ജനപ്രതിനിധി മദയാനയെപ്പോലെ സമൂഹത്തിന് ഭീഷണിയാവുന്ന അവസ്ഥയുണ്ടായിക്കൂടാ. അങ്ങനെ വരുന്നത് നിയമ-നീതിന്യായ വ്യവസ്ഥകളുടെ അട്ടിമറിയ്ക്ക് ഇടവെക്കും. നിര്‍ഭാഗ്യവശാല്‍ സംസ്ഥാനത്തെ ചില ജനപ്രതിനിധികള്‍ അത്തരം പ്രവൃത്തികളിലൂടെ ജനശ്രദ്ധയാകര്‍ഷിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. അവര്‍ക്ക് നേതാവാക്കാന്‍ പറ്റിയ വ്യക്തിയാണ് പി.സി. ജോര്‍ജ്. അദ്ദേഹം എപ്പോഴും മാധ്യമശ്രദ്ധയില്‍ സജീവമായി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിനായി അങ്ങേയറ്റത്തെ തറവേലകള്‍ വരെ ചെയ്യാറുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലുണ്ടായ സംഭവ വികാസങ്ങള്‍.
കോഴിക്കോട്ട് നിന്ന് ഈരാറ്റുപേട്ടയ്ക്കുള്ള യാത്രക്കിടെയാണ് ജോര്‍ജ് സ്വതസിദ്ധമായ നാടകവുമായി രംഗത്തിറങ്ങിയത്. ടോള്‍ പ്ലാസയിലെത്തിയ തന്നെ ജീവനക്കാര്‍ ഗൗനിക്കുന്നില്ലെന്നും തടഞ്ഞുവെക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അവരോട് തട്ടിക്കേറിയത്. പോരാഞ്ഞ് വാഹനതടസ്സത്തിന് സ്ഥാപിച്ചിരുന്ന സ്റ്റോപ്പ് ബാരിയര്‍ പൊട്ടിച്ചെറിയുകയും ചെയ്തു. ജനപ്രതിനിധികളുടെ വാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യം ജീവനക്കാര്‍ക്ക് അറിയുകയും ചെയ്യാം. എന്നാല്‍ വണ്ടി സൂചിതവ്യക്തിയുടേതാണെന്നതിനുള്ള ബോര്‍ഡുകളൊന്നുംതന്നെ ഉണ്ടായിരുന്നില്ലത്രെ. മാത്രവുമല്ല അവര്‍ക്കായി നീക്കിവെച്ച ട്രാക്കിലൂടെയല്ലായിരുന്നു വന്നതും. താന്‍ എംഎല്‍എ ആണെന്നും കടത്തിവിടണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളി സൂപ്പര്‍വൈസറെ വിളിക്കാനൊരുമ്പെട്ടതാണ് പി.സി. ജോര്‍ജിനെ ക്ഷുഭിതനാക്കിയത്. പ്രകോപനമുണ്ടായാല്‍ മദയാനയെപ്പോലെ പെരുമാറുകയെന്നതത്രെ ജോര്‍ജിന്റെ നടപ്പുരീതി.
ടോള്‍ പ്ലാസയില്‍ അത്യാവശ്യം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നത് ശരിയാണെങ്കിലും നിയമപ്രകാരം ചെയ്യേണ്ട ക്രമീകരണങ്ങളില്‍ താല്പ്പര്യമില്ലാഞ്ഞതാണ് പ്രശ്നമുണ്ടാക്കിയതെന്ന് വ്യക്തം. സംഭവത്തിന്റെ ക്യാമറാ ദൃശ്യങ്ങള്‍ കണ്ടാലറിയാം ജനപ്രതിനിധിക്കു ചേര്‍ന്ന തരത്തിലല്ല ജോര്‍ജ് പെരുമാറിയതെന്ന്. ഇതുപോലുള്ള ഒട്ടുവളരെ സംഭവങ്ങളില്‍ ഈ എംഎല്‍എ പ്രതിസ്ഥാനത്താണ്. ഭക്ഷണം എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ കാന്റീന് ജീവനക്കാരനെ തൊഴിച്ചതിന് അടുത്തയിടെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
തോട്ടം തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടിയത് മറ്റൊരു കേസാണ്. ഈഴവസമുദായത്തെ അടച്ചാക്ഷേപിക്കുന്ന പ്രസംഗം നടത്തി വിവാദമുണ്ടായിട്ടുണ്ട്. പി.സി. ജോര്‍ജ് ‘വാ തുറന്നാല്‍ വൈറല്‍’ എന്നൊരു ശൈലി തന്നെ രൂപപ്പെട്ടിട്ടുണ്ട്. കെ.എം. മാണിക്കെതിരെ പരസ്യമായി കൊമ്പു കോര്‍ക്കുമെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഇരുവരും അതത് മണ്ഡലങ്ങളില്‍ ജയിക്കുന്നതിന്റെ രസതന്ത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാവും. സഭയില്‍ കെ.എം. മാണിയുടെ പേരു പറയാതെ ‘പാലായുടെ പ്രതിനിധി’ എന്ന് പരാമര്‍ശിക്കുന്നതിന്റെ പിന്നിലും ഇതുതന്നെയാണുള്ളത്.
ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അതിന് നിവൃത്തിയുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ഒരു ജനപ്രതിനിധി ശ്രദ്ധേയനാവേണ്ടത്. ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും ചേരുന്ന പണിയേറ്റെടുത്ത് അതിന് മാന്യതയുടെ മുഖാവരണമിടാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കരുത്.
അത് നാട്ടിലെ നീതിന്യായ സംവിധാനങ്ങളെ നോക്കുകുത്തിയാക്കാന്‍ ഇടവെക്കും. ഇത്തരം മാതൃകകള്‍ യുവസമൂഹം നെഞ്ചേറ്റിയാല്‍ സമൂഹത്തില്‍ ഛിദ്രപ്രവണതകള് ഏറാനേ വഴിവെയ്ക്കൂ. ഇതിനെക്കുറിച്ചൊക്കെ ഏറെ വാചാലനാവുന്ന പി.സി. ജോര്‍ജ് തന്റെ മദയാന പ്രകൃതം ഒഴിവാക്കി നേരെ ചൊവ്വേ സമൂഹത്തെ സേവിക്കാന്‍ ശ്രമിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അദ്ദേഹം ചരിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയാവാനല്ല വേലുത്തമ്പി ദളവയായി മാറാനാണ് ശ്രമിക്കേണ്ടതെന്നുകൂടി സൂചിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: