പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നാണ് പാക് പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനെക്കുറിച്ച് ഏറ്റവും യാഥാര്‍ത്ഥ്യബോധത്തോടെ പറയാവുന്നത്. മുന്‍ ക്രിക്കറ്റ് താരവും പാക് ടീമിന്റെ നായകനുമായിരുന്ന ഇമ്രാന്‍ പുതിയ പാക് പ്രധാനമന്ത്രിയാവുമെന്ന നിലയിലേക്കാണ് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നത്.
ഔദ്യോഗിക ഫലപ്രഖ്യാപനം അനുസരിച്ച് 109 സീറ്റുകളാണ് ഇമ്രാന്റെ പാര്‍ട്ടി നേടിയിരിക്കുന്നത്. ആകെയുള്ള 269 സീറ്റില്‍ 137 വേണം സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷത്തിന്. പാക്കിസ്ഥാന്‍ മുസ്ലിംലീഗിന് 63 സീറ്റും മൂന്നാം സ്ഥാനത്തെത്തിയ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 39 സീറ്റുമാണ് നേടാനായത്. മുന്നണി സര്‍ക്കാരിനായിരിക്കും ഇമ്രാന്‍ നേതൃത്വം നല്‍കുകയെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു. ആരുടെയൊക്കെ പിന്തുണ, എന്തൊക്കെ അടിസ്ഥാനത്തില്‍ നേടിയെടുക്കുമെന്ന് പ്രവചിക്കാനാവില്ല. പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പുകളും ജനാധിപത്യവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നതാണ് സത്യം.
ഇസ്ലാമിക ഭീകരസംഘടനയായ ലഷ്‌ക്കറെ തോയ്ബയുടെ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഹാഫിസ് സയീദിന്റെ അള്ളാഹു അക്ബര്‍ എന്ന പാര്‍ട്ടിക്ക് ഒരു സീറ്റുപോലും നേടാനായില്ല. മുന്നൂറോളം സീറ്റിലാണ് ഇവര്‍ മത്സരിച്ചത്. മത്സരിച്ച മറ്റ് ഭീകരര്‍ക്കും നേട്ടമുണ്ടാക്കാനായില്ല. ഇത് പല ആശയക്കുഴപ്പങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടവരുത്തിയിട്ടുണ്ട്.
ഭീകരവാദത്തിന്റെ പാതയില്‍നിന്ന് പാക്കിസ്ഥാന്‍ പിന്‍വാങ്ങുകയാണെന്ന് ചിന്തിക്കാന്‍ ഇത് ചിലരെ പ്രേരിപ്പിച്ചെന്നിരിക്കും. എന്നാല്‍ ഇങ്ങനെയൊരു മാറ്റം ആഗ്രഹിക്കാമെന്നല്ലാതെ, ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും പിന്നാമ്പുറവും പരിശോധിക്കുമ്പോള്‍ പ്രതീക്ഷാഭരിതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും, സംഭവിക്കാന്‍ പോകുന്നില്ലെന്നും വ്യക്തമാവും. ഇമ്രാന്‍ഖാന്റെ ഇപ്പോഴത്തെ അപ്രതീക്ഷിത വിജയം പാക് സൈന്യം സമ്മാനിച്ചതാണെന്ന് കരുതുന്നവര്‍ ഏറെയാണ്. തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് പാക് സൈന്യത്തിന് നന്ദിപറഞ്ഞ ഇമ്രാന്റെ നടപടി ഔപചാരികതയുടെ പേരില്‍ അല്ലെന്നുറപ്പ്. അപ്പോള്‍ പഴയ വീഞ്ഞ് പുതിയ വ്യക്തിയില്‍ എന്നായി മാറുന്നു.
കായികതാരത്തിന്റെ ഗ്ലാമര്‍ പരിവേഷമുള്ള ഇമ്രാന്‍ഖാന് പാക്കിസ്ഥാനില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട് ഏറെ ആരാധകര്‍. എന്നാല്‍ രാഷ്‌ട്രീയ നേതാവായ ഇമ്രാനെ വിലയിരുത്തുന്നത് പണ്ടത്തെ താരപരിവേഷം വച്ചാവരുത്. പാക്കിസ്ഥാന്റെ സ്രഷ്ടാവു തന്നെയായ മുഹമ്മദലി ജിന്നയുടെ കടുത്ത ആരാധകനാണ് താനെന്ന് ഇമ്രാന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജിന്ന സ്വപ്‌നംകണ്ട രാജ്യമായി പാക്കിസ്ഥാന്‍ മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇമ്രാന്‍ ഒരിക്കല്‍ പറയുകയുണ്ടായി.
പാക്കിസ്ഥാനില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ് മതനിന്ദ. ഈ നിയമത്തെ താന്‍ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും ഇമ്രാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതിന് പിന്നാലെ ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ നടത്തിയ പ്രസ്താവന തന്റെ ഭരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏത് ദിശയിലായിരിക്കുമെന്ന കൃത്യമായ സൂചന നല്‍കുന്നു. 30 വര്‍ഷമായി ഇന്ത്യന്‍ സൈന്യം കശ്മീരില്‍ കൊടിയ മനുഷ്യാവകാശലംഘനമാണ് നടത്തുന്നതെന്ന് പറയുമ്പോള്‍ മുന്‍ഗാമികളുടെ പാതയില്‍ത്തന്നെയാണ് ഇമ്രാനെന്നും വ്യക്തമാവുന്നു.
ഇമ്രാന്റെ വിജയത്തോടെ പാക്കിസ്ഥാനില്‍ കാതലായ മാറ്റമുണ്ടാകുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റി അയയ്‌ക്കുന്ന ആ രാജ്യത്തിന്റെ നയത്തിന് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. തെഹ്‌രിക് ഇ ഇന്‍സാഫിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇമ്രാനെ മുന്‍നിര്‍ത്തി പാക് സൈന്യം തന്നെ രാജ്യം ഭരിക്കും. ഏതു പാര്‍ട്ടി സര്‍ക്കാരുണ്ടാക്കുന്നു, ആര് പ്രധാനമന്ത്രിയാകുന്നു എന്നൊന്നും നോക്കാതെ അന്താരാഷ്‌ട്ര തലത്തില്‍നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടാവുകയും, ഭീകരവാദത്തെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയും ചെയ്താലല്ലാതെ മറ്റൊരു പാക്കിസ്ഥാന്‍ സാധ്യമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: