ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ 149 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെ സൈന്യം വധിച്ചു. രഹസ്യ വിവരത്തെ തുടർന്ന് ബലൂചിസ്ഥാൻ പ്രവശ്യയിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഐഎസ് ഭീകരനും ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹിദായത്ത് ഉല്ലായെ വധിച്ചത്.
ബലൂചിസ്ഥാനിലെ ഖ്വാലത് ജില്ലയിലെ ദരേഞ്ചോ ഗ്രാമത്തിൽ ഭീകരൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് സൈന്യം മനസിലാക്കിയാണ് ഓപ്പറേഷൻ നടത്തിയത്. സുരക്ഷാസേനയുടെ ആക്രമണത്തെ ഹിദായത്തും അനുകൂലികളും ചെറുത്തെങ്കിലും ശക്ത്മായി തിരിച്ചടിച്ച സൈന്യം ഏവരെയും വധിക്കുകയായിരുന്നു. ബലൂചിസ്ഥാൻ മേഖലയിൽ ഐഎസിന് വേണ്ടി ശക്തമായ പ്രചാരണം നടത്തുകയും രാജ്യത്ത് ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തിരുന്ന ഭീകരനായിരുന്നു ഹിദായത്തെന്ന് സൈന്യം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ഹിദായത്തിന്റെ ആസൂത്രണത്തിൽ കിഴക്ക് പടിഞ്ഞാറൻ നഗരമായ മസ്തങ് ജില്ലയിൽ നടന്ന ബോംബാക്രമണത്തിൽ 139 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ശക്തമായ ബോംബ് സ്ഫോടനത്തിൽ 127 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രാദേശിക രാഷ്‌ട്രീയ നേതാവിന്റെ പൊതുചടങ്ങിൽ ചാവേർ പൊട്ടിത്തെറിച്ചാാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്.
















