പത്രത്തിന്റെയും; പൊതുവെ പത്രപ്രവര്‍ത്തനത്തിന്റെയും കാര്യത്തില്‍ അവസാന വാക്ക് എന്ന ഒന്നുണ്ടോ? വസ്തുതയുടെ കാര്യത്തില്‍ അങ്ങനെയുണ്ടാവാം. അതുമാറ്റാന്‍ പറ്റാത്തതാണല്ലൊ. അതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടായിയെന്നു വരാം. പ്രത്യേക ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടു സംഭവങ്ങളെ തെറ്റായി വിവരിക്കുന്നത് ഇക്കാലത്തെ ജേര്‍ണലിസത്തിന്റെ സവിശേഷതയാകുന്നു. നരേന്ദ്ര മോദി നയിക്കുന്ന ഇന്നത്തെ കേന്ദ്രസര്‍ക്കാരിനെയും; അതിലെ മുഖ്യകക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയെയും കുറിച്ച് ഇപ്പോള്‍ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെടുന്ന വിവരങ്ങളില്‍ മിക്കതിലും സത്യം മേമ്പൊടിക്കുപോലും ചേര്‍ത്തിട്ടുണ്ടാവില്ല എന്നത് നമുക്ക് നിത്യാനുഭവമാണ്. ഇക്കാര്യത്തില്‍ ഏറ്റവും കടുത്ത രീതിയില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് രാഷ്ട്രീയ സ്വയംസേവക സംഘമാകുന്നു. ഇക്കഴിഞ്ഞ വിജയദശമി ദിവസം നാഗ്പൂരിലെ സംഘ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ക്ഷണിച്ചാദരിക്കപ്പെട്ടത് മഹാമഹിമശ്രീ മുന്‍ രാഷ്ട്രപതി ശ്രീ പ്രണബ് കുമാര്‍ മുഖ്യോപാദ്ധ്യായ ആയിരുന്നു. ആ ക്ഷണം സ്വീകരിച്ചതിന് അദ്ദേഹം അധിക്ഷേപിക്കപ്പെട്ടതിനു കയ്യുംകണക്കുമുണ്ടായിരുന്നില്ല.
വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മുഖര്‍ജി അവസാന സ്ഥാനം കയ്യേല്ക്കുന്നതുവരെ ആ വിശ്വാസത്തില്‍ ഉറച്ചുനിന്നു. പ്രധാനമന്ത്രി പദം നല്കപ്പെടാന് സര്‍വഥാ അനുയോജ്യനും അര്‍ഹനുമായിരുന്നെങ്കിലും, ഓരോ അവസരത്തിലും അതു തട്ടിമാറ്റപ്പെട്ടപ്പോഴും പ്രണബ് മുഖര്‍ജി ആ അവഹേളനം സഹിച്ച് തനിക്ക് നല്കപ്പെട്ട ചുമതല സ്തുത്യര്‍ഹമായി നിര്‍വഹിച്ചു. ഇക്കാലമത്രയും അദ്ദേഹത്തിന്റെ ദൃഷ്ടിയും മനസ്സും മസ്തിഷ്കവും സംഘത്തെ നിരീക്ഷിക്കാനും, പഠിക്കാനുമായി ഉപയോഗിച്ചതിന്റെ ഫലമായാണ് സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ ക്ഷണം സ്വീകരിച്ച് നാഗ്പൂരിലെത്താനും സംഘസ്ഥാപകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും, സ്വയംസേവകര്‍ക്കു മുന്നില്‍ തന്റെ മനോഗതം വിവരിക്കുവാനും കഴിഞ്ഞത്. എന്തായിരുന്നു കോലാഹലങ്ങള്‍.
മുന്‍ സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്ര സിംഗിനെതിരെ ഒരു അവാസ്തവ ആരോപണം ഉന്നയിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പത്രം നാണംകെട്ട അവസരമുണ്ടായി. രാജേന്ദ്രസിങ് എന്ന പേരുള്ള ആരോ ഒരാള്‍ അലഹബാദിലെ ഒരു രജിസ്റ്ററാഫീസില്‍ നടത്തിയ ഒരു വസ്തു ഇടപാടിലെ തിരിമറികള്‍ ആര്‍എസ്എസ് നേതാവിന്റേതായി കഥ കെട്ടിച്ചമയ്ക്കുകയാണ് ആ പത്രം ചെയ്തത്. രാജ്യം മുഴുവനുമുള്ള സംഘവിരുദ്ധമാധ്യമങ്ങള്‍ അതാഘോഷമാക്കി. ആരും അതിന്റെ സത്യാവസ്ഥയറിയാന്‍ പ്രൊഫ. രാജേന്ദ്ര സിംഗ്ജിയെ അന്വേഷിച്ചില്ല.
അദ്ദേഹമാകട്ടെ ഇന്ത്യന്‍ എക്സ്പ്രസ് പത്രാധിപര്‍ക്ക് തന്റെ അച്ഛന് സര്‍ക്കാര്‍ ജോലിയുണ്ടായിരുന്ന കാലത്ത്, സര്‍ക്കാരിന്റെ ഭവനപദ്ധതി പ്രകാരം പതിച്ചുകിട്ടിയസ്ഥലത്തില്‍ തന്റെ ഓഹരിയുണ്ടായിരുന്നത് സംഘകാര്യാലയത്തിനും വിദ്യാഭാരതിയുടെ ഒരു സ്കൂളിനുമായി ദാനം ചെയ്തുവെന്നു, താന്‍ അനികേതനാണെന്നു കത്തയച്ചു. പത്രം കത്തു പ്രസിദ്ധീകരിച്ചുവെങ്കിലും വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാപ്പ് ചോദിക്കാതെ ഖേദം പ്രകടിപ്പിക്കുക മാത്രം ചെയ്തു.
പത്രമാധ്യമങ്ങള്‍ ബോധപൂര്‍വവും അല്ലാതെയും നടത്തുന്ന വ്യാജ അഥവാ സത്യേതര കാര്യപ്രചാരത്തെ പരാമര്‍ശിക്കുകയായിരുന്നു തുടക്കത്തില്‍. ഒരു കാലത്തു പത്രസംബന്ധമായി മാത്രമല്ല ഏതുപൊതുക്കാര്യത്തെക്കുറിച്ചും ആധികാരികമായി അറിയാന്‍ മലയാളികള്‍ക്കിടയില്‍ എന്‍.വി. കൃഷ്ണവാര്യരോട് ചോദിച്ചാല്‍ മതിയായിരുന്നു. അദ്ദേഹം നല്കുന്ന മറുപടി സത്യസന്ധവുമാവുമായിരുന്നു. പത്രവിഷയകമായ കാര്യങ്ങളില്‍ അതു തികച്ചും ശരിയുമായിരുന്നു. പരന്ന വായനയും, ആഴമേറിയ ധാരണയും പറയുന്ന കാര്യത്തോടുള്ള ആത്മാര്‍ത്ഥതയും അതിനദ്ദേഹത്തെ പ്രാപ്തനാക്കി. ഇടതു ചിന്താഗതിക്കാരനെന്ന് പൊതുവേ ധരിക്കപ്പെട്ടിരുന്ന അദ്ദേഹം വശമോ നിറമോ തന്നെ സ്വാധീനിക്കാതെ ശ്രദ്ധിച്ചിരുന്നു. 1968-ല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനദിനമാചരിക്കാന്‍ കോഴിക്കോട്ട് നടത്തപ്പെട്ട സദസ്സില്‍ ക്ഷണിക്കാന്‍ പോയപ്പോള്‍ ഒട്ടും സംശയം കൂടാതെ സമ്മതിക്കുകയും, കൃത്യസമയത്തെത്തി മുഖര്‍ജിയെയും അദ്ദേഹം ബലിദാനിയായതിന്റെ പിന്നിലെ രാജനൈതിക ഗതിവിഗതികളെപ്പറ്റിയും സംസാരിച്ചു. ഗാന്ധിജിയുടെ മാര്‍ഗത്തെ രാജ്യം കൈയൊഴിഞ്ഞതാണ് യഥാര്‍ത്ഥ പ്രശ്നമെന്നുമഭിപ്രായപ്പെട്ടിരുന്നു. അയോധ്യാ പ്രശ്നത്തെക്കുറിച്ച് അതു രൂക്ഷമാകുന്നതിന് മുന്‍പ് അദ്ദേഹം കേരള ശബ്ദത്തിലെഴുതിയ നാലു ലേഖനങ്ങള്‍ ഒരു പ്രതിപത്തിയും കൂടാതെ, പണ്ഡിതോചിതമായി, നിര്‍മ്മമമായി, യുക്തിയുക്ത ചിന്തകള്‍ നിറഞ്ഞതായിരുന്നു. അയോധ്യയില്‍ ക്ഷേത്രമുയരാതിരിക്കാന്‍ കാരണമില്ല എന്നായിരുന്നു വാര്യരുടെ നിഗമനം.
ഇക്കാലത്താണെങ്കില്‍ ഏതു വിഷയത്തിന്റെയും ന്യായാന്യായതകള്‍, അതു ഹിന്ദുത്വ ദ്രോഹകരമാണോ അനുകൂലമാണോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നു കരുതുന്ന മതേതര, ഇടതുപക്ഷ (കു)ബുദ്ധിജീവികളുണ്ട്. അവര്‍ ഒപ്പിട്ട് നല്കുന്ന പ്രസ്താവനകളിറക്കിയാല്‍ അതോടെ കാര്യം ഉറപ്പായി. കുഠുവാ സംഭവമായാലും, മോഹന്‍ലാലിന് ചലച്ചിത്ര പുരസ്കാരച്ചടങ്ങിലെ മുഖ്യാതിഥ്യമായാലും, സക്കറിയ, സച്ചിദാനന്ദന്, സുനില്‍ ഇളയിടം തുടങ്ങിയ 11 പേര്, അല്ലെങ്കില്‍ 21 പേര്, 51 പേര് ഇങ്ങനെ അവസരത്തിനനുസരിച്ച് ഒപ്പിടാന്‍ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നത്ര പേര് ഉണ്ട്. ഹാര്‍ദിക് പട്ടേല്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേശ് തുടങ്ങി ഓരോ പ്രശ്നങ്ങളുമുണ്ടാവും. സക്കറിയയും സച്ചിദാനന്ദനും അവസാന വാക്കുകാരില്‍പ്പെടുന്നു. മാര്‍ക്സിസ്റ്റു പാര്‍ട്ടി ദേശീയ സെക്രട്ടറി യെച്ചൂരി സീതാരാമ സോമയാജിപ്പാടും അക്കൂട്ടത്തില്‍ കാണാറുണ്ട്.
ഇതൊക്കെയെഴുതിയതിനിടയായത് ജന്മഭൂമിയുടെ കോഴിക്കോട് എഡിഷനിലെ കെ. മോഹന്‍ദാസ് അന്വേഷിച്ച ഒരു വിവരത്തിന്റെ കാര്യംകൊണ്ടാണ്. ഒരുകാലത്ത് ഭാരതത്തിലെ ഏറ്റവും പ്രചാരമുള്ള വാരികയെന്നു കൊട്ടിഘോഷിക്കപ്പെട്ടിരുന്ന മലയാള മനോരമയില്‍, തലമുതിര്‍ന്ന പത്രപ്രവര്ത്തകന് തോമസ് ജേക്കബ്ബിന്റെ പംക്തിയില്‍ മലയാള ദിനപത്രങ്ങളില്‍ ഞായറാഴ്ചത്തെ പ്രത്യേക പതിപ്പിന് വാരാദ്യപ്പതിപ്പ് എന്ന് ആദ്യമായി പേര് കൊടുത്തത് മാധ്യമം ആണ് എന്ന് പ്രസ്താവിച്ചിട്ടുണ്ട് എന്നാണ് മോഹന്‍ദാസ് പറഞ്ഞത്. ഞാന്‍ ‘മ’ പ്രസിദ്ധീകരണ വായന നിര്‍ത്തിയിട്ടു വര്‍ഷങ്ങളായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പും നിര്‍ത്തി.
ജന്മഭൂമി പത്രത്തിന്റെ പ്രവര്‍ത്തനത്തിനായുള്ള കമ്പനി രജിസ്ട്രേഷന് തൊട്ട് 26 വര്‍ഷക്കാലം തുടര്‍ച്ചയായി അതിന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്ന ആള് എന്ന നിലയ്ക്ക് ‘വാരാദ്യപ്പതിപ്പ്’ തുടക്കം ജന്മഭൂമിയിലാണെന്നു പറയാന്‍ എനിക്കു കഴിയും. 1977 ല്‍ എറണാകുളത്തുനിന്ന് ജന്മഭൂമി പ്രസിദ്ധീകരിച്ച് തുടങ്ങി ഏതാനും മാസങ്ങള്‍ക്കുശേഷമണ് ഞായറാഴ്ച വാര്‍ത്തകള്‍ക്കപ്പുറമുള്ള ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നതിന് ഒരു പേജ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
പത്രരംഗത്തു വ്യത്യസ്തതയുള്ള ജന്മഭൂമിക്ക്, ഇക്കാര്യത്തിലും തനിമ വേണമെന്ന അഭിപ്രായം, പത്രത്തെ സഹായിക്കാന്‍ സദാ സന്നദ്ധനായിരുന്ന മഞ്ചനാമഠം ബാലഗോപാല്‍ ഉന്നയിക്കുകയും, ഞായറാഴ്ച വാരാന്ത്യമല്ല വാരാദ്യമായതിനാല്‍ ‘വാരാദ്യപ്പതിപ്പ്’ എന്ന പേര് സ്വീകരിക്കപ്പെടുകയും ചെയ്തു. അന്ന് മാധ്യമം പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടില്ല. മാധ്യമത്തില്‍ ചേര്‍ന്നിരുന്ന ടി. വേണുഗോപാല്‍ തന്നെ വാരാദ്യപ്പതിപ്പ് എന്നാണ് അവരും ഉപയോഗിക്കാന്‍ പോകുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു. ജന്മഭൂമി തുടങ്ങിയും മുടങ്ങിയും പിന്നെയും തുടങ്ങിയും പച്ചപിടിച്ചു കയറിവരാന്‍ കാലങ്ങള്‍ പിടിച്ചുവെങ്കിലും വസ്തുതകള്‍ അങ്ങനെയല്ലാതാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: