എന്തിനേയും വര്‍ഗീയമായും മതപരമായുമുള്ള കണ്ണുകളിലൂടെ കാണുക എന്ന പതിവുശൈലി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷങ്ങള്‍ ഒരിക്കല്‍ക്കൂടി പുറത്തെടുത്തിരിക്കുകയാണ് ആസാമില്‍. ദേശീയപ്രശ്നമായ അവിടത്തെ പൗരത്വവിഷയം ന്യൂനപക്ഷ വിരുദ്ധനടപടിയായി ചിത്രീകരിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ഈ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നടപടിയുമല്ല. ഏറെക്കാലമായി ആസാമില്‍ നീറിനില്ക്കുന്ന പ്രശ്നമാണ് പൗരത്വപ്രശ്നം. അതിനു സുപ്രീംകോടതി നിര്‍ദേശിച്ച പരിഹാരനടപടിയുടെ ഭാഗമാണ് പൗരത്വ കണക്കെടുപ്പ്. പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരടുപട്ടിക പുറത്തുവന്നതോടെ 40 ലക്ഷം പേര് അതിനുപുറത്തായി എന്ന സത്യം നിലനില്ക്കുന്നു. പക്ഷേ, ഇതു കരടുമാത്രമാണെന്നും തിരുത്താന്‍ ഇനിയും അവസരമുണ്ടെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിക്കുമ്പോഴും ന്യൂനപക്ഷങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയായാണ് പ്രതിപക്ഷങ്ങള്‍ ഇതിനെ ചിത്രീകരിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ദേശീയ പൗരത്വരജിസ്റ്റര്‍ (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍) പുതുക്കുന്നത് എന്ന കാര്യംപോലും അവര്‍ മറന്നുകളയുകയോ മറച്ചുവയ്ക്കുകയോ ചെയ്യുന്നു.
1971ല്‍ ബംഗ്ളാദേശ് യുദ്ധകാലത്ത് വന്‍തോതില്‍ അഭയാര്‍ഥികള്‍ അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് ആസാമിലേക്ക് അഭയാര്‍ഥികളായി എത്തിയിരുന്നു. ബംഗ്ളാദേശ് രൂപവത്ക്കരണത്തിനുശേഷം അവിടെനിന്നു കുടിയേറ്റം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഫലത്തില്‍ ആസാമിലെ ജനങ്ങളില്‍ നല്ലൊരുഭാഗം ബംഗ്ളാദേശില്‍ നിന്നുള്ള വിദേശികളാണെന്നും ഇത് തദ്ദേശീയരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നും പരാതിയുയര്‍ന്നു. ഇത് സംസ്ഥാനത്ത് അസ്വസ്ഥത പടര്‍ത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് 1980ലാണ് ആസാമില്‍ വീണ്ടും പൗരത്വ കണക്കെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നത്. സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തിയതും. ഇന്ത്യന്‍ പൗരന്മാരേയും കുടിയേറ്റക്കാരേയും തിരിച്ചറിയുകയായിരുന്നു ഉദ്ദേശ്യം. 1971നു മുന്‍പ് ഇന്ത്യയില്‍ ജീവിച്ചിരുന്നവരോ ആ വര്‍ഷത്തെ ബംഗ്ളാദേശ് പിറവിക്കുമുന്‍പ് ഇന്ത്യയില്‍ എത്തിയവരോ ആണെന്ന് രേഖാമൂലം തെളിയിക്കുന്നവര്‍ക്കാണ് പൗരത്വം ലഭിക്കുക. മറ്റുള്ളവരെ അഭയാര്‍ഥികളായി കണക്കാക്കും. എങ്കിലും അവര്‍ക്കെതിരെ വിവേചനമൊന്നും ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കണക്കെടുപ്പിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. മൊത്തം അപേക്ഷകര്‍ 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേര്‍ക്കാണ് അന്തിമ കരടുപട്ടികയില്‍ സ്ഥാനം. ആദ്യപട്ടികയില്‍ ഇത് 1.90 കോടിയായിരുന്നു. രണ്ടാം ഘട്ടത്തിലും പട്ടികയില്‍ ഇടം കിട്ടാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ സെപ്റ്റംബര്‍ 28 വരെ സമയം നല്‍കിയിട്ടുമുണ്ട്.
പൗരന്മാരുടെ കൃത്യമായ കണക്കും തിരിച്ചറിയല്‍ സംവിധാനവും ഏതൊരു രാഷ്ട്രത്തിന്റെയും അടിസ്ഥാന വിഷയമാണ്. അത് ഇന്ത്യയുടെ മാത്രം കാര്യമല്ല. അഭയാര്‍ഥികള്‍ എന്ന പേരിലും കുടിയേറ്റക്കാരെന്ന പേരിലും രാജ്യത്തേയ്ക്കു വരുന്നവരേയും ഇവിടത്തെ പൗരത്വമുള്ളവരേയും തിരിച്ചറിയാന്‍ സംവിധാനമുണ്ടായേ പറ്റൂ. ലോകമെങ്ങും തീവ്രവാദ ഭീഷണി അസ്വസ്ഥത പടര്‍ത്തുമ്പോള്‍ പ്രത്യേകിച്ചും. പലരൂപത്തിലുള്ള കുടിയേറ്റങ്ങള്‍ക്കും അഭയാര്‍ഥി പ്രവാഹത്തിനും സാക്ഷ്യം വഹിച്ച നാടാണിത്. അടുത്ത കാലത്തെ രോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്നം ഇന്നും നിലനില്‍ക്കുന്നുണ്ട്. അക്കാര്യത്തിലും യുക്തവും ശക്തവുമായ നടപടിയുണ്ടാവുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പ്രഖ്യാപിച്ചിട്ടുമുണ്ട്. കുടിയേറ്റങ്ങള്‍ക്കും അഭയാര്‍ഥികളുടെ പ്രവാഹത്തിനും പ്രധാനമായും വേദിയാകുന്നത് അതിര്‍ത്തി സംസ്ഥാനങ്ങളാണ്. അത്തരം പ്രതിഭാസത്തിന്റെ ഫലം അനുഭവിച്ച സംസ്ഥാനമാണ് ആസാം. അതിന്റെ ദൂഷ്യഫലം അനുഭവിച്ചറിഞ്ഞ ഇന്ത്യന്‍ ജനതയുടെ ആവശ്യത്തില്‍ നിന്നാണ് രാജ്യത്തെ പരമോന്നത നീതിപീഠം പുതിയൊരു കണക്കെടുപ്പ് എന്ന തീരുമാനത്തിലെത്തിയത്. അതു നടപ്പാക്കുക മാത്രമാണിന്നു ചെയ്തുവരുന്നത്. അതു ദേശസുരക്ഷയുടെ കാര്യം കൂടിയാണ്. അതിന്റെ അന്തിമഘട്ടംവരെ കാത്തിരിക്കാനുള്ള സഹിഷ്ണുതയെങ്കിലും രാഷ്ട്രം ഇവിടത്തെ ഉത്തരവാദിത്തപ്പെട്ട കക്ഷികളില്‍ നിന്നു പ്രതീക്ഷിച്ചാല്‍ തെറ്റു പറയുന്നതെങ്ങിനെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: