കേരളം ക്രമസമാധാന രംഗത്തുള്‍പ്പെടെ ഒന്നാം സ്ഥാനത്താണെന്ന സര്‍ക്കാര്‍ പരസ്യം നെഞ്ചോട് ചേര്‍ത്ത് അഭിമാന വിജൃംഭിതരായ നമ്മുടെ മുഖത്തേക്കാണ് പെരുമ്പാവൂരിലെ ബിരുദ വിദ്യാര്‍ത്ഥിനി നിമിഷയുടെ ചോര ചിതറിത്തെറിച്ചിരിക്കുന്നത്. ഗംഗാജലം കൊണ്ട് കഴുകിയാലും ആ ചോരക്കറ പോവില്ല. ഇതര സംസ്ഥാന തൊഴിലാളിയായാലും അല്ലെങ്കിലും അക്രമത്തിന്റെ രീതിക്കോ വ്യാപ്തിക്കോ ഒരു വ്യത്യാസവുമില്ലെന്നതാണ് അറിയേണ്ടത്. ജിഷയുടെ നാട്ടുകാരിക്കു തന്നെ വീണ്ടും ദുരന്തമുണ്ടായ ഈ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്ന കൂര്‍ത്തുമൂര്‍ത്ത ചോദ്യം അവിടെ നില്ക്കട്ടെ. അക്രമികള്‍ക്കും ഗുണ്ടകള്‍ക്കും ക്വട്ടേഷന്‍ കൊലയാളികള്‍ക്കും ഇടതു സര്‍ക്കാര്‍ എന്തൊക്കെ സഹായങ്ങളാണ് ചെയ്തുകൊടുക്കുന്നത് എന്നതാണ് സമൂഹത്തെ ഭീതിപ്പെടുത്തുന്നത്.
സമൂഹത്തിന് മുമ്പില്‍ സാമൂഹിക ഉത്തരവാദിത്തത്തിന്റെ തണല്‍മരമായി നിന്നിരുന്നയാളെ വെട്ടി തുണ്ടമാക്കിയ പ്രതികള്‍ക്ക് സര്‍വവിധ ആനുകൂല്യങ്ങളും സൗജന്യങ്ങളും വാരിക്കോരി കൊടുക്കുന്ന ഒരു ഭരണകൂടമുള്ളപ്പോള്‍ അക്രമികള്‍ പേടിക്കേണ്ട കാര്യമില്ലല്ലോ. നാട്ടിലേതിനെക്കാള്‍ സുരക്ഷിതത്വവും സൗകര്യവും ജയിലില്‍ കിട്ടുമെങ്കില്‍ ആരാണ് ക്വട്ടേഷനും അതുമായി ബന്ധപ്പെട്ട കുടില പ്രവൃത്തികളും ചെയ്യാതിരിക്കുക. അക്രമികള്‍ക്കു നല്‍കിയിരിക്കുന്ന ഈ സന്ദേശം സമൂഹത്തിന്റെ സൈ്വര-സമാധാനാന്തരീക്ഷത്തിന് നേരെയുള്ള ആഗ്നേയാസ്ത്രമല്ലേ?
ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് മറ്റൊരു പ്രതികള്‍ക്കും ലഭിക്കാത്ത തരത്തിലുള്ള പരോളും തുടര്‍ സൗജന്യങ്ങളുമാണ് ഇടതു സര്‍ക്കാര്‍ അനുവദിച്ചുകൊടുത്തിരിക്കുന്നത്. നാലു വര്‍ഷത്തെ ജയില്‍വാസത്തിനിടെ സിപിഎം നേതാവ് കുഞ്ഞനന്തന് മൊത്തം ഒരു വര്‍ഷമാണ് പരോള്‍ നല്‍കിയിരിക്കുന്നതെന്ന് അറിയുമ്പോള്‍ വെള്ളരിക്കാപട്ടണത്തെക്കാള് നീചമായ അവസ്ഥയിലാണെന്നല്ലേ മനസ്സിലാക്കേണ്ടത്. അക്രമികള്‍ക്കു സൈ്വരവിഹാരം നടത്തുന്നതിനാണോ കേരളം ക്രമസമാധാനത്തില്‍ ഒന്നാം നമ്പര്‍ എന്നു പറയുക. കുഞ്ഞനന്തനൊപ്പമുള്ള ഇതേ കേസിലെ മറ്റു പ്രതികള്‍ക്കും ജയില്‍ സുഖവാസകേന്ദ്രമാണ്. വിഐപികള്‍ക്ക് കിട്ടുന്ന പരിഗണനയാണ് അവര്‍ക്കും ലഭിക്കുന്നത്. ഇത്തരക്കാര്‍ ഔദ്യോഗിക ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇതിലും കൊടിയ കുറ്റങ്ങള്‍ ചെയ്യാനല്ലേ പ്രേരിപ്പിക്കപ്പെടുക. സര്‍ക്കാര്‍ ഔദ്യോഗിക ക്വട്ടേഷന്‍ സംഘത്തെ എല്ലാവിധ സൗകര്യങ്ങളോടും കൂടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ക്രിമിനല്‍ മനസ്സുള്ളവരുടെ ഭരണത്തില്‍ ഇതൊക്കെ ഇവ്വിധമായില്ലെങ്കിലാണല്ലോ അത്ഭുതപ്പെടേണ്ടത്.
കുറ്റവാസനയിലൂടെ വളരുകയും അത് സമൂഹമൊട്ടാകെ പടര്‍ത്തി ജനങ്ങളെ തങ്ങളുടെ പേശീബലത്തിന്റെ വടിവാള്‍ വീശി ഒപ്പം നിര്‍ത്തുകയും ചെയ്യുന്ന ക്രിമിനല്‍ രാഷ്ട്രീയമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളത്. ഓരോ സംഭവമായി എടുത്ത് പരിശോധിച്ചാല്‍ ഇത് ആര്‍ക്കും ബോദ്ധ്യമാവുന്നതാണ്. അതുകൊണ്ടുതന്നെയാണല്ലോ പത്തുമുപ്പത്തഞ്ചുകൊല്ലം ഭരിച്ച ബംഗാളില്‍ നിന്ന് അവരെ തൊഴിച്ചെറിഞ്ഞത്. അവിടെ നിന്നുള്ളവരാണ് പണിയും തുണിയുമില്ലാതെ ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിരിക്കുന്നത്. തങ്ങളുടെ ക്വട്ടേഷന്‍ സംഘത്തിലേക്ക് ഇവരില്‍ നിന്ന് റിക്രൂട്ട്മെന്റ് നടത്തി ജയിലില്‍ വിഐപിയായി വാഴിക്കാനുള്ള തന്ത്രം ഇടതു മുന്നണിക്കുണ്ടെന്നാണ് തോന്നുന്നത്. എന്തും ചെയ്തോളൂ സര്‍ക്കാറുണ്ട് കൂടെ എന്നാണല്ലോ മുദ്രാവാക്യം. സാധാരണ ജനങ്ങള്‍ക്ക് സമാധാനപൂര്‍വം ജീവിച്ചുപോകാനുള്ള അന്തരീക്ഷം അനുദിനം നഷ്ടപ്പെടുകയാണെന്നത് കാണാതിരുന്നുകൂടാ. അതിന് അറുതിവരുത്താന്‍ കൊലയാളി ഒത്താശ ഭരണകൂടത്തിനോട് ‘കടക്ക് പുറത്ത്’ എന്നു പറയേണ്ടിയിരിക്കുന്നു. സമാധാനകാംക്ഷികളായ ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്ന സംഭവവികാസങ്ങളാണെങ്ങും. ഇതിനെതിരെ ജനരോഷത്തിന്റെ ചൂടുംചൂരും ഉയര്‍ത്താനാണ് പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ ശ്രമിക്കേണ്ടത്. നിഷ്പക്ഷ ജനത അതേറ്റുപിടിച്ച് മുന്നേറുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: