ഭരത്ഗോപി ഓര്‍മ്മയായിട്ട് ഒരു പതിറ്റാണ്ടു തികയുന്നു. മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ അഭിനയത്തികവിനെയാണ് ഭരത്ഗോപിയുടെ തിരോധാനത്തിലൂടെ നമുക്ക് നഷ്ടമായത്.കയറൂരിവിട്ട കോമാളികളുടേയും കണ്ണീരിന്റേയും ലോകത്തുനിന്ന് മലയാള സിനിമയെ ശക്തമായൊരു സാംസ്കാരിക മാദ്ധ്യമത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തിയതില്‍ അദ്ദേഹം വഹിച്ച പങ്ക് സിനിമാലോകം എന്നും ഓര്‍ക്കും. ജനപ്രിയതയുടെ കള്ളക്കമ്മട്ടത്തിലടിച്ചിറക്കുന്ന കമ്പോള സിനിമയുടെ പ്രളയത്തിലും ഭരത്ഗോപി ജീവന് നല്കിയ കഥാപാത്രങ്ങള്‍ ഇന്നും കാലത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേയ്ക്ക് കവച്ചു നില്ക്കുന്നതും അതുകൊണ്ടുതന്നെ.
മലയാളി മുഷിഞ്ഞുപോയൊരു നായക സങ്കല്‍പ്പവുമായി കഴിയുമ്പോഴാണ് ഭരത്ഗോപിയുടെ രംഗപ്രവേശം. മലയാളിക്ക് നായകനാവണമെങ്കില്‍ പൂവന് പഴത്തിന്റെ ചേലുതന്നെ വേണമെന്നാണ് പ്രമാണം. സ്ത്രൈണതയോട് വളരെ അടുത്തുനില്ക്കുന്ന ഒരു തരം നായക സങ്കല്‍പ്പം. മുഖം നിറയെ വസൂരിക്കലയുമായി പ്രത്യക്ഷപ്പെടുന്ന മഹാനടനായ ഓംപുരിയെ മലയാളിക്ക് ഇന്നും ഉള്‍ക്കൊള്ളാനാവുമെന്നു തോന്നുന്നില്ല. ഒരേ അച്ചില്‍ വാര്‍ത്തെടുത്ത ആവര്‍ത്തന വിരസമായ കഥാപാത്രങ്ങള്‍, അളന്നുമുറിച്ച സംഭാഷണം, കൃത്രിമത്വം മുഴച്ചു നില്ക്കുന്ന ശരീരഭാഷ ഇതെല്ലാം ചേരുംപടിചേര്ത്തുവച്ചതായിരുന്നു അന്നത്തെ സിനിമ. ചെറിയൊരു സിനിമാഗാനം ചിത്രീകരിക്കുന്നതിനിടയില്‍ തലയില്‍ മുടിയുള്ളവര്പോലും വിഗ്ഗുകള്‍ മാറ്റി മാറ്റിവെയ്ക്കുന്ന കാലം. അപ്പോഴാണ് കഷണ്ണ്ടി കയറിയ തലയുമായി മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യന് മേല്‍പ്പറഞ്ഞ നായക സങ്കല്‍പ്പത്തെ അപ്പാടെ കീഴ്മേല്‍ മറിച്ചുകൊണ്് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മലയാളിക്ക് അന്നുവരെ അന്യമായ ഒരു സിനിമാറ്റിക് കള്‍ച്ചറിന്റെ കൊടിയേറ്റത്തിന് അതു നിമിത്തമായിത്തീരുകയും ചെയ്തു.
ഗോപിയെന്ന കലാകാരന് അഭിനയലോകത്ത് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത് കൊടിയേറ്റത്തിലെ കേന്ദ്ര കഥാപാത്രമായ ശങ്കരന്‍കുട്ടിയാണ്. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ഉയരങ്ങളില്‍ പാറിനടക്കുകയും പെണ്ണുങ്ങള് കുളിക്കുന്ന കടവിലേക്ക് നീന്തിക്കയറുകയും ചെയ്യുന്ന ഒരു കഥാപാത്രം. ഒടുവില്‍ തന്റെ സ്വപ്നലോകത്തു നിന്നും ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് മൂക്കുകുത്തി വീഴുമ്പോള്‍ അടഞ്ഞ വാതിലിനു മുന്നില്‍ തലതല്ലിക്കരയുന്ന ശങ്കരന്‍കുട്ടിയെ ആര്‍ക്കാണ് മറക്കാനാവുക. തന്റെതല്ലാത്ത കുറ്റത്തിന് ജീവിതത്തില്‍ നിന്നും പുറത്താക്കപ്പെടുന്നവന്റെ അതീവ സങ്കീര്‍ണ്ണമായ അന്തഃസംഘര്‍ഷങ്ങള്‍ ഇത്രമാത്രം തന്മയത്വത്തോടുകൂടി അതും അയത്ന ലളിതമായി ആര്‍ക്കാണ് അവതരിപ്പിക്കാനാവുക ? ഇവിടെ അഭിനയത്തിന്റെ സുകൃതമെന്തെന്ന് നാം അറിയുന്നു. സിനിമയില്‍ കഥയുടെയും ആസ്വാദനത്തിന്റേതുമായ തലത്തിനപ്പുറത്ത് അപഗ്രഥനത്തിന്റേതായൊരു തലവും കൂടിയുണ്ടെന്ന് അനുവാചകനെ ഓര്‍മ്മപ്പെടുത്തിയ മുഹൂര്‍ത്തം കൂടിയായിരുന്നു അത്. യാഥാര്‍ത്ഥ സിനിമയുടെ അനന്തസാധ്യതകളറിയുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാന ചാതുര്യവും കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും.
അറിഞ്ഞതാവിഷ്കരിക്കാനുള്ള കലാകാരന്റെ ആത്മ നൊമ്പരത്തെക്കുറിച്ച് ബാലചന്ദ്രന് ചുള്ളിക്കാട് ഒരിടത്തു പറയുന്നുണ്ട്. ”അറിഞ്ഞതില്‍പ്പാതി പറയാതെ പോയി. പറഞ്ഞതില്‍പ്പാതി പതിരായും പോയി” എന്നായിരുന്നു ആ പരിദേവനം. കവിതയില്‍നിന്ന് അഭിനയത്തിലേക്ക് കടക്കുമ്പോള്‍ അത് കുറേക്കൂടി ദുഷ്കരമാവുന്നു. ഇവിടെ കഥാപാത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നിലേക്ക് ആവാഹിച്ചുവെയ്ക്കുന്നിടത്താണ് നടന്റെ വിജയം. ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ തനതായൊരു ‘പരകായപ്രവേശം’ തന്നെ. നടന് പൂര്‍ണ്ണമായും രംഗത്തു നിന്ന് നിഷ്ക്രമിക്കുകയും കഥാപാത്രം മാത്രം അരങ്ങിലവശേഷിക്കുകയും ചെയ്യുന്ന അഭിനയത്തിന്റെ അജ്ഞാതമായ രസതന്ത്രം. സ്വയംവരത്തിലെ തൊഴില്‍ രഹിതനില് നിന്നാരംഭിക്കുന്ന അഭിനയയാത്ര വെട്ടിക്കാട്ട് സദാനന്ദനിലെത്തി നില്ക്കുമ്പോള് എണ്‍പതില്‍പ്പരം സിനിമകളിലൂടെ ഗോപി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ മേല്‍പ്പറഞ്ഞ അജ്ഞാതമായ രസതന്ത്രത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളായി നമുക്കു മുന്നില്‍ പുനര്‍ജനിക്കുന്നു. യവനികയിലെ തബലിസ്റ്റ് അയ്യപ്പന്, ഓര്‍മ്മക്കായ് എന്ന ചിത്രത്തിലെ ഊമ, കള്ളന് പവിത്രനിലെ മാമച്ചന്, ഷെയ്ക്സ്പിയര്‍ കൃഷ്ണപിള്ള അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍, കൊടിയേറ്റത്തിലെ ശങ്കരന്കുട്ടിയില് നിന്നും തബലിസ്റ്റ് അയ്യപ്പനിലേക്കുള്ള അകലം ഒരു നിത്യവിസ്മയമായി ഇന്നും നമുക്ക് മുന്നിലവശേഷിക്കുന്നു.
അഭിനയത്തില്‍ തനതായൊരു ശൈലി വേണമെന്ന നിര്ബ്ബന്ധക്കാരനായിരുന്നു അദ്ദേഹം. അഭിനയിക്കുന്ന ഏത് കഥാപാത്രത്തിനും ഒരു ഗോപി ടച്ച് വേണമെന്ന വാശി. മുഖ്യാധാരാ സിനിമാരംഗത്തെ അറിയപ്പെടുന്ന നിര്‍മ്മാതാക്കള്‍ വച്ചുനീട്ടിയ വേഷങ്ങള്‍ അദ്ദേഹം നിരാകരിച്ചു. എണ്‍പത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ അതിലേറെ ചിത്രങ്ങളില്‍ കൈവന്ന അവസരങ്ങള്‍ ബോധപൂര്‍വ്വം ഉപേക്ഷിച്ചതായി അദ്ദേഹം ഒരഭിമുഖത്തില്‍ പറയുകയുണ്ടായി. പണത്തേക്കാളേറെ കാതലുള്ള കഥാപാത്രങ്ങളുടെ പിറകെയായിരുന്നു അദ്ദേഹം. വിദേശ സിനിമകളെ അദ്ദേഹം ഉള്‍ക്കൊണ്ടു. എന്നാല്‍ അന്ധമായി അനുകരിക്കുന്നതിനോടും കഥാപാത്രങ്ങളെ ഇങ്ങോട്ട് പറിച്ചുനടുന്നതിനോടും അദ്ദേഹം വിയോജിച്ചു. കഥാപാത്രങ്ങളുടെ വേരുകള്‍ മലയാള മണ്ണിലേക്കും മലയാളിയുടെ മനസ്സിലേക്കും ഇറങ്ങിനില്ക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. സിനിമയെക്കുറിച്ച് എഴുതിയ പ്രസിദ്ധമായ കൃതിയിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹം വച്ചു പുലര്‍ത്തിയ വ്യത്യസ്തമായ-തനതായ കാഴ്ചപ്പാട് നമുക്ക് അനുഭവപ്പെടും.
ഇവിടെ ഗോപിയെന്ന അഭിനയപ്രതിഭയെ പുരസ്കാരങ്ങള്‍ തേടിയെത്തിയത് സ്വാഭാവികം മാത്രം. പ്രാദേശികതലത്തില്‍ നിന്നു തുടങ്ങി അന്തര്‍ദേശീയ തലത്തിലുള്ള പുരസ്കാരങ്ങളിലേയ്ക്ക് അത് വളര്ന്നുനില്ക്കുന്നു. ചെറിയ കാലയളവിനുള്ളില്‍ അഞ്ച് നാഷണല്‍ അവാര്‍ഡുകള്‍ അദ്ദേഹം കരസ്ഥമാക്കി. ഏറ്റവും നല്ല നടന് (കൊടിയേറ്റം) നിര്‍മ്മാതാവ് (പാഥേയം) ശക്തമായ സാമൂഹിക വിഷയങ്ങള്‍ അവതരിപ്പിച്ച സിനിമ(യമനം) സിനിമയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം (അഭിനയം അനുഭവം) പത്മശീ എന്നിവയായിരുന്നു ആ അംഗീകാരങ്ങള്‍.
ഏറ്റവും നല്ല നടനുള്ള 8 സംസ്ഥാന അവാര്‍ഡുകളും 4 ഫിലിം ഫെയര്‍ അവാര്‍ഡുകളും, 4 ക്രിട്ടിക്ക് അവാര്‍ഡുകളും. രണ്ട് ഗള്‍ഫ് മലയാളി അവാര്‍ഡുകളുമടക്കം പുരസ്കാരങ്ങള്‍ പലതും വാരിക്കൂട്ടുന്നതിനിടയില്‍ മലയാള സിനിമയെ സമ്പന്നമാക്കിയ 5 ചിത്രങ്ങള്‍ സംവിധാനം ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. സംസ്ഥാനതലത്തില്‍ ലഭിച്ച അംഗീകാരത്തില്‍ മൂന്നു ചിത്രങ്ങളുടെ രചനകൂടി ഉള്‍പ്പെടുന്നു. അഭിനയിച്ച രണ്ടാമത്തെ ചിത്രത്തിലൂടെ (കൊടിയേറ്റം) ദേശീയ പുരസ്കാരം നേടിയ ആദ്യത്തെ മലയാളിയെന്ന അപൂര്‍വ്വമായ ബഹുമതിയും ഗോപിയ്ക്കുമാത്രം. ഇതിനെല്ലാം പുറമേ ഏഷ്യാപെസഫിക് ഇന്റര്‍നാഷണല്‍ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. ഫ്രഞ്ചു സര്‍ക്കാര്‍ ലോകത്തെ അഭിനയപ്രതിഭകളെ ആദരിക്കാനായി അഞ്ചു ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ പരിഗണിച്ച ഏക മലയാളിയും ഭരത്ഗോപി തന്നെ. സ്മിതാപാട്ടീല്‍, നസ്റുദ്ദീന്‍ ഷാ, ഓംപുരി, അമിതാഭ് ബച്ചന് എന്നിവര്‍ക്ക് മാത്രമാണ് മറ്റു ഭാഷകളില്‍ നിന്നായി ഒരു അപൂര്‍വ്വ ബഹുമതി ലഭിച്ചിട്ടുള്ളത്. അപ്പോഴും മലയാളത്തില്‍ നിന്ന് ഭരത്ഗോപി മാത്രം.
ദീര്‍ഘകാലം ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം ബി.ജെ.പിയുടെ ആശയാദര്ശങ്ങളിലാകൃഷ്ടനായി പാര്‍ട്ടിയിലേക്ക് കടന്നുവരികയും സാംസ്കാരിക വിഭാഗത്തിന്റെ അദ്ധ്യക്ഷപദവിയലങ്കരിക്കുകയും ചെയ്തു. പുരസ്കാരങ്ങള്‍ക്കുവേണ്ടി പരസ്പരം പുറം ചൊറിയുന്ന ഇടതുപക്ഷ ക്യാമ്പിലെ ഭാഗ്യാന്വേഷിയാവാന് അദ്ദേഹത്തെ ആത്മാഭിമാനമനുവദിച്ചു കാണില്ല. ബിജെപിയ്ക്ക് തനതായൊരു സാംസ്കാരിക വേദി ഉണ്ടാകണമെന്ന ലക്ഷ്യം വഹിച്ച് കാര്യങ്ങള്‍ നീക്കുന്നതിനിടയിലാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്.
അച്ഛന് വെട്ടിയിട്ട വേറിട്ടവഴി തന്നെ തെരഞ്ഞെടുത്ത മകന് മുരളി ഗോപി നല്കുന്ന പ്രതീക്ഷ വളരെ വലുതാണ്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ‘ടിയാന്’ എന്നീ സിനിമകള്‍ അതാണ് അടയാളപ്പെടുത്തുന്നത്. തിരക്കഥാകൃത്തെന്ന നിലയിലും അഭിനേതാവെന്ന നിലയിലും മുരളി ഒരു പോലെ തിളങ്ങി.
കൊടിയേറ്റത്തില്‍ ചെളിതെറിപ്പിച്ച് കടന്നുപോകുന്ന ലോറിയെ നോക്കി ”എന്തൊരു സ്പീഡ്” എന്ന് അത്ഭുതം കൂറുന്ന ശങ്കരന്‍കുട്ടിയുടെ മുഖത്ത് വിരിയുന്ന നിഷ്കളങ്കമായൊരു പുഞ്ചിരിയുണ്ട്. അരങ്ങിലെന്നപോലെ അണിയറയിലും ആ മനുഷ്യന്റെ മനസ്സില്‍ നിറഞ്ഞു നിന്നത് അതേ നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ട്ടിയുടെ തിരുവനന്തപുരം ഓഫീസില്‍ വച്ച് ആദ്യമായി കണ്ടപ്പോള്‍ മാറിനിന്ന്, അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ എന്റെ മനസ്സ് സ്വപ്നാടനത്തിലായിരുന്നു. ഒരു താരപരിവേഷവും കൂടാതെ ചിരപരിചിതനെപ്പോലെ കടന്നുവന്ന് കൈപിടിച്ച് വീട്ടിലേക്ക് ക്ഷണിച്ചതും അദ്ദേഹം വ്യാപരിച്ചിരിക്കുന്ന സിനിമാലോകത്തെക്കുറിച്ച് വാചാലമായതും സ്നേഹപൂര്‍വ്വം പകര്‍ന്നു തന്ന കാപ്പിയും കഴിച്ച് ഇറങ്ങുമ്പോള്‍ കോഴിക്കോട്ടു വന്നാല്‍ തീര്‍ച്ചയായും വീട്ടില്‍ വരുമെന്ന് പറഞ്ഞ് യാത്രയാക്കിയതും ഇന്ന് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു. സ്നേഹധനായ ആ കലാകാരന്റെ മരണമില്ലാത്ത ആര്ദ്രസ്മരണകള്ക്ക് മുന്നില്‍ ഒരു പിടി മിഴിനീര്‍പ്പൂക്കള്‍.
അറിയപ്പെടുന്ന നിര്‍മ്മാതാക്കള്‍ വച്ചുനീട്ടിയ വേഷങ്ങള്‍ അദ്ദേഹം നിരാകരിച്ചു. വിദേശ സിനിമകളെ അദ്ദേഹം ഉള്‍ക്കൊണ്ടു. എന്നാല്‍ അന്ധമായി അനുകരിക്കുന്നതിനോടും കഥാപാത്രങ്ങളെ ഇങ്ങോട്ട് പറിച്ചുനടുന്നതിനോടും അദ്ദേഹം വിയോജിച്ചു. കഥാപാത്രങ്ങളുടെ വേരുകള്‍ മലയാള മണ്ണിലേക്കും മലയാളിയുടെ മനസ്സിലേക്കും ഇറങ്ങിനില്ക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. സിനിമയെക്കുറിച്ച് എഴുതിയ പ്രസിദ്ധമായ കൃതിയിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹം വച്ചു പുലര്‍ത്തിയ വ്യത്യസ്തമായ-തനതായ കാഴ്ചപ്പാട് നമുക്ക് അനുഭവപ്പെടും.
ഇവിടെ ഗോപിയെന്ന അഭിനയപ്രതിഭയെ പുരസ്കാരങ്ങള്‍ തേടിയെത്തിയത് സ്വാഭാവികം മാത്രം. പ്രാദേശികതലത്തില്‍ നിന്നു തുടങ്ങി അന്തര്‍ദേശീയ തലത്തിലുള്ള പുരസ്കാരങ്ങളിലേയ്ക്ക് അത് വളര്ന്നുനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: