കാരുടെ ശമ്പളം ഇല്ലായ്മയുടേയുമൊക്കെ പേരിലാണ് കെഎസ്ആര്‍ടിസി സ്ഥിരം വാര്‍ത്തകളില്‍ ഇടം പിടിക്കുക. വകുപ്പു മന്ത്രിമാരുടേയും മാനേജിംഗ് ഡയറക്ടര്‍മാരുടേയും തലതിരിഞ്ഞ പരിഷ്ക്കാര ശ്രമങ്ങളും ഇടയ്ക്കിടെ ചൂടന്‍ വാര്‍ത്തകളാകും. വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ മാത്രമല്ല നഷ്ടത്തിന്റെ കണക്കിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് വര്‍ഷങ്ങളായി തുടരുന്ന പൊതുമേഖലാ സ്ഥാപനം എന്ന പദവിയും കെഎസ്ആര്‍ടിസിക്കാണ്. മാറിമാറി വന്ന സര്‍ക്കാരുകള്‍ പലതരത്തില്‍ തേച്ചുകുളിപ്പിച്ചിട്ടും ആനവണ്ടി കോര്പ്പറേഷന് നന്നാകുന്നില്ല. കുളിപ്പിച്ചവര്‍ക്ക് അഴിമതി കാട്ടാനുള്ള വെള്ളാനയായി മാറിയതു മാത്രം മിച്ചം.
പുതിയൊരു കുളിപ്പിക്കല്‍ പരിപാടിയാണ് മേഖലാ വിഭജനം. മൂന്നു മേഖലകളായിട്ടാണ് തിരിക്കുക. മേഖലയായി തരംതിരിച്ചതു വഴി കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും എന്നാണ് വകുപ്പു മന്ത്രിയും മറ്റും അവകാശപ്പെടുന്നത്. സര്‍വ്വീസുകളും ചട്ടങ്ങളും ഒക്കെ മാറും. മേഖലാ ആഫീസുകളും തിരുവനന്തപുരത്തെ മുഖ്യ ആഫീസിന്റെ മാതൃകയിലാകും പ്രവര്‍ത്തിക്കുക. എം.ഡിയുടെ ഒരു പ്രതിനിധി എന്ന നിലയിലാവും മേഖലാ ഡയറക്ടര്‍മാരുടെ പ്രവര്‍ത്തനം. അതേ അധികാരങ്ങളും ഉണ്ടാകും. അധികാര കേന്ദ്രങ്ങള്‍ അധികമായുണ്ടാകുന്നു എന്നതിനപ്പുറം എന്ത് പ്രയോജനം?… എന്നതു സംബന്ധിച്ച് വിശ്യാസ്യ യോഗ്യമായ വിശദീകരണം നല്കാന് ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല.
സ്ഥാപനത്തിന്റെ പുന:സംഘടനയെക്കുറിച്ചു പഠിച്ച പ്രഫ.സുശീല്‍ ഖന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മൂന്നായി തിരിച്ചത്. കെഎസ്ആര്‍ടിസി യാത്രയെ കൂടുതലും ആശ്രയിക്കുന്നത് സാധാരണക്കാരും മലയോരത്തുള്ളവരുമൊക്കെയാണ്. നല്ല ലാഭകരമായി മാറ്റാന്‍ മേഖലകള്‍ പ്രാവര്‍ത്തികമാവുന്നതോടെ സാധിക്കും. ആദിവാസി മേഖലകളിലേതടക്കം ലാഭം നോക്കാതെ സര്‍വ്വീസ് നടത്തും. മറ്റൊന്ന് സര്‍വ്വീസുകളുടെ കൃത്യത അതാത്് സ്ഥലത്ത് തന്നെ പരിശോധിക്കാന്‍ സാധിക്കും.
സര്‍വ്വീസുകള്‍ ചിലത് നഷ്ടമായിരിക്കുമെങ്കിലും അതിനെ മറ്റ് സര്‍വ്വീസുകള്‍ ലാഭകരമാക്കി, ഇത്തരം സര്‍വ്വീസുകളെ നിലനിര്‍ത്തി പോരാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാനും മറ്റും മേഖലകള്‍ക്ക് സാധിക്കുമെന്നൊക്കെയാണ് വിഭജനത്തിനെ ന്യായീകരിക്കാന്‍ പറയുന്നത്. കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇത്തരം കാര്യങ്ങള്‍ സാധ്യമാക്കാന്‍ നാടു നീളെ ആഫീസ് തുറക്കേണ്ടതുണ്ടോ?.
തൊളിലാളികളെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന ഭരണ പരിഷ്ക്കാരത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്ര വിരുദ്ധ സമരത്തിന് തയ്യാറെടുക്കുകയാണ് കോര്‍പ്പറേഷനിലെ ഇടതു സംഘടനകള്‍. കേന്ദ്ര റോഡ് സുരക്ഷാ ബില്ലിന്റെ പേരില്‍ പണിമുടക്കിനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: