ചെറിയ സിനിമകള്‍ വന്‍ വിജയം കൈവരിക്കുന്നത് ചരിത്രത്തിലാദ്യമല്ല. ഒരു സിനിമയുടെ എല്ലാ മേഖലകളും, ക്യാമറയ്ക്ക് മുന്നിലും പിന്നിലും എല്ലാം പുതുമുഖങ്ങളെ മാത്രം അണിനിരത്തിയെടുത്ത ‘ക്യൂബന്‍ കോളനി’യെന്ന ചെറിയ സിനിമ നേടിയ വിജയം വലുതുതന്നെയാണ്. ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ പിന്‍ബലത്തോടെ എത്തിയ സിനിമയാണ് ക്യൂബന്‍ കോളനി. അങ്കമാലി ഡയറീസിനു ശേഷം അങ്കമാലിക്കാരുടെ കഥ എന്ന ആമുഖത്തോടെയാണ് ക്യൂബന്‍ കോളനി തീയറ്ററുകളിലെത്തിയത്. അങ്കമാലി ഡയറീസ് സഞ്ചരിച്ച വഴികളിലൂടെയാണ് ക്യൂബന്‍ കോളനിയും കടന്നുപോകുന്നത്. രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രതികാരമാണ് കഥാപശ്ചാത്തലം. സിനിമയുടെ ആരംഭം മുതല്‍ നമ്മില്‍ ഒരാളായി നില്‍ക്കുന്നതാണ് ഓരോ കഥാപാത്രവും. ക്യൂബന്‍ കോളനിയിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് കോളനിയില്‍ ‘ജോപ്പനാ’യി പകര്‍ന്നാടിയ വിമല്‍രാജ്.
$ജോപ്പന്
ജോപ്പന് പക്കാ ലോക്കലാണ്. അങ്കമാലിയിലെ നാട്ടിന്പുറത്തുകാരന്, തനി നാടാന് റൗഡി, എന്നൊക്കെ പറയാം. നാട്ടിലുള്ളവരുടെ ബഹുമാനം പിടിച്ചുപറ്റുന്നതിനുവേണ്ടി നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നൊരാള്‍, അതാണ് ജോപ്പന്. കുറെ ഗുണ്ടകളെ ഇതിനായി ജോപ്പന് കൂടെകൂട്ടിയിട്ടുണ്ട്. അങ്കമാലിയില്‍ അങ്ങനെ ചിലരൊക്കെയുണ്ട്. അതില്‍നിന്നാണ് അത്തരത്തിലുള്ള കഥാപാത്രം രൂപപ്പെടുത്തിയത്.
$വിമല്രാജില് നിന്ന് ജോപ്പനിലേയ്ക്കുള്ള ദൂരം
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ജോപ്പന് എന്നെ തേടിയെത്തിയത്. ക്യൂബന്‍ കോളനിയിലേയ്ക്ക് ഞാന്‍ എത്തിയത് കാസ്റ്റിംങ് ഡയറക്ടര്‍, ട്രെയിനര്‍ എന്ന നിലയ്ക്കാണ്. ആയിരത്തിലധികം ആളുകളില്‍ നിന്നാണ്, ഓഡിഷനിലൂടെ സിനിമയിലേയ്ക്ക് വേണ്ട 100 പേരെ തെരഞ്ഞെടുത്തത്. അവര്‍ക്ക് ആക്ടിംങ് വര്ഷ്ഷോപ്പ് നല്കിയതും ഞാന്‍ തന്നെയാണ്. പുതുമുഖങ്ങളായതുകൊണ്ട് നമ്മുടെ കഥയ്ക്ക് യോജിക്കുന്ന രീതിയില്‍ അവരെ രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചു. തുടക്കം മുതല്‍ മനോജിന്റെ ഒപ്പമുള്ളത്കൊണ്ടും ട്രെയിനിങിനുമൊക്കെയായി സിക്രിപ്റ്റുമായി നല്ല അടുപ്പമുണ്ടായിരുന്നു. അഭിനേതാക്കളെ ട്രെയിന്‍ ചെയ്ത് തുടങ്ങിയപ്പോള്‍ മുതല്‍ കഥയിലെ ജോപ്പനെകുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ചിലപ്പോള്‍ ഞാന്‍ ഈ കഥാപാത്രം ചെയ്യണമെന്ന് മനോജ് നേരത്തെ മനസ്സില്‍ കണ്ടിട്ടുണ്ടാകാം. അങ്ങനെയാണ് ജോപ്പനായത്.
$അഭിനയം മോഹം
സ്കൂള്‍ കാലഘട്ടം മുതല്‍ സിനിമ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അന്നത്തെ എന്റെ രൂപംകൊണ്ട് സിനിമയില്‍ അഭിനയിക്കുകയെന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. 8-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളിലെ മത്തായി സാറിന്റെ നേതൃത്വത്തില്‍ നാടകം ചെയ്യാന്‍ പ്ലാനിട്ടു. അതില്‍ ഞാനും ഉണ്ടായിരുന്നു. പക്ഷേ മറ്റൊരു കുട്ടി വന്നപ്പോള്‍ നിനക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മടക്കി. ഒരുപക്ഷേ അത്ര ചെറുപ്പത്തില്‍ അങ്ങനെ കേട്ടതാവാം, ഇന്ന് എനിക്ക് ജോപ്പന് വരെ എത്താന്‍ ഊര്‍ജ്ജമായത് ആ കാലയളവിനുള്ളില്‍ ആയിരത്തോളം ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചു. നാലു സിനിമകളിലും. പക്ഷേ ആ സിനിമകളില്‍ ഒന്നില്‍പോലും അത് വിമലാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.
$മനോജ് എന്ന സുഹൃത്തും സംവിധായകനും സഹനടനും
അദ്ദേഹം നല്ലൊരു സംവിധായകനാണ് അത് ഇതിനുമുമ്പ് ചെയ്ത് നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ അത് തെളിയിച്ചിട്ടുണ്ട്. മറ്റുള്ളവരോടുള്ള വ്യക്തമായ ആശയവിനിമയമാണ് സംവിധായകന് എന്ന നിലയ്ക്ക് മനോജിന്റെ വിജയം. നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി തന്റെ ആദ്യചിത്രം സംവിധാനം ചെയ്ത് പ്രേക്ഷകരിലേയ്ക്ക് എത്തിച്ചതിലുള്ള മനോജിന്റെ ധൈര്യം വാക്കുകള്‍കൊണ്ട് പറയനാവില്ല. ക്യൂബന്‍ കോളനി മനോജിന്റെ നേതൃത്വത്തിലിറങ്ങിയ ഒരു കൂട്ടായ്മയുടെ ചിത്രമാണ്. അഭിനയത്തിലേയ്ക്ക് പോകുമ്പോള്‍ സംവിധാനം പാളി പോകാറുണ്ട്. പക്ഷേ അങ്ങനെയൊന്നും സംഭവിക്കാതെ മിതത്വം പാലിച്ചുപോയിട്ടുണ്ട്, എല്ലാ മോഖലയിലും.
$കാസ്റ്റിങ് ഡയറക്ടറെന്ന റോള്‍
ആയിരലധികം ആളുകളാണ് ഓഡിഷനെത്തിയത്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായവരെ അവരില്‍നിന്ന് തെരഞ്ഞെടുത്തു. പലര്‍ക്കും അഭിനയം അങ്ങനെയെന്ന് പോലും അറിയാത്തവര്‍. ഒരു സിനിമ ഷൂട്ടിംങ്പോലും നേരില്‍ കണ്ടിട്ടില്ലാത്തവര്‍. മൂന്ന് ഘട്ടങ്ങളിലായാണ് എല്ലാവര്ക്കും ആക്ടിംങ് ട്രെയിനിംങ് നല്‍കിയത്. നമ്മള് ഉദ്ദേശിച്ചപ്പോലെ ആയിതീരാഞ്ഞവര്ക്ക് കൂടുതല്‍ ട്രെയിനിംങ് നല്കി. സിനിമ തീയറ്ററില്‍ എത്തിയപ്പോള്‍ മനസ്സിലായി, എല്ലാവര്ക്കും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന്. കാസ്റ്റിംങ് ഡയറക്ടര്‍ റോള്‍ എന്ന നിലയ്ക്ക് ഞാന്‍ തൃപ്തനാണ്.
$അഭിനയപഠനത്തിന്റെ ആവശ്യകത
തീര്‍ച്ചയായും അഭിനയത്തിന് പഠനം ആവശ്യമാണ്. ബോളിവുഡിലും ഹോളിവുഡിലും എല്ലാം മികച്ച അഭിനയം കാഴ്ച വെയ്ക്കുന്നവര്‍ ട്രെയിനിംങ് കഴിഞ്ഞെത്തുന്നവര്‍ തന്നെയാണ്. ഇന്ന് മലയാള സിനിമയില്‍ തിളങ്ങുന്ന പല താരങ്ങളും അഭിനയം പഠിച്ചവരാണ്. ഇന്ത്യയിലെ തന്നെ മികച്ച ആക്ടിംങ് സ്കൂളായ മുബൈയിലെ ബാരിജോണ്‍ ആക്ടിംങ് സ്റ്റുഡിയോയിലാണ് ഞാന്‍ പഠിച്ചത്. ദുല്‍ഖര്‍ എന്റെ സീനിയറായിരുന്നു. കൂടാതെ ഇപ്പോള്‍ അഭിനയരംഗത്തുള്ള മിക്കവരും അവിടെ പഠിച്ചവരാണ്. അവിടെത്തെ കോച്ചിങ് എന്ന് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാന്‍ സിനിമയിലേയ്ക്ക് ഒരുങ്ങിയിറങ്ങിയെന്ന് തോന്നിട്ടുണ്ട്.
അഭിനയമോഹമുള്ളവര്‍ക്ക് ഞാന്‍ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്റെ നാട്ടിലൊക്കെ ധാരാളം ആളുകളുണ്ട് സിനിമയെന്ന ആഗ്രഹമുള്ളവര്‍. എന്നാല്‍ അതിലേയ്ക്ക് ഇറങ്ങാനുള്ള ധൈര്യക്കുറവാണ് അവര്‍ വരാത്തതിന് കാരണം. ഒരുപക്ഷേ എന്നെ കണ്ടിട്ടെങ്കിലും ആരെങ്കില് വരണമെന്ന് ആഗ്രഹിക്കുന്നു.
$വിമല്‍ എന്തായിരുന്നു
കാസര്‍കോടിലെ കാഞ്ഞങ്ങാട് കോളിച്ചാലാണ് സ്വദേശം. അഭിനയിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു ചെറുപ്പം മുതലുണ്ടായിരുന്നത്. എന്റെ ഗ്രാമത്തില്‍ നിന്നൊരാള്‍ അങ്ങനെയൊരു സ്വപ്നം കാണാനാകുമോയെന്ന് കൂടി ചിന്തിച്ചിട്ടില്ല. സിനിമ അത് എങ്ങനെയുണ്ടാകുന്നുവെന്ന് പോലും അറിയില്ലായിരുന്നു. അതുപോലുള്ള ഒരു സ്ഥലത്തുനിന്നും സിനിമയിലേയ്ക്ക് ഇറങ്ങുന്നതുതന്നെ വലിയ മണ്ടത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു. എന്റെ അമ്മയാണ് അതിന് ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളത്. അന്ന് അമ്മയെ ഒരുപാട് പേര് ശാസിച്ചിട്ടുണ്ട്, അവന്റെ തീരുമാനത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് പറഞ്ഞ്. അച്ഛന്റെ മരണശേഷം കിട്ടിയ തുക നല്‍കിയാണ് അമ്മ എന്നെ സിനിമ പഠിക്കാനയച്ചത്.
തിരുവല്ലയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംവിധായകന് ബ്ലെസ്സി സാറിനെ പരിചയപ്പെട്ടത്. സാറിനോടാണ് ആദ്യമായി എന്റെ സിനിമ മോഹം പറഞ്ഞത്. പുച്ഛിച്ച തള്ളുവോയെന്ന് കരുതി അഭിനയിക്കണമെന്ന് പറഞ്ഞില്ല, അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കണമെന്ന് പറഞ്ഞു. അദ്ദേഹമാണ് സിനിമ പഠിക്കണമെന്ന് നിര്‍ദ്ദേശിച്ചതും. അന്ന് സിനിമ പഠിക്കാനിറങ്ങിയപ്പോള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലുള്ളവര്‍ കളിയാക്കി. പിന്നീടുള്ള സൗഹൃദവും ചിന്തയും എല്ലാം സിനിമയായി മാറി. സിനിമയായി ജീവവായു.
$സെല്‍ഫ് ക്രിട്ടിസൈസ്
സിനിമാ കണ്ടിറങ്ങിയപ്പോള്‍ ഒരുപാട് സ്ഥലങ്ങളില്‍ മാറ്റം വരുത്താമായിരുന്നുവെന്ന് തോന്നി. പ്രേക്ഷകന് എന്ന നിലയ്ക്ക് കാണുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ സാധ്യതയുണ്ടായിരുന്നു.
$സ്വപ്നം
പണ്ട് ഞാന്‍ നടനാകണമെന്ന് പറഞ്ഞപ്പോള്‍ കളിയാക്കുമെന്ന് കരുതി പറയാതിരുന്ന പല കാര്യങ്ങളുമുണ്ട്. ഇന്ന് ഞാന്‍ നടനായി. ഞാന്‍ സിനിമയില്‍ എത്തിയെന്നത് സത്യമെങ്കില്‍ വില്ലനായി വന്ന ഞാന്‍ ഒരുകാലത്ത് നായകനാകും. അത് ഒരു വിശ്വാസമാണ്. ദൃഢമായ ആഗ്രഹം ഉണ്ടെങ്കില്‍ അത് നടക്കുമെന്ന് വിശ്വസിക്കുന്നരാളാണ് ഞാന്‍. അല്ലെങ്കില്‍ ഇന്നത്തെ ഈ അവസ്ഥയില്‍ എത്തില്ലായിരുന്നു.
ഷോര്‍ട്ട്ഫിലിം ചെയ്തുകൊണ്ടിരുന്നപ്പോള്‍ സമാനചിന്താഗതിക്കാര്‍ ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ പറയാതെ തന്നെ അവര്‍ മനസ്സിലുള്ളത് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ കൂട്ടുക്കെട്ടില്‍ സിനിമ ചെയ്യണമെന്നുണ്ട്. വഴിതിരിവായ ബ്ലെസ്സി സാറിന്റെയൊപ്പം ചെയ്യണമെന്നുണ്ട്.
$പുതിയ ഓഫറുകള്‍
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായ കുറെയധികം നല്ല സൗഹൃദങ്ങളുണ്ട്. അവരില്‍നിന്നൊക്കെ ഓഫറുകള്‍ കിട്ടിയിട്ടുണ്ട്. ഇപ്പോഴും അവസരങ്ങള്‍ തേടുന്നുണ്ട്. അഭിനയമാണ് എന്റെ ലക്ഷ്യവും സ്വപ്നവും. സിനിമയുടെ മറ്റ് മേഖലകളിലേയ്ക്ക് തിരിയണമെന്ന് ഒരിക്കലും തോന്നിയിട്ടുമില്ല.
$കുടുംബം
അച്ഛന് സോമശേഖരന്‍, അമ്മ ശ്യാമളകുമാരി, സഹോദരന് ഹരികൃഷ്ണരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: