Categories: Special Article

ചാരുവിന്റെ, ജഗന്നാഥന്റെ, പദ്മപാണിയുടെ, അപരാജിതയുടെ ഇതിഹാസം

Published by

ഇത് ചാരുലതയുടെ ജീവിതമാണ്, അല്ല, ചാരുലതയുടെ മാത്രമല്ല, മേജര്‍ പദ്മപാണി ആചാര്യയുടെ, ജഗന്നാഥ ആചാര്യയുടെ…. അതിനെല്ലാമപ്പുറം സാഹസികതയുടെ, ദേശപ്രേമത്തിന്റെ, ഇച്ഛാശക്തിയുടെ ഇതിഹാസമാണ്. 

 പത്തൊമ്പത് കൊല്ലത്തിനപ്പുറം, 1999 ലെ ജൂണ്‍ 28. അന്നേക്ക് ഏഴുദിവസം മുമ്പ് ഹൈദരാബാദിലെആ വീട് മേജര്‍ പദ്മപാണി ആചാര്യയുടെ 31 -ാം പിറന്നാള്‍ ആഘോഷിച്ചു. അച്ഛനും അമ്മയും ഭാര്യയും ആഘോഷത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ മേജര്‍ പദ്മപാണി ആചാര്യ കാര്‍ഗിലില്‍ യുദ്ധരംഗത്തായിരുന്നു. ആക്രമിക്കാനെത്തിയ പാകിസ്ഥാന്‍ സൈന്യത്തേയും ഭകീരരേയും തുരത്തുന്ന വന്‍ദൗത്യത്തിലായിരുന്നു പദ്മപാണി. കുടുംബവുമായി ടെലിഫോണില്‍ ജന്മദിനമാഘോഷിക്കുമ്പോള്‍ പദ്മപാണിയുടെ ഭാര്യ ചാരുലത ആറുമാസം ഗര്‍ഭിണിയായിരുന്നു. ഏഴാംപക്കമാണ് അത് സംഭവിച്ചത്…

1999 ജൂണ്‍ 28. വിങ് കമാന്‍ഡറായി വിരമിച്ച ജഗന്നാഥ് ആചാര്യയ്‌ക്ക് ഒരു േഫാണ്‍ വിളിയെത്തി. സൈനിക ആസ്ഥാനത്തുനിന്ന് വക്താവിന്റെ ഫോണ്‍. ജഗന്നാഥിലെ സൈനികന്‍ ആജ്ഞകേള്‍ക്കാന്‍ കാതോര്‍ത്തു. വിരമിച്ച സൈനികരേയും യുദ്ധകാലത്ത് തിരികെ വിളിക്കാറുണ്ടല്ലോ… അങ്ങനെ വിളി പ്രതീക്ഷിച്ചു. മറുതലയ്‌ക്കല്‍ സംഭാഷണം ഇങ്ങനെയായിരുന്നു… ”താങ്കളുടെ മകന്‍ ധൈര്യശാലിയാണ്,” ആഹ്ലാദകരമായ വാര്‍ത്ത. പക്ഷേ, അടുത്ത വാക്യം ഞെട്ടിച്ചു, ”അവന്‍ ചരിത്രമെഴുതി, പക്ഷേ, വീരമൃത്യൂവരിച്ചു.” കാര്‍ഗിലില്‍ പോരാടുന്ന രണ്ടാം രജപുതാനാ റൈഫിള്‍സിന്റെ കമ്പനി കമാന്‍ഡറായിരുന്നു പദ്മപാണി ആചാര്യ ആ സമയത്ത്.

സങ്കടനടുവിലായിപ്പോയി ജഗന്നാഥ ആചാര്യയും കുടുംബവും. ഭര്‍ത്താവും മകനും സൈനികവൃത്തിയില്‍ ഉന്നത തലങ്ങൡലായിരുന്നതിനാല്‍  അനുഭവങ്ങള്‍കൊണ്ട് അമ്മയുടെ മനസ് ഏറെ പക്വമായിരുന്നു. അന്ന് അമ്മ പറഞ്ഞു, ”അമ്മയെന്ന നിലയില്‍ എനിക്ക് ഏറെ വേദനയുണ്ട്. പക്ഷേ, ദേശസ്‌നേഹി എന്ന നിലയില്‍ ഞാന്‍ എന്റെ മകനില്‍ അഭിമാനിക്കുന്നു. അവന്‍ അമരനായി. അവന്‍ യുദ്ധമുന്നണിയില്‍ പോകുമ്പോള്‍ ഞാന്‍ കരയാന്‍ പാടില്ലെന്ന് അവന്‍ എന്നെക്കൊണ്ട് വാക്കുറപ്പിച്ചിരുന്നു.”

മേജര്‍ പദ്മപാണി ചരിത്രം കുറിക്കുകയായിരുന്നു. ഒരുമാസത്തിനു ശേഷം ഇന്ത്യ വിജയംവരിച്ച കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് പദ്മപാണി വഹിച്ചത്. സ്വജീവന്‍ രാഷ്‌ട്രത്തിന് നല്‍കിയാണത് ചെയ്തത്. 

രണ്ട് വലിയ ദൗത്യങ്ങളായിരുന്നു പദ്മപാണിക്കും സംഘത്തിനും. ഒന്ന് ലോണ്‍ ഹില്‍പിടിക്കുക, രണ്ട് കാര്‍ഗിലിലെ ടൊലോലിങ് കൊടുമുടി തിരിച്ചുപിടിക്കുക. രണ്ടും ഏറ്റവും നിര്‍ണായകം, തന്ത്രപരമായ കേന്ദ്രങ്ങള്‍.

മൈനുകളും യന്ത്രത്തോക്കുകളും വെടിക്കോപ്പുകളുമായി നിരന്തരം വെടിയുതിര്‍ക്കുന്ന ശത്രുസമൂഹത്തിനെ കീഴടക്കി തന്ത്രപ്രധാന കേന്ദ്രം പിടിക്കുക അതിസാഹസിക ദൗത്യമായിരുന്നു. പദ്മപാണിയും സംഘവും അത് ചെയ്തതിനെക്കുറിച്ചുള്ള വിവരണം എസ്.എസ്. ഗാന്ധി എഴുതിയിട്ടുണ്ട്.

ശത്രുവിന്റെ തോക്ക് വെടിയുണ്ട ചീറ്റിയപ്പോള്‍ ആചാര്യയും സംഘവും ഇഴഞ്ഞും നൂണ്ടും മുന്നേറി. പലര്‍ക്കും പരിക്കേറ്റു. ആചാര്യക്കും മുറിവുണ്ടായി. നടക്കാന്‍ പോലും കഴിയാത്തവിധം. തുരുതുരെ വെടിവെച്ചും തന്ത്രങ്ങള്‍ പരീക്ഷിച്ചും സംഘം യുദ്ധക്കൊതിയരായ പാകിസ്ഥാനികളെ തുരത്തി, ലക്ഷ്യം കണ്ടു. ഒടുവില്‍ ആചാര്യ വീണു, എസ്.എസ്. ഗാന്ധി ധീരരായ ദേശസ്‌നേഹികള്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്നു.

യുദ്ധഭൂമിയിലേക്ക് പോകുംമുമ്പ് പദ്മപാണി അച്ഛന്‍ ജഗന്നാഥ ആചാര്യയ്‌ക്ക് എഴുതിയ കത്തിലെ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്: 

പ്രിയപ്പെട്ട അച്ഛാ, അപകടത്തെക്കുറിച്ച് ആശങ്കവേണ്ട. ഇതെല്ലാം തൊഴില്‍പരമായ വെല്ലുവിളിയാണല്ലോ. നമ്മുടെ നിയന്ത്രണങ്ങള്‍ക്കപ്പുറമുള്ളത്. എത്രയായാലും നല്ലകാര്യത്തിനാണല്ലോ. 

അമ്മയോടു പറയണം, യുദ്ധം ജീവിതത്തില്‍ ബഹുമതിയാണെന്ന്. രാജ്യത്തെ സേവിക്കാന്‍ ഇതിനേക്കാള്‍ വലിയ അവസരമേതാണ്. 

ദിവസം ഒരു മഹാഭാരത കഥ വീതം ചാരുവിനെ പറഞ്ഞു കേള്‍പ്പിക്കുക. അങ്ങനെ കൊച്ചുമകള്‍ നല്ല ജീവിതമൂല്യങ്ങള്‍ ആര്‍ജ്ജിക്കട്ടെ. ”

കാര്‍ഗില്‍ യുദ്ധത്തിനു ശേഷം മകന്റെ ഈ കത്ത്, ജഗന്നാഛ ആചാര്യ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് കൈമാറി. വാജ്‌പേയി മറുപടിയെഴുതി. യുദ്ധത്തിലെ മകന്റെ പങ്കിനെ പ്രശംസിച്ചു.

മരണാനന്തരം മകന് പ്രഖ്യാപിച്ച മഹാവീരചക്ര ബഹുമതി വാങ്ങാന്‍ അച്ഛന്‍ ജഗന്നാഥ് പോയി. പ്രധാനമന്ത്രി വാജ്‌പേയി ഹദ്യമായി സ്വീകരിച്ചു. അന്നത്തെ രാഷ്‌ട്രപതി കെ.ആര്‍. നാരായണനേയും ആചാര്യ സന്ദര്‍ശിച്ചു. 

പദ്മപാണി ആചാര്യയുടെ കുഞ്ഞിനെ ചാരുലത പ്രസവിച്ചു. പെണ്‍കുട്ടിക്ക് അപരാജിതയെന്ന് പേരിട്ടു. അപരാജിതയ്‌ക്കിപ്പോള്‍ 19 വയസായി. അച്ഛനെക്കുറിച്ചുള്ള വൃത്താന്തങ്ങള്‍ അവള്‍ ഒരു പുസ്തമാക്കി സൂക്ഷിക്കുന്നു. 

മുത്തച്ഛന്‍ ജഗന്നാഥ് ആചാര്യയോടു ചോദിച്ചു, അപരാജിത ഏതുവഴിക്കാവും ഇനി? മറുപടി ഉടന്‍ വന്നു,” ഇപ്പോള്‍ ഇന്ത്യന്‍ സൈനികരംഗം വനിതകള്‍ക്കായി വാതില്‍ തുറന്നിരിക്കുന്നു. എന്റെ കൊച്ചുമകള്‍ അതിന്റെ ഭാഗമാകുന്നതു കാണാനാണ് എനിക്കിഷ്ടം.” 

ദേശസ്‌നേഹം അത് ജീവന്റെ ഭാഗമാണ്, ചോരയിലുണ്ടാകേണ്ടതാണ്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts