ലഹരിക്കെതിരെ പോരാടുന്ന ഒരു മനുഷ്യസ്നേഹിയുണ്ട് വള്ളുവന്റെ നാടെന്ന് ചരിത്രം വിളിപ്പേരുനല്‍കിയ വെള്ളനാട്ട്- ഡോ.എല്‍.ആര്. മധുജന്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ആയിരങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന മനഃശാസ്ത്രജ്ഞന്. ലഹരി സാമൂഹിക വിപത്താണെന്ന സന്ദേശം തലമുറകള്‍ക്ക് പകരുകയാണ് മധുജനും അദ്ദേഹം സ്ഥാപിച്ച ‘കരുണാസായി’ എന്ന പ്രസ്ഥാനവും. രണ്ട് ദശാബ്ദങ്ങളായി ലഹരി തകര്‍ത്ത ജീവിതങ്ങള്‍ക്ക് തണലാണ്, തണുപ്പാണ് ഈ ഡോക്ടര്‍. ഇക്കഴിഞ്ഞ ലോക ലഹരി വിരുദ്ധ ദിനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തകനുള്ള ദേശീയ പുരസ്ക്കാരം ഡോ.എല്‍.ആര്. മധുജന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചപ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. ഒരു ദേശത്തിന്റെ അഭിമാനവും.
കരുണാസായി
2001 ജനുവരി ഒന്നിനാണ് തിരുവനന്തപുരത്ത് നിന്ന് 19 കിലോമീറ്റര്‍ അകലെ വെള്ളനാട് എന്ന സ്ഥലത്ത് ‘കരുണാസായി’ രൂപംകൊള്ളുന്നത്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് മനഃശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ താന്‍ പഠിച്ചത് എങ്ങനെ നാടിന് പ്രയോജനപ്രദമാക്കാം എന്ന ചിന്തയാണ് മധുജനെ അലട്ടിയത്. അതാണ് ‘കരുണാസായി’ എന്ന സ്ഥാപനം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ചേറിന്റെ മണമുള്ള, മഴയില്‍ ചോര്‍ന്നൊലിക്കുന്ന, വൈദ്യുതിയില്ലാത്ത പഴയൊരു വീട്. അവിടെ ലഹരിമോചന ചികിത്സാ കേന്ദ്രം തുടങ്ങിയ മധുജനെ പലരും പരിഹസിച്ചു. ചിലര്‍ പഠിപ്പു മൂത്ത് ഭ്രാന്തായതാണെന്ന് അടക്കം പറഞ്ഞു. ഈ ഓണംകേറാ മൂലയിലെ ഭാര്‍ഗവീനിലയത്തില്‍ ആരു ചികിത്സയ്ക്ക് വരാനെന്ന ചോദ്യമായിരുന്നു നാട്ടുകാര്‍ക്ക്.
മാര്‍ഗമല്ല, ലക്ഷ്യമാണ് പ്രധാനമെന്ന് സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തി മധുജന് മുന്നോട്ടുപോയി. അത് ചരിത്രത്തിലേക്കുള്ള നടന്നുകയറ്റമായിരുന്നു. പഴകിയ കെട്ടിടത്തിലെ അസൗകര്യങ്ങളൊന്നും രോഗികളെ അതൃപ്തരാക്കിയില്ല. മധുജന് നല്കിയ ചികിത്സയില്‍, സ്നേഹത്തില്‍ ഒരുപാട് തൃപ്തരായിരുന്നു അവര്‍. അത് ‘കരുണാസായി’യുടെ വളര്‍ച്ചയ്ക്ക് വഴിമരുന്നായി. ദേശങ്ങള്‍ താണ്ടി രോഗികള്‍ ‘കരുണാസായി’ തേടിയെത്തി. മൂന്നേക്കര്‍ സ്ഥലത്ത് കരുണാസായിക്ക് ബഹുനില മന്ദിരങ്ങളും വില്ലകളുമുയര്ന്നു. പരിഹസിച്ചവര്‍ തിരുത്തി; ‘കരുണാസായി’ നാടിന്റെ അഭിമാനം.
ചികിത്സാ രീതികള്‍
സിനിമകളില്‍ കണ്ട് പരിചയിച്ച മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി രോഗികള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കിയാണ് ‘കരുണാസായി’ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാകാം ഏറ്റവും മികച്ച ഡി-അഡിക്ഷന് സെന്ററിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം മൂന്നുതവണ കരുണാസായി ഡി അഡിക്ഷന് ആന്റ് മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ തേടിയെത്തിയതും.
ലഹരിക്കടിമയാവുക എന്നുപറഞ്ഞാല്‍ മസ്തിഷ്കത്തെ ബാധിക്കുന്ന രോഗാവസ്ഥയാണെന്ന് ഡോക്ടര്‍ പറയുന്നു. അതില്‍ നിന്നു മോചനം വേണമെങ്കില്‍ പൂര്‍ണമായും ചികിത്സതന്നെയാണ് വേണ്ടത്. ആധുനിക ചികിത്സാ രീതിയനുസരിച്ച് 31 ദിവസത്തെ കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയാണ് ഇവിടത്തെ ചികിത്സാരീതി. ഡി-ടോക്സിഫിക്കേഷന് ഉപയോഗിച്ച് രോഗിയുടെ ശരീരത്തില്‍നിന്ന് മദ്യത്തെ നീക്കം ചെയ്യും. പിന്നെ ഗ്രൂപ്പ് ആക്ടിവിറ്റികള്‍, കൗണ്സലിംഗുകള്, ചര്‍ച്ചകള്‍, സംവാദങ്ങള്‍, സായാഹ്നവേളകളിലെ കലാപരിപാടികള്‍ തുടങ്ങിയവയൊക്കെ ചികിത്സയുടെ ഭാഗമായി നടത്തും. ഇടവേളകളില്‍ കാരംസ്, ചെസ് പോലുള്ള കളികളിലും അന്തേവാസികള്‍ പങ്കെടുക്കും. 31 ദിവസത്തെ ചികിത്സ പൂര്‍ത്തിയാക്കി പുതിയ മനുഷ്യരായാണ് അവര്‍ ‘കരുണാസായി’ വിട്ടുപോകുന്നത്.
മറക്കാനാവാത്ത അനുഭവം
പത്ത് വര്‍ഷം മുന്‍പുള്ള ഒരു ദിവസം ‘കരുണാസായി’യില്‍ മദ്യപാനം നിര്‍ത്തുന്നതിനായി സുശീലന് എന്നയാളെ ഭാര്യ കൊണ്ടുവന്നു. ”ഇയാള്‍ ഇവിടെ കിടക്കട്ടെ. ഒരു മാസമെങ്കിലും ഞങ്ങള്‍ക്ക് സമാധാനം കിട്ടുമല്ലോ സാറെ.” ഏറെ സഹിച്ച സ്ത്രീയുടെ വിലാപം. കുടി എന്നു പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത കുടി. സുശീലന്തന്നെ എന്നോട് പറഞ്ഞു ”ഞാന്‍ രക്ഷപ്പെടില്ല സാറെ. ഇവിടുന്നിറങ്ങിയാല്‍ ഞാന്‍ വീണ്ടും കുടിക്കും. ഇവളെ ( ഭാര്യയെ നോക്കി) കൊല്ലും.” ഒരു മാസത്തെ ചികിത്സ കഴിഞ്ഞ് ‘കരുണാസായി’യില്‍ നിന്ന് മടങ്ങുമ്പോള്‍ എന്റെ കൈപിടിച്ച് നെഞ്ചോട് ചേര്‍ത്ത് സുശീലന് പറഞ്ഞു. ”ഞാനിനി കുടിക്കില്ല സാര്‍. ഇനി ഞാന്‍ കുടിച്ചാല്‍ അതിനര്‍ത്ഥം സാറ് മരിച്ചുവെന്നാണ്. അങ്ങനെയൊരു സത്യം ചെയ്യല്‍ ഞാനാദ്യമായിട്ട് കേള്‍ക്കുകയായിരുന്നു. ഇനി കുടിച്ചാല്‍ ഞാന്‍ മരിച്ചെന്ന് കരുതിക്കോ എന്നൊക്കെ പറയുന്നവരുണ്ട്. ഇത് നേരെ തിരിച്ച്. ആത്മാര്‍ത്ഥത മുഴുവന്‍ കടഞ്ഞെടുത്ത് പറഞ്ഞ സത്യം സുശീലന് ഇന്നും പാലിക്കുന്നു. ജീവിതത്തില്‍ ഇങ്ങനെ മറക്കാനാവാത്ത, മനസ്സില്‍ തങ്ങിനില്ക്കുന്ന എത്രയെത്ര സുശീലന്മാര്‍.
ചികിത്സയ്ക്ക് പുറമെ
എഴുത്തും പ്രഭാഷണവും മധുജനെ ജനകീയനാക്കുന്നു. ലഹരി വിരുദ്ധ ക്വിസ് പരമ്പരകള്‍, കില്ലിംഗ് ഡ്രഗ്സ് എന്ന പേരില്‍ ഡോക്യുമെന്ററി. ലഹരി വിരുദ്ധ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകള്‍, ലഹരിക്കെതിരായ നാനൂറിലധികം എക്സിബിഷനുകള്‍, ലക്ഷക്കണക്കിന് സ്കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് ലഹരി വിരുദ്ധ സന്ദേശം…. ഇങ്ങനെ നീളുന്നു മധുജന്റെ സാമൂഹിക ഉത്തരവാദിത്തങ്ങള്‍.
കഞ്ചാവിനടിമപ്പെട്ട കുട്ടികളെ ചികിത്സിക്കുന്നതിനായി ഒരു കനാബിസ് ക്ലിനിക്, മാനസികമായി തകര്‍ന്നുപോയ അമ്മമാരുടെ പുനരധിവാസ കേന്ദ്രം, മാനസികാരോഗ്യ കേന്ദ്രം തുടങ്ങിയ കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ സോഷ്യല്‍ ജസ്റ്റിസ് ആന്റ് എംപവര്‍മെന്റിന്റെ 15 പേര്‍ക്കുള്ള ധനസഹായത്തോടുകൂടി ഗാലക്സി ഐആര്‍.സിഎ എന്ന പേരില്‍ ഒരു പ്രോജക്ടും ഉണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സൈക്കോപാര്‍ക്ക് ‘കരുണാസായി’യുടെ സ്വപ്ന പദ്ധതിയാണ്. അതിന്റെ പണി ഏറക്കുറെ പൂര്‍ത്തിയായി. ശില്പങ്ങളിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള ബോധവത്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
കുടുംബം
മധുജന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഭാര്യ ലേഖ ‘കരുണാസായി’യിലുണ്ട്. കരുണാസായിയില്‍ രോഗികള്‍ക്ക് കൗണ്‍സലിംഗ് നടത്തുന്നുണ്ട് ലേഖ. ഏകമകള്‍ ലോപാമുദ്ര വെള്ളനാട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: