സ്നേഹവും കരുതലും, ഇത് അമ്മ മനസ്സിന്റെ മാത്രം പ്രത്യേകതയാണ്. അമ്മയുടെ കരുതലിനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ലതാനും. പക്ഷേ ഇതൊക്കെ മക്കള്‍ക്ക് മുന്‍പിലാവും. അവരോടാവും ഏതൊരമ്മയുടെയും സ്വാര്‍ഥത കലര്‍ന്ന ഇഷ്ടവും കരുതലും. ആ സ്നേഹം സമൂഹത്തിലേക്കുകൂടി പരന്നൊഴുകണമെങ്കില്‍ ഒരമ്മയുടെ മനസ്സ് കടലിനോളം ആഴവും പരപ്പും അലകളും നിറഞ്ഞതാവണം.
ഇവിടെയിതാ അങ്ങനെയൊരമ്മ. അവരുടെ മനസ്സിലേക്ക് ഈ അമ്മ കുടിയേറി; അമ്മയുടേയും മുത്തശ്ശിയുടേയും സഹോദരിയുടേയുമൊക്കെ സ്ഥാനത്ത് അവര്‍ക്കിടയില്‍ അഭിമാനത്തോടെ നില്‍ക്കുകയാണ് ഈ ടീച്ചറമ്മ. ഒരു പിറന്നാള്‍ ആഘോഷത്തിന്റെ വേളയിലാണ് അമ്മ തന്നെപ്പോലെ ഒരായുസ്സു മുഴുവന്‍ സ്നേഹം പകര്‍ന്ന്, ഒട്ടനവധി അമ്മമാരുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തിയത്.
ഇത് കാരിശ്ശേരി തറവാട്
ഇത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ തമ്പലക്കാട് കാരിശ്ശേരി തറവാട്. ഇതാണ് കെ.എന്‍. തങ്കമ്മ എന്ന റിട്ട. ഹിന്ദി അധ്യാപികയുടെ വീട്. ഇന്ന് ഈ തറവാട് ഈ അമ്മയുടേതു മാത്രമല്ല. ഇവിടെ ഇരുപതിലേറെ അമ്മമാരുണ്ട്. പകല്‍ മുഴുവന്‍ അവര്‍ കര്‍മ്മനിരതരാണ്. അവരുടെ ജീവിതത്തില്‍ വിശ്രമകാലത്തും വരുമാനമുണ്ടാക്കാമെന്ന് തെളിയിക്കപ്പെട്ടത് 2017 ഒക്ടോബറിലായിരുന്നു. ‘മാനവോദയ’ എന്ന പേരില്‍ ഈ കൂട്ടായ്മ അന്നുമുതലുണ്ട്.
തങ്കമ്മയുടെ എണ്പത്തിനാലാം പിറന്നാള്‍ ആഘോഷമാണ് കാരിശ്ശേരി വീടിന്റെ പടിവാതില്‍ ഇവര്‍ക്ക് മുന്നിലേക്ക് തുറക്കാന്‍ ഇടയാക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ ശതാഭിഷേകം ആഘോഷമാക്കാന്‍ മക്കള്‍ തറവാട്ടില്‍ ഒത്തുകൂടി. എന്നെന്നും ഈ ആഘോഷം നാടോര്‍മിക്കാന്‍ ഒരു നിര്‍ധന കുടുംബത്തിന് പാര്‍പ്പിടം നിര്‍മിക്കാമെന്ന ആശയം മക്കള്‍ മുന്നോട്ടുവച്ചു. എന്നാല്‍ അമ്മമനസ്സിലുയര്‍ന്നത് മറ്റൊരാശയം. ഒരു വീട് വെച്ചാല്‍ ഒരു കുടുംബം രക്ഷപ്പെടും. എന്നാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഗുണകരമായ എന്തെങ്കിലുമായിക്കൂടേ? അങ്ങനെ അമ്മയുടെ വഴിയില്‍ മക്കളും ചിന്തിച്ചു. സ്വന്തം തറവാട് അമ്മമാര്‍ക്കുള്ള പകല്‍വീടാക്കി മാറ്റാം. ഒട്ടേറെ അമ്മമാര്‍ക്ക് അതുവഴി നന്മനല്‍കാം. ഇതായിരുന്നു തങ്കമ്മയുടെ നിര്‍ദ്ദേശം.
അമ്മയുടെ വഴിതന്നെ ശരിയെന്ന് മക്കള്‍ക്കും തോന്നി. മൂന്ന് മക്കളാണിവര്‍ക്ക്. ഭര്‍ത്താവ് കേശവന് നായര്‍ 2004-ല്‍ മരിച്ചു. മക്കള്‍ മൂന്നുപേരും ജോലിയുമായി മറ്റിടങ്ങളിലാണ്. സതര്‍ലാന്റ് ഐടി കമ്പനിയുടെ ഗ്ലോബല്‍ മാനേജര്‍ ശ്രീകുമാര്‍, ദല്‍ഹി കേന്ദ്രമായുള്ള ഇമേജ് സോഫ്ട്വെയര് കമ്പനി ഉടമ സതീഷ്കുമാര്‍, ഹൈക്കോടതി അഭിഭാഷക അഡ്വ. ഗീത നായര്‍ എന്നിവരാണ് മക്കള്‍.
മക്കള്‍ അവരുടെ ജീവിതവുമായി അന്യനാടുകളില്‍ കഴിയുന്നതില്‍ എന്നും ഈ അമ്മയ്ക്ക് സന്തോഷമേയുള്ളൂ. സ്വയംപര്യാപ്തതയിലൂടെയാവണം മക്കളുടെ ജീവിതമെന്നായിരുന്നു കേശവന് നായരുടേയും തങ്കമ്മയുടേയും എന്നത്തേയും ചിന്ത. കാരിശ്ശേരില്‍ തറവാട്ടില്‍ ഈ അമ്മ പ്രവര്‍ത്തനനിരതയായിരുന്നു വിരമിക്കലിനു ശേഷവും. പറമ്പില്‍ തനിക്കാവുന്ന കൃഷികളൊക്കെ ചെയ്യുന്നുണ്ട്. എങ്കിലും സമയം ഇനിയും ബാക്കി. ജീവിതത്തില്‍ ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നലായിരുന്നു ഈ അമ്മയ്ക്കെന്നും. അതിനുള്ള വഴിയാണ് എണ്പത്തിനാലാം പിറന്നാളാഘോഷമൊരുക്കിയത്.
മൂല്യവര്‍ധിത ജീവിതം
എന്തുകൊണ്ട് വിശ്രമജീവിതം നയിക്കുന്ന അമ്മമാരെ സംഘടിപ്പിച്ച് ജീവിതത്തിന് പുതിയൊരു അര്‍ഥം നല്കിക്കൂടാ? അങ്ങനെ ചിന്തിച്ചുറപ്പിച്ചാണ് കാരിശ്ശേരില്‍ തറവാട്ടില്‍ തങ്കമ്മയുടെ നേതൃത്വത്തില്‍ നാട്ടിലെ അറുപതിനുമേല്‍ പ്രായമുള്ള അമ്മമാര്‍ ഒന്നിച്ചിരുന്നത്. പിന്നെ അവരുടെ കൈത്തഴക്കത്തില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ ഒരുങ്ങി. വിളക്കുതിരി, മെഴുകുതിരി, സാമ്പ്രാണി എന്നിവയുണ്ടാക്കി. പിന്നീട് ചിപ്സ്, വിവിധയിനം അച്ചാറുകള്‍, പാവയ്ക്ക വറ്റല്‍ തുടങ്ങി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും തയ്യാറാക്കി. ഇവയൊക്കെ പ്രദേശത്തെ ക്ഷേത്രോത്സവങ്ങളില്‍ സ്റ്റാളുകളിലൂടെ വിറ്റഴിച്ചപ്പോള്‍ നല്ലൊരു വരുമാനവുമായി അമ്മമാര്‍ക്ക്. ഇതിലെ ലാഭവിഹിതമൊക്കെ ഒപ്പമുള്ള അമ്മമാര്‍ക്കുതന്നെ. വിളക്കുതിരി സമീപ ക്ഷേത്രങ്ങളിലെല്ലാം എത്തിക്കുന്നതും ഇപ്പോള്‍ ഇവരാണ്.
ദിവസവും രാവിലെ കാരിശ്ശേരി തറവാട്ടിലെ കാര്‍ തമ്പലക്കാട് ഗ്രാമത്തിലൂടെ ഓടുന്നതു കാണാം. നാട്ടിലെ അമ്മമാരെ അവരുടെ വീട്ടില്‍ച്ചെന്ന് കൊണ്ടുവരും. ഇതിന് ഡ്രൈവറെ നിയോഗിച്ചിട്ടുണ്ട്. വൈകിട്ട് എല്ലാവരേയും തിരികെ വീട്ടിലെത്തിക്കും. പകല്‍ ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പ്രതിമാസം 20,000 രൂപയോളം തങ്കമ്മയ്ക്കു ചെലവുണ്ട്. ഇതെല്ലാം ഇവരുടെ പെന്ഷന് തുകയില്‍ നിന്നാണ് ചെലവഴിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ വിറ്റുകിട്ടുന്നതില്‍ ഒരു വിഹിതംപോലും എടുക്കുകയില്ല. ഓണം, വിഷു, തുടങ്ങിയ വിശേഷാവസരങ്ങളില്‍ തന്നാണ്ടത്തെ ലാഭം മുഴുവന്‍ അമ്മമാര്‍ക്കായി നല്‍കും. അവരുടെ ആഘോഷങ്ങള്‍ ആരേയുമാശ്രയിക്കാതെയാവണം എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
കാരിശ്ശേരി തറവാട് എന്നും നന്മയുടെ വഴിയിലായിരുന്നു. പൂര്‍വകാലത്ത് വനഭൂമിയായിരുന്ന തമ്പലക്കാട്ടേക്ക് ആദ്യം കുടിയേറിപ്പാര്‍ത്ത കുടുംബങ്ങളില്‍ പ്രാമാണ്യം കാരിശ്ശേരി കുടുംബത്തിനായിരുന്നു. മറ്റുള്ളവരുടെയെല്ലാം രക്ഷാകര്‍ത്തൃത്വം തന്നെ അക്കാലത്ത് ആ കുടുംബത്തിനായിരുന്നുവത്രേ. ആ രക്ഷാകര്‍തൃഭാവമാണ് ഈ തലമുറയില്‍ തങ്കമ്മയിലൂടെ നാടിന് നന്മയായി വന്നത് എന്നും വിശേഷിപ്പിക്കാം. നാറാണത്തു ഭ്രാന്തന് പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന തമ്പലക്കാട് മഹാദേവ പ്രതിഷ്ഠയ്ക്ക് പിന്നീട് ക്ഷേത്രരൂപമൊരുക്കിയത് കാരിശ്ശേരി കാരണവരുടെ നേതൃത്വത്തിലാണ്. ദേശഭരണത്തിനുള്ള അധികാരം തെക്കുംകൂര്‍ രാജവംശത്തില്‍നിന്ന് കാരിശ്ശേരി പണിക്കര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഉപമന്ത്രി സ്ഥാനത്തിരുന്ന് അയ്യായിരം ഏക്കറോളം വരുന്ന തമ്പലക്കാട് പ്രദേശം ഭരിച്ചിരുന്നത് കാരിശ്ശേരി പണിക്കരായിരുന്നുവെന്നതും ചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: