മഴ ദൈവങ്ങള്‍ ലോകത്തിന്റെ മുഴുവനും പ്രാര്‍ഥന കേട്ടു. മഴ പെയ്യരുതിപ്പോള്‍ പതിമൂന്നു മക്കള്‍ കാണാമറയത്തെ ഗുഹയിലാണ്. അതായിരുന്നു പ്രാര്‍ഥന. കൊടും പരീക്ഷണങ്ങളുടെ ഇരുള്‍ച്ച നിറഞ്ഞ ഗുഹാമുഖത്തു നിന്നും ആ പതിമൂന്നുപേരും ഇന്ന് പുനര്‍ജനിയുടെ പുറംവെളിച്ചം കണ്ടു. ലോക കപ്പിന്റെ ആരവങ്ങളില്‍ ലോകം മുഴുവന്‍ ആവേശത്തിന്റെ പന്തും കോര്ട്ടുമാകുമ്പോള് ഇങ്ങ് ഉത്തര തായ്ലന്റിലെ മ്യാന്മര് അതിര്‍ത്തിയില്‍പ്പെട്ട ചിയാങ് റായ് വനമേഖലയിലെ പര്‍വതത്തിനു കീഴെയുള്ള താം ലുവാങ് ഗുഹയ്ക്കകത്ത് പെരുമഴയും ചെളിയും നിറഞ്ഞ് മുഖം അടഞ്ഞുപോയി അകപ്പെട്ട 12 കുരുന്നു ഫുട്ബോളര്‍മാരും അവരുടെ കോച്ചും ജീവന് കൈയ്യില്പ്പിടിച്ചെന്നപോലെ ഭയത്തില്‍ നീന്തുകയായിരുന്നു.
കോച്ചും കുട്ടികളും വെറുതെ കേറിയതാണ് ഗുഹയില്‍. പെട്ടെന്നു പെരുമഴ വന്നും ചെളിനിറഞ്ഞും കവാടമടഞ്ഞു പോയി. പിന്നെ സങ്കല്‍പ്പത്തിലുള്ള രക്ഷതേടി ഇരുട്ടും ദുരൂഹതയും അദൃശ്യതയും കൂടിക്കുഴഞ്ഞ ഗുഹയിലൂടെ അറിയാക്കവാടം തേടി നടക്കുകയായിരുന്നു പതിമൂന്നപേരും. ഇങ്ങനെ നടന്നത് നാലു കിലോമീറ്ററാണ്. പിന്നെ മനസിലായി ഇന്നുവരെ കേള്‍ക്കാത്തതും അറിയാത്തതുമായി ലോകത്തു പെട്ടുപോയെന്ന്. ജൂണ്‍ 23 നായിരുന്നു കോച്ചും കുട്ടി സംഘവും ഗുഹയില്‍പ്പെട്ടത്. തന്റെ മകനിനിയും വീട്ടിലെത്തിയില്ലെന്ന് ഒരമ്മ ആധികൊണ്ടപ്പോഴാണ് മറ്റു കുട്ടികളുടെ കുടുംബവും ചോദിച്ചത്. അവരെത്തിയില്ല എവിടെപ്പോയി. അങ്ങനെ ആശങ്ക കൊടുമ്പിരിക്കൊണ്ട് അന്വേഷണമായി. ചിയാങ് റായ് വനമേഖലയിലെ ഒരു റേഞ്ചറാണ് ഗുഹാ മുഖത്തുനിന്നും കുട്ടികളുടെ സൈക്കിളും ബാഗും ഷൂസുമൊക്കെ കണ്ടകാര്യം പറഞ്ഞത്. കുട്ടികള്‍ ഗുഹയില്‍ അകപ്പെട്ടെന്ന് അങ്ങനെയാണ് സംശയം ഉയര്‍ന്നത്.
ചരിത്രത്തിലെ ഏറ്റവും വലുതും അതിസാഹസികവുമായ രക്ഷാ ദൗത്യത്തിനു അങ്ങനെയാണ് ലോകം കൈകോര്‍ക്കുന്നത്. ബ്രിട്ടണ്, ജപ്പാന്, റഷ്യ, മ്യാന്മര്, ചൈന, യുഎസ്, ലാവോസ്, ഓസ്ട്രേലിയ, ഡെന്മാര്ക്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ജര്‍മനി, യുക്രയിന്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലെ ലോകോത്തര മുങ്ങല്‍ വിദഗ്ദ്ധരും അനുബന്ധ പ്രവര്‍ത്തകരുമടക്കം വന്‍ സംഘമാണ് സ്വജീവന്‍ മറന്നും രക്ഷാ ദൗത്യത്തിനു അണിനിരന്നത്. ലോകത്തിന്റെ തന്നെ ഒരു ചെറു പതിപ്പ്. എല്ലാറ്റിനും മുന്നില്‍ തായ് നേവിയും. ആയിരം സൈനികരും മറ്റു വിദഗ്ദ്ധരുമടക്കം മികവിന്റെ നെറ്റിപ്പട്ടംകെട്ടിയവരായിരുന്നു എല്ലാം. മഴ ഒടുങ്ങാതെ നിന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് 3-4 മാസമെടുക്കുമെന്നാണ് ആദ്യം പറഞ്ഞുകേട്ടത്.
പുറത്ത് ലോകം മുഴുവനും പ്രാര്‍ഥനയുമായി നിന്നു. ഗുഹാമുഖത്ത് താല്‍ക്കാലിക ടെന്റുകെട്ടി കുട്ടികളുടെ വീട്ടുകാരും നാട്ടുകാരും ബുദ്ധ സന്യാസിമാരും മഴ കുറയാന്‍ പ്രാര്‍ഥനയിലായി. രക്ഷാ ദൗത്യം ആരംഭിച്ചപ്പോള്‍ മുതല്‍ ആധുനിക മോട്ടോര്‍വെച്ച് ഇരുപത്തിനാല് മണിക്കൂറും ഗുഹയില്‍നിന്നും വെള്ളം പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. 12 കോടി ലിറ്റര്‍ വെള്ളമാണ് അങ്ങനെ അടിച്ചു കളഞ്ഞത്. മഴയാകട്ടെ പ്രാര്‍ഥനപോലെ കുറഞ്ഞു വന്നു.
തിരച്ചിലിന്റെ ഒന്‍പതാം ദിവസം കുട്ടികള്‍ ഗുഹയില്‍ ജീവനോടുണ്ടെന്ന് കണ്ടെത്തി. ലോകം ആശ്വസിച്ചു. പട്ടായ ബീച്ച് എന്നറിയപ്പെടുന്ന അറയ്ക്കുള്ളില്‍ നാന്നൂറു മീറ്റര്‍ അകലെയുള്ള ഒരു പാറക്കെട്ടിനു മുകളില്‍ സുരക്ഷിതരായിരുന്നു പതിമൂന്നുപേരും. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടും നാലുംപേരുമായി ഗുഹാജീവിതത്തിന്റെ ഇരുട്ടില്‍ നിന്നും ജീവന്റെ വെളിച്ചത്തിലേക്കു മടങ്ങിയിരുന്നു. ജൂലൈ പത്താം തിയതിയോടെ മുഴുവന്‍പേരും അതെ,ആ പതിമൂന്നുപേരും ലോകത്തിന്റെ സുരക്ഷയിലേക്കും കരുതലിലേക്കും സാന്ത്വനത്തിലേക്കും മടങ്ങി. രാഷ്ട്രീയ മത വര്‍ണ്ണ വര്‍ഗ വംശീയ കുരുക്കുകള്‍ക്കപ്പുറം രക്ഷാകര ദൗത്യത്തില്‍ ലോകം ഒന്നാണെന്നു പഠിപ്പിച്ച ജാഗ്രത. അന്തിമ വിശകലനത്തില്‍ മനുഷ്യന് എന്നപദം എത്ര സുന്ദരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: