Categories: Special Article

തിരുവസ്ത്രത്തില്‍ കുമിഞ്ഞുവരുന്ന പാപക്കറകള്‍

Published by

ഫ്രാന്‍സിസ് മാര്‍പ്പാപ്പ  കൂടുതല്‍ മുട്ടുകുത്തുന്നത് അല്‍ത്താരയ്‌ക്കു മുന്നിലാണെങ്കിലും അത്രത്തോളം തന്നെ ഒരു പക്ഷേ അതില്‍ക്കൂടുതലായി തന്റെ ഉള്ളിലും അദ്ദേഹം മുട്ടുകുത്തുന്നുണ്ടെന്നു തോന്നുന്നു. കത്തോലിക്കാ സഭയിലെ ചില പുരോഹിതന്മാരുടെ കാമഭ്രാന്ത് വരുത്തിവെക്കുന്ന അപമാനവും പാപവും പൊറുക്കേണമേയെന്നാണ് ഉള്ളില്‍ മുട്ടുകുത്തി അദ്ദേഹം ദൈവത്തോടു പറയുന്നതെന്ന് ഇപ്പോള്‍ ആര്‍ക്കും മനസിലാകും. ദൈവ നിന്ദയുടെ അങ്ങേയറ്റത്തെ പാപക്കറയായി ഇന്നു കേരളം ചര്‍ച്ചചെയ്യുന്ന ബിഷപ്പും പുരോഹിതന്മാരുമൊക്കെ പ്രതികളായി ആരോപിക്കപ്പെടുന്ന ലൈംഗിക അരാജകത്വത്തിന്റെ റോള്‍ മോഡലുകള്‍ ചെറുതും വലുതുമായി ലോകത്ത് പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

അടുത്തകാലത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കു മുന്‍പിരുന്ന ചില പാപ്പമാര്‍  കര്‍ദിനാള്‍മാരും ബിഷപ്പുമാരും ഉള്‍പ്പെടുന്ന ഉന്നത ശ്രേണിയിലുള്‍പ്പെടെയുളള വൈദികരുടെ ഇത്തരം വഴിപിഴച്ചപോക്കില്‍ ലോകത്തോടു തന്നെ മാപ്പിരന്നവരാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി തിരുവസ്ത്രം ധരിച്ച അനേകം വൈദികരാണ് ലൈംഗിക പേക്കൂത്തുകളില്‍പെട്ട് സഭയെ അപമാനിച്ചത്. ഇതിന്റെ പേരില്‍ കോടിക്കണക്കിനു ഡോളറുകള്‍് ഇരകള്‍ക്കു കൊടുക്കേണ്ടിവന്നു. ഇക്കാരണത്താല്‍ വസ്ത്രം ഊരിയവരും ജയിലില്‍പ്പോയവരുമുണ്ട്. സെമിനാരികളില്‍ വൈദിക പഠനത്തിനായി വന്നവരും അല്ലാത്തവരുമായ കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമൊക്കെയാണ് ഇങ്ങനെ  ഇരയാക്കപ്പെട്ടത്. 

ഇതിനിടയിലാണ്  അമേരിക്കയില്‍ കത്തോലിക്കാസഭയിലെ പ്രശസ്ത കര്‍ദ്ദിനാള്‍ തിയോഡര്‍ മാക് കാരിക് പീഡനക്കേസില്‍ അകപ്പെട്ട്  വത്തിക്കാന് തലവേദനയുണ്ടാക്കിയിരിക്കുന്നത്. എണ്‍പത്തെട്ടുകാരനാണ്  കര്‍ദ്ദിനാള്‍. ഇക്കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തിന്റെ രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു. മുന്‍പ് വാഷിംങ്ടണിലെ ആര്‍ച്ച് ബിഷപ്പായിരുന്ന അദ്ദേഹത്തിനെതിരെ നിരവധി കേസുകളാണ് ഇത്തരത്തില്‍ നിലവിലുള്ളത്. ഇതില്‍ പത്തുവയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചകേസും ഉള്‍പ്പെടും. വെള്ളിയാഴ്ച് കര്‍ദ്ദിനാള്‍് അയച്ചുകൊടുത്ത രാജിക്കത്താണ് പാപ്പ അംഗീകരിച്ചത്. പതിനൊന്നുകാരനെ കൂടാതെ സെമിനാരിയിലെ മുതിര്‍ന്ന ചില വ്യക്തികളുമായും അദ്ദേഹം ഇത്തരം ബന്ധം തുടര്‍ന്നുപോന്നിരുന്നു.

തങ്ങള്‍ വൈദിക പട്ടത്തിനു സെമിനാരിയില്‍ പഠിക്കുന്നവേളയില്‍ കര്‍ദ്ദിനാള്‍ നിര്‍ബന്ധിച്ച് ന്യൂജെഴ്‌സിയിലെ ബീച്ച് ഹൗസില്‍ കൂടെ ശയിപ്പിച്ചിരുന്നുവെന്ന് അനേകര്‍ തെളിവു നല്‍കുകയുണ്ടായി. പതിറ്റാണ്ടുകളായിട്ട് ഇത്തരം പാപക്കറയില്‍ ജീവിക്കുകയായിരുന്നു അദ്ദേഹം എന്നാണ്  തെളിഞ്ഞിരിക്കുന്നത്. പതിറ്റാണ്ടിനുമുന്‍പ് നടന്ന ചില പീഡനത്തിന്റെ പേരില്‍ കാരികിനെ രക്ഷിക്കാനായി ന്യൂജെഴ്‌സിയിലെ രണ്ടു ഇടവകകള്‍ 2005ലും 2007ലും ഇരകള്‍ക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നതായി കഴിഞ്ഞിടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. കാനോന്‍ വിചാരണ നേരിടാനിരിക്കുന്ന ഈ വേളയില്‍ പ്രാര്‍ഥനയും പശ്ചാത്താപവുമായി കഴിയാനാണ് പ്രാന്‍സിസ് മാര്‍പ്പാപ്പ കര്‍ദ്ദിനാളിനു നല്‍കിയിരിക്കുന്ന ഉപദേശം. 

ഇക്കഴിഞ്ഞ  ജൂണ്‍ 20 മുതല്‍ കര്‍ദ്ദിനാള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് വത്തിക്കാന്‍ വിലക്കിയിരുന്നു. ഒപ്പം അന്വേഷണവും നടക്കുകയായിരുന്നു. വൈദിക സമൂഹത്തിലെ ഉന്നതര്‍ ഇടപെട്ട ഇത്തരം ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട് വലിയൊരു പ്രതിസന്ധിയാണ് അമേരിക്കയിലെ കത്തോലിക്കാസഭ നേരിട്ടുകൊണ്ടിരിക്കുന്നത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts