അരനൂറ്റാണ്ടുകാലത്തെ സാഹിത്യ ജീവിതത്തിനിടെ പല സഹയാത്രികരെയുംപോലെ സക്കറിയയും ഒരുപാട് എഴുതിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരെപ്പോലെ വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ സക്കറിയയ്ക്ക് കഴിഞ്ഞിട്ടില്ല. ‘ഭാസ്കര പട്ടേലരും ഞാനും’ എന്ന കഥയിലെ പട്ടേലരും തൊമ്മിയും മാത്രമാണ് ഇതിന് അപവാദം. ഇതിന്റെ ബഹുമതി ആ കഥ ‘വിധേയന്’ എന്ന പേരില്‍ സിനിമയാക്കിയ അടൂര്‍ ഗോപാലകൃഷ്ണനും, അതില്‍ അഭിനയിച്ച മമ്മൂട്ടിക്കും ഗോപകുമാറിനുമുള്ളതാണ്. ഈ ബഹുമതി അടിച്ചുമാറ്റുന്നതിനുകൂടി വേണ്ടിയാണ് ‘വിധേയന്’ സിനിമയുടെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെ സക്കറിയ കടന്നാക്രമിച്ചത്.
കഥ സിനിമയാക്കിയപ്പോള്‍ സംവിധായകന് അനാവശ്യമായ സ്വാതന്ത്ര്യമെടുത്തു എന്ന ആരോപണമാണ് സക്കറിയ ഉന്നയിച്ചത്. ഇതിന് അടൂര്‍ തന്റെ മാന്യതയ്ക്കു ചേരുന്ന മറുപടി നല്‍കിയെങ്കിലും സക്കറിയയുടെ രോഷം അടങ്ങിയില്ല. സിനിമയെ വിമര്ശനവിധേയമാക്കലല്ല, അടൂരിനെ അപകീര്‍ത്തിപ്പെടുത്തലായിരുന്നു സക്കറിയയുടെ ലക്ഷ്യം. ഇതിനൊരു പ്രത്യേക കാരണമുണ്ടായിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി ഭാരതത്തിന്റെ തനത് സാംസ്കാരിക പാരമ്പര്യത്തെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന തപസ്യ കലാസാഹിത്യ വേദിയുമായി അടൂരിനുള്ള ബന്ധമാണ് സക്കറിയയെ കുപിതനാക്കിയത്.
വ്യക്തിപരമായ കാരണങ്ങള്കൊണ്ടുകൂടി ഭാരതീയവും ഹൈന്ദവവും ആയ എല്ലാറ്റിനോടുമുള്ള ചൊരുക്കാണ് ‘തപസ്യ’യുടെ സഞ്ജയന് പുരസ്കാരം മലയാളത്തിന്റെ മഹാസാഹിത്യകാരന് ഒ.വി. വിജയന് ഏറ്റുവാങ്ങിയതിനോട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞും സക്കറിയ കലിപ്പ് പ്രകടിപ്പിച്ചുപോരുന്നത്. പാലക്കാട് തസ്രാക്കില്‍ നടന്ന വിജയന് അനുസ്മരണത്തില്‍ ഒരു സാംസ്കാരിക ഗുണ്ടയെപ്പോലെയാണ് സക്കറിയ പെരുമാറിയത്. വിജയന് ‘തപസ്യ’യുടെ അവാര്‍ഡ് വാങ്ങാന്‍ പാടില്ലായിരുന്നുവെന്ന് സക്കറിയ ആവര്‍ത്തിച്ചു.
$പുരസ്കാരത്തിന്റെ സത്യവും മഹത്വവും
ഒരാള്‍ ഏതെങ്കിലും ഒരു പുരസ്കാരം വാങ്ങുന്നതും വാങ്ങാതിരിക്കുന്നതും അയാളുടെ മാത്രം തീരുമാനമാണ്. ഒ.വി. വിജയന്റെ കാര്യത്തില്‍ ഈ വിവേചനാധികാരത്തില്‍ ഇടപെടാന്‍ സക്കറിയയ്ക്ക് എന്തധികാരം? സഞ്ജയന് അവാര്‍ഡ് വാങ്ങിയ ആദ്യത്തെയോ അവസാനത്തെയോ ആളല്ല വിജയന്. 2002- ല്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം ആ വര്‍ഷം മഹാകവി അക്കിത്തത്തിനാണ് ലഭിച്ചത്. 2003-ലാണ് വിജയന് സമ്മാനിച്ചത്. ഇതിനുശേഷം കെ. അയ്യപ്പപ്പണിക്കര്‍, ടി. പത്മനാഭന്, എം.വി. ദേവന്, സി. രാധാകൃഷ്ണന്, എസ്. രമേശന് നായര്‍, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, മാടമ്പ് കുഞ്ഞുക്കുട്ടന്, പി. നാരായണക്കുറുപ്പ്, പി. വത്സല എന്നിങ്ങനെ ഒന്‍പത് പേര്‍ക്ക് നല്കി.
ഈ എഴുത്തുകാരെയൊക്കെ സ്വന്തം ചേരിയിലേക്ക് കൊണ്ടുവരണമെന്നോ, സ്വപക്ഷത്ത് നിര്‍ത്തണമെന്നോ ഉദ്ദേശിച്ചല്ല തപസ്യ പുരസ്കാരം നല്‍കിയത്. സാഹിത്യത്തിന്റെ മേഖലയില്‍ ഇവരുടെ സംഭാവനകള്‍ കണക്കിലെടുത്താണ്. എല്ലാവരും നിറഞ്ഞ മനസ്സോടെയാണ് പുരസ്കാരം സ്വീകരിച്ചിട്ടുള്ളതും. കേരളത്തില്‍ സംഘപരിവാറിനെ എതിര്‍ക്കുന്ന പല ശക്തികളുടെയും ദല്ലാളായി ഒരേസമയം നിലയുറപ്പിച്ച് അതിന്റെ കൂലിയായി അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്ന സക്കറിയയ്ക്ക് സഞ്ജയന് പുരസ്കാരം തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ഏറ്റുവാങ്ങിയ ഒ.വി. വിജയന്റെ ഔന്നത്യം തീര്‍ത്തും അന്യമാണ്.
അധ്യക്ഷനായിരുന്ന അക്കിത്തത്തിന്റെ നേതൃത്വത്തില്‍ ‘തപസ്യ’യുടെ ഭാരവാഹികള്‍ സെക്കന്തരാബാദിലെ വിജയന്റെ വസതിയിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്. നിലവിളക്കില്ലാതിരുന്ന വീട്ടില്‍ അത് വേണമെന്ന് വിജയന് നിര്‍ബന്ധിച്ചു. അന്നത്തെ ‘മാതൃഭൂമി’ ലേഖകനായിരുന്ന ചന്ദ്രമോഹന് സംഘടിപ്പിച്ചുകൊണ്ടുവന്ന നിലവിളക്കിന്റെ നറുതിരി വെട്ടത്തില്‍ പുരസ്കാരം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ വിജയന് ‘നന്ദി’ എന്ന് എഴുതി നല്കി. വിറയാര്‍ന്ന വിരലുകളാല്‍ ‘ഓം’ എന്ന് ദേവനാഗരി ലിപിയില്‍ കുറിക്കുകയും ചെയ്തു. വിജയന്റെ സഹോദരി ഒ.വി. ഉഷയുമുണ്ടായിരുന്നു വീട്ടില്‍.
അക്കിത്തത്തിനു പുറമെ പി. നാരായണക്കുറുപ്പ്, പ്രൊഫ. കെ.പി. ശശിധരന്, പി. ബാലകൃഷ്ണന്, കെ.പി. മണിലാല്‍, സി. രജിത് കുമാര്‍, കെ. ലക്ഷ്മി നാരായണന് എന്നിവരാണ് വിജയന് അവാര്‍ഡ് സമ്മാനിക്കാനെത്തിയത്. ജീവിതത്തിന്റെ അനര്‍ഘനിമിഷങ്ങളാണ് ഈ പുരസ്കാരദാനം അവര്‍ക്ക് സമ്മാനിച്ചത്. ”വിളക്കുവച്ച് വായിക്കേണ്ട വിശിഷ്ട കൃതിയാണ് ഗുരുസാഗരം” എന്ന് അക്കിത്തം ‘തപസ്യ’യുടെ മുഖപത്രമായ ‘വാര്‍ത്തിക’ത്തില്‍ എഴുതിയത് താന്‍ വായിക്കുകയുണ്ടായെന്ന് അറിയിച്ച വിജയന്, അക്കിത്തം വേദം ചൊല്ലി കേള്‍ക്കണമെന്ന് ആഗ്രഹിച്ചു. ഋഗ്വേദത്തിന്റെ ആരംഭത്തിലെ മൂന്നു ഋക്കുകളും അവസാനത്തെ ഋക്കുകളും ചൊല്ലിയത് വിജയന്റെ വിഹ്വലമായ മനസ്സിന് ശാന്തി പകര്‍ന്നു.
സക്കറിയയ്ക്ക് അവാര്‍ഡ് ദാതാക്കളോടുള്ള കച്ചവട ബന്ധമായിരുന്നില്ല വിജയന് ‘തപസ്യ’യോടുണ്ടായിരുന്നത്. വിജയന്റെ പ്രതിഭയെ തിരിച്ചറിഞ്ഞും ഉള്‍ക്കൊണ്ടുമാണ് സഞ്ജയന് പുരസ്കാരം നല്കാന് തീരുമാനിച്ചത്. തികച്ചും ഭാരതീയമായിരുന്നു വിജയന്റെ മനസ്സ്. സക്കറിയയ്ക്കില്ലാത്തതും അതാണ്. ബുദ്ധിപരതയാണ് സക്കറിയയുടെ കഥകളില്‍. വായിച്ചെത്തിക്കുകതന്നെ പ്രയാസം. ആവര്‍ത്തിച്ച് വായിക്കല്‍ അസാധ്യം. സക്കറിയയുടെ രചനകള്‍ക്ക് എന്തെങ്കിലും മൂല്യമുള്ളതായി സാഹിത്യനിരൂപകരാരും സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഇതുകൊണ്ടുതന്നെ ‘തപസ്യ’യ്ക്ക് സക്കറിയ എന്ന എഴുത്തുകാരനുമായി ഒരു ബന്ധം സാധ്യമല്ല. സക്കറിയയുടെ കഥകള്‍ കഠിനമായി അധ്വാനിച്ചുണ്ടാക്കിയവയാണ്. ശാരീരിക ശേഷിക്ക് ‘കര്‍ഷകശ്രീ’ പോലുള്ള പുരസ്കാരം നല്കാന് തപസ്യയ്ക്കാവില്ലല്ലോ.
$ആര്‍എസ്എസിന്റെ സംവാദാത്മകത
മാന്യന്മാരെ അസഭ്യം പറഞ്ഞ് അഭിമാനക്ഷതമുണ്ടാക്കുന്ന പോലീസുകാരുടെ രീതിയാണ് പാലക്കാട് വിജയന് അനുസ്മരണ പരിപാടിയില്‍ തന്നോട് വിയോജിച്ച ഒ.വി. ഉഷ, ആഷാ മേനോന്, വി. മധുസൂദനന് നായര്‍ എന്നിവര്‍ക്കെതിരെ സക്കറിയ അവലംബിച്ചത്. വിജയന് വാങ്ങിയത് ‘തപസ്യ’യുടെ അവാര്‍ഡാണെന്ന് ഉഷയും ആഷാമേനോനും പറഞ്ഞപ്പോള്‍ ‘തപസ്യ’ ആര്‍എസ്എസിന്റെ സംഘടനയാണെന്ന് സക്കറിയ വാദിച്ചു. ഇതില്‍ വാദിക്കാനെന്തിരിക്കുന്നു! ‘തപസ്യ’യും ആര്‍എസ്എസും തമ്മിലുള്ള ബന്ധം വളരെ നന്നായി അറിയാവുന്നയാളായിരുന്നു വിജയന്. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയന് സഞ്ജയന് പുരസ്കാരം സ്വീകരിച്ചത്. ഇതില്‍ തെറ്റിദ്ധരിപ്പിക്കലിന്റെയോ ഒളിച്ചുകളിയുടേയോ പ്രശ്നമില്ല.
ഒരു എഴുത്തുകാരന് ഏതെങ്കിലും ഒരു സംഘടനയുടെ അവാര്‍ഡ് സ്വീകരിച്ചാല്‍ എഴുത്തുകാരനെ ആ സംഘടന അംഗീകരിക്കുന്നു എന്നല്ലാതെ, സംഘടനയുടെ ആശയങ്ങള്‍ പുരസ്കാരം ലഭിച്ചവര്‍ അംഗീകരിച്ചുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല എന്നാണ് സക്കറിയയ്ക്ക് മധുസൂദനന് നായര്‍ മറുപടി നല്‍കിയത്. പലരുടെയും കാര്യത്തില്‍ ഇത് ശരിയായിരിക്കാം.പക്ഷേ വിജയന്, സഞ്ജയന് പുരസ്കാരം നല്‍കിയത് ഏകപക്ഷീയമായ ഒരു കാര്യമായിരുന്നില്ല. ‘തപസ്യ’യും ആര്‍എസ്എസും തമ്മിലുള്ളത് സക്കറിയയെപ്പോലുള്ള ചിലര്‍ മനസ്സിലാക്കിയിട്ടുള്ളതുപോലെ സിപിഎമ്മും പുരോഗമന കലാസാഹിത്യ സംഘവും തമ്മിലുള്ളതുപോലുള്ള ബന്ധമല്ല.
വിജയന് ഒരു സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റും മാത്രമായിരുന്നില്ല. ഇന്ത്യ കണ്ട വലിയ ചിന്തകന്മാരില് ഒരാളുമായിരുന്നു. ഖസാക്കുള്പ്പെടെയുള്ള നോവലുകളില്‍ ആണ്ടുമുങ്ങിയവര്‍ വിജയന് എന്ന ചിന്തകനെ വേണ്ടപോലെ വായിച്ചിട്ടില്ല. ചിലര്‍ വിജയനിലെ ദാര്‍ശനികനെ കാണാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍, മറ്റ് ചിലര്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. മെലിഞ്ഞുണങ്ങി അതിദുര്‍ബലമായ ആ ശരീരത്തിനുള്ളില്‍ ചരിത്രത്തിന്റെ ശരിതെറ്റുകളെ കറുപ്പിലും വെളുപ്പിലുമല്ലാതെ കാണാന്‍ കഴിഞ്ഞിരുന്ന, പ്രാപഞ്ചിക സമസ്യകള്‍ക്ക് ഋഷിതുല്യമായ നിസ്സംഗതയോടെ ഉത്തരം തേടിയിരുന്ന ദാര്ശനികനുണ്ടായിരുന്നു. ഇവിടെയാണ് ആര്‍എസ്എസും ‘തപസ്യ’യുടെ സഞ്ജയന് പുരസ്കാരവും വിജയനും നേര്‍രേഖയില്‍ വരുന്നത്.
ആര്‍എസ്എസും ‘തപസ്യ’യും പ്രതിനിധാനം ചെയ്യുന്ന ആശയാദര്‍ശങ്ങളോട് വിശാലമായ തലത്തില്‍ സംവദിക്കുന്ന ചിന്തകനെ വിജയന്റെ ലേഖന സമാഹാരങ്ങളില്‍ തെളിഞ്ഞുകാണാം. ആര്‍എസ്എസുമായി സംവാദാത്മകമായ ഒരു ബന്ധം വിജയനുണ്ടായിരുന്നു. വിക്ടോറിയ കോളജിലെ സഹപാഠിയായിരുന്ന ഒ. രാജഗോപാല്‍, ആര്‍എസ്എസ് ചിന്തകനും ഗ്രന്ഥകാരനുമായ ആര്. ഹരി തുടങ്ങിയവരുമായി ഊഷ്മളമായ വ്യക്തിബന്ധം സ്ഥാപിച്ച വിജയന് പല വിഷയങ്ങളും ഇവരുമായി ചര്‍ച്ച ചെയ്തു. ഇതൊന്നും രഹസ്യവുമായിരുന്നില്ല. തന്റെ കുറിപ്പുകളിലും ലേഖനങ്ങളിലും വിജയന് ഇക്കാര്യം ആവര്‍ത്തിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.
ആര്‍എസ്എസിനെ ഹിന്ദുമതമൗലികവാദ സംഘടനയായി വിജയന് ഒരിക്കലും കണ്ടിട്ടില്ല. ജാതി സങ്കീര്‍ണതകള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സ്വയംസേവകന് അയ്യായിരം കൊല്ലം താമസിച്ചുപോയി എന്നാണ് വിജയന് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് ആര്‍എസ്എസിനോടുള്ള വിയോജിപ്പല്ലല്ലോ. ”പാക്കിസ്ഥാനില്‍ ഹൈന്ദവ ന്യൂനപക്ഷത്തിനെതിരെ ലഹളകളില്ലെന്നത് ശരിയാണ്. ലഹളയ്ക്കിരയാവാന് ഒരു ഹിന്ദുന്യൂനപക്ഷം അവിടെ അവശേഷിച്ചിട്ടില്ലെന്നു മാത്രം. ബംഗ്ലാദേശില്‍നിന്ന് ആക്രമണത്തിന് വിധേയരായ ആയിരക്കണക്കിന് ചക്മ ഗോത്രക്കാര്‍ ഇന്ത്യയില്‍ അഭയംതേടിയിരിക്കുന്നു” എന്ന് തുറന്നെഴുതാന്‍ വിജയന് മടിച്ചിട്ടില്ല. ‘ഒ.വി. വിജയന്റെ കുറിപ്പുകള്‍’ എന്ന ഗ്രന്ഥത്തിലാണ് ഇതുള്ളത്. ‘വര്‍ഗസമരം സ്വത്വം’ എന്ന ഗ്രന്ഥത്തിലെത്തുമ്പോള് ഒരു ഹൈന്ദവവിമോചന ദൈവശാസ്ത്രത്തിന്റെ പ്രസക്തിയെക്കുറിച്ചാണ് വിജയന് ചര്‍ച്ച ചെയ്യുന്നത്. ഇതാണ് സക്കറിയമാരുടെ പ്രശ്നം.
ഹിന്ദുത്വ ആശയത്തോട് വിശാലതലത്തില്‍ യോജിച്ച വിജയന് മാര്‍ക്സിസത്തോട് തത്വത്തിലും പ്രയോഗത്തിലും സമ്പൂര്‍ണമായി വിയോജിക്കുകയായിരുന്നു. ഏറ്റവും സൗമ്യതയോടെ ഇടതു സൈദ്ധാന്തികരെ നിരായുധരും നിസ്സഹായരുമാക്കി. വിജയന് ഭ്രാന്താണെന്ന് പറയുകയാണല്ലോ ഇ.എം.എസ്. നമ്പൂതിരിപ്പാട് ചെയ്തത്. ഇഎംഎസ് ഉദ്ദേശിച്ചത് നാറാണത്ത് ഭ്രാന്തനെയാണെന്ന് ഇനി വ്യാഖ്യാനമുണ്ടായേക്കാം.
$എന്‍. എസ്. മാധവന് വിസ്മരിക്കുന്നത്
ഹിന്ദുവിന് മതമൗലികവാദിയാവാന്‍ കഴിയില്ലെന്ന് വിശ്വസിച്ച വിജയന് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യത്തെ, അതുയര്‍ത്തിയവരുടെ വേദിയില്‍ ചെന്ന് നിശിതമായി വിമര്‍ശിക്കുകയുണ്ടായി. എന്നിട്ടാണ് സക്കറിയ പറയുന്നത് വിജയന് മതമൗലികവാദത്തോട് മൗനം പാലിച്ചുവെന്ന്. വിമര്‍ശിച്ചത് ‘ഹിന്ദുമതമൗലികവാദ’ത്തെയല്ല, ഇസ്ലാമിക മതമൗലികവാദത്തെ ആണെന്നുമാത്രം.
മരണശേഷവും വിജയനെ അപകീര്‍ത്തിപ്പെടുത്താനുള്ള സക്കറിയയുടെ ശ്രമങ്ങള്‍ക്ക് പ്രതീക്ഷിച്ച പിന്തുണ കിട്ടുന്നില്ലെന്നു കണ്ടാവാം, കഥാകൃത്ത് എന്‍.എസ്. മാധവനും രംഗത്തിറങ്ങുകയുണ്ടായി; രംഗത്തിറക്കിയതുമാവാം. സക്കറിയയുടെ അധിക്ഷേപങ്ങളെ ശരിവച്ചുകൊണ്ട്, വിജയന് വിമര്‍ശിക്കപ്പെടണമെന്ന് മാധവനും പറയുന്നു. ഇനിയാണ് മാധവന്റെ കാപട്യം വെളിപ്പെടുന്നത്. വിജയന് തപസ്യയുടെ പുരസ്കാരം സ്വീകരിച്ചത് ശരിയായില്ലെന്ന് അദ്ദേഹം മരിച്ചയുടനെ കത്തിന്റെ രൂപത്തില്‍ മാധവനെഴുതിയ ചരമക്കുറിപ്പില്‍ പറയുന്നുണ്ടത്രെ. തപസ്യയുടെ പുരസ്കാരം സ്വീകരിച്ചശേഷം രണ്ട് വര്‍ഷത്തോളം വിജയന് ജീവിച്ചിരുന്നു. അപ്പോഴൊന്നും വിയോജിപ്പ് അറിയിക്കാതെ, മരിച്ചശേഷം മാധവന് കത്തെഴുതിയതിന്റെ രഹസ്യം വ്യക്തമാണല്ലോ; മറുപടി പറയില്ല എന്നതു തന്നെ.
തീവ്രമതരാഷ്ട്രീയത്തോടുള്ള വിജയന്റെ അന്ധത തന്നില്‍ വ്യക്തിപരമായി അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട് എന്നുപറയുന്ന മാധവന് ”ഇത് ഹിന്ദുത്വത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഇപ്പോള്‍ നിരോധനത്തിലുള്ള ‘സിമി’യുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്” എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ‘സിമി’യുടെ വേദിയില്‍നിന്നുകൊണ്ട് അവരെ നിശിതമായി വിമര്‍ശിക്കുകയാണ് വിജയന് ചെയ്തതെന്ന കാര്യം മാധവന് സമര്‍ത്ഥമായി മറച്ചുപിടിക്കുകയാണ്. ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയാണിത്. ‘സിമി’യുടെ രക്തം സിരകളിലോടുന്നവരുടെ കയ്യില്‍നിന്ന് കമലാ സുരയ്യ പുരസ്കാരം ഏറ്റുവാങ്ങിയവനാണ് സക്കറിയയെന്ന കാര്യവും മാധവന് വിസ്മരിക്കുന്നു. ‘തിരുത്ത്’ എന്ന കഥയില്‍ അയോദ്ധ്യയിലെ തര്‍ക്കമന്ദിരത്തെ ‘ബാബറിമസ്ജിദ്’ ആക്കിയ മാധവന് വിജയന് എന്തുകൊണ്ട് ഇങ്ങനെയൊന്നും ചെയ്തില്ല എന്ന സംശയമുണ്ടാകാം. അയോധ്യയിലെ ‘തര്‍ക്കമന്ദിരം’ ചരിത്രപരമായും സാംസ്കാരികമായും എന്തെന്ന് അറിയാമായിരുന്ന വിജയന് 1992 ഡിസംബറില്‍ അവിടെ സംഭവിച്ചത് യഥാര്‍ത്ഥത്തില്‍ എന്താണെന്നും ബോധ്യമുണ്ടായിരുന്നു.
തപസ്യയെ അളക്കാനുള്ള സ്കെയിലൊന്നും സക്കറിയയുടെയും മാധവന്റെയും കൈവശമില്ല. ഒ.വി.വിജയന്റെ ഔന്നത്യത്തിലേക്കുയരാന്‍ ഈ ജന്മത്തില് ഇവര്‍ക്ക് കഴിയുകയുമില്ല. ആഗ്രഹിച്ചാല്‍ മാറുന്നതല്ല വ്യക്തികളുടെ ഡിഎന്‍എ. അവാര്‍ഡുകള്‍പോലെ സമ്മാനിക്കാവുന്നതുമല്ല.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: