കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം.ജേക്കബ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ”സംസ്ഥാനത്ത് ഇസ്ലാമിക ഭികരത ശക്തിപ്രാപിക്കുന്നു”. എന്നതാണത്. ഇതിനെ എതിര്‍ക്കാന്‍ തീവ്ര മുസ്ലീം സംഘടനകള്‍ മാത്രമല്ല മൃദു മുസ്ലീം വര്‍ഗീയ പാര്‍ട്ടിയായ മുസ്ലീംലീഗും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസുകാരില്‍ ചിലരും രംഗത്തിറങ്ങിയിരുന്നു.
കാലം മുന്നോട്ടുനീങ്ങുന്തോറും ഇസ്ലാമിക ഭീകരത അണിയറയില്‍ സജീവമായി. അബ്ദുള്‍ നാസര്‍ മദനിയുടെ ഐഎസ്എസ് പ്രത്യക്ഷമായിത്തന്നെ പ്രകോപനം സൃഷ്ടിച്ചു. കേരളത്തെ കശ്മീരാക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനങ്ങളും സമ്മേളനങ്ങളും വെല്ലുവിളികളും നിത്യസംഭവമാക്കി. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന സിമിയുടെ ഭീഷണിക്കെതിരെ അതേനാണയത്തില്‍ മുദ്രാവാക്യമുയര്‍ന്നപ്പോഴേ ഭരണാധികാരികള്‍ ഉണര്‍ന്നുള്ളു. എന്നാല്‍ മദനിയുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കമ്മ്യൂണിസ്റ്റ് -കോണ്‍ഗ്രസ് മുന്നണികളും അവരുടെ സര്‍ക്കാരുകളും തയ്യാറായത്. ലീഗിനെ ക്ഷീണിപ്പിക്കാന്‍ കോണ്‍ഗ്രസ് മദനിയുമായി രഹസ്യബന്ധം നടത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ സിപിഎം തയ്യാറായി.
കോയമ്പത്തൂര്‍ സ്ഫോടനത്തിലും ബാംഗ്ലൂര്‍ സ്ഫോടനത്തിലും പ്രതിയായി ജയിലില്‍ക്കിടന്ന മദനിയുടെ കണ്ണീരൊപ്പാന്‍ ഇരട്ടത്തൂവാലയുമായി ഇരുമുന്നണികളും രംഗത്തിറങ്ങി. നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി മദനിയെ മോചിപ്പിക്കാന്‍ ശ്രമിച്ചു. ബിജെപി കര്‍ണ്ണാടകയും കേന്ദ്രവും ഭരിക്കുന്നതാണ് മദനിയുടെ മോചനം വൈകിപ്പിക്കുന്നതെന്ന് പ്രചരിപ്പിച്ചു. മുസ്ലീമായതുകൊണ്ടാണ് മദനിയെ തുറുങ്കിലടച്ചതെന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചരണം മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ രക്ഷയില്ലെന്ന ധാരണയുണ്ടാക്കി.
ആ ധാരണ ഭീകര പരിശീലനത്തിലേക്കും സായുധ അക്രമത്തിലേക്കും വളര്‍ന്നു. പാനായിക്കുളത്തും മഞ്ചേരിയിലെ ഗ്രീന്‍ വാലിയിലേക്കും നാറാത്ത് ഉള്‍പ്പെടെ കണ്ണൂരിന്റെ പലഭാഗത്തുമെല്ലാം ഇവര്‍ പരിശീലന കളരികള്‍ നടത്തി. പകല്‍ ഡിവൈഎഫ്ഐ കൊടിപിടിക്കുന്നവര്‍ രാത്രികളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എന്‍ഡിഎഫിന്റെയുമെല്ലാം കൊടിയേന്തുന്നവരായി. ലീഗിലും കോണ്‍ഗ്രസ്സിലും സിപിഎമ്മിലും ഭീകരര്‍ നുഴഞ്ഞുകയറി. സിമി നിരോധിക്കപ്പെട്ടപ്പോള്‍ ലീഗിലും പിന്നീട് സിപിഎമ്മിലുമെത്തിയ വ്യക്തി മന്ത്രി പോലുമായി.
പോപ്പുലര്‍ ഫ്രണ്ട് മുസ്ലീങ്ങളുടെ ശത്രുവാണെന്ന് സിപിഎം നേതാവ് എളമരം കരീം തിരിച്ചറിഞ്ഞതായി വ്യക്തമായി. രാജ്യസഭയിലെത്തിയതിനാല്‍ ഇനിയൊരു തെരഞ്ഞെടുപ്പിന് നില്‍ക്കേണ്ട കാര്യമില്ലെന്ന സ്ഥിതി വന്നപ്പോള്‍ കരീമിനുണ്ടായ വിവേകമാണോ ഇത്? അതോ സിപിഎമ്മിന്റെ വൈകിവന്ന ബോധോദയമാണോ എന്നാണ് ഇനി വ്യക്തമാകാനുള്ളത്. കോണ്‍ഗ്രസിനെപ്പോലെതന്നെ സിപിഎമ്മും പലവിധ മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളുമായി ചങ്ങാത്തംകൂടാന്‍ മടിച്ചിരുന്നില്ല. എളമരം കരീം ഇസ്ലാമിക തീവ്രവാദികള്‍ അരിഞ്ഞുതള്ളിയ 39 പേരുടെ പട്ടിക നിരത്തിയിട്ടുണ്ട്. മാറാട് സംഭവം ഉള്‍പ്പെടെ പ്രതികളോടൊപ്പമായിരുന്ന സിപിഎം നിരവധി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കിയപ്പോള്‍ ഒന്നുഞെട്ടാന്‍ പോലും സിപിഎമ്മോ അവരുടെ മന്ത്രിമാരോ തയ്യാറായിട്ടില്ല.
ബിജെപി ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകള്‍ ജിഹാദി ഭീകരതയ്ക്കെതിരെ വിരല്‍ചൂണ്ടിയപ്പോള്‍ ബിജെപി കേരളത്തെ അപമാനിക്കുന്നു എന്നാണ് വിളിച്ചുകൂവിയത്. എറണാകുളം മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ നെഞ്ചില്‍ കത്തിയിറക്കി കൊന്നതോടെ പാര്‍ട്ടി നടുങ്ങി എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ പോലീസിന്റെ വാശി എവിടെവരെ? മാളത്തിലൊളിച്ച കൊലയാളികളെയും കൊല്ലിച്ചവരെയും പിടികൂടുമെന്നുറപ്പുണ്ടോ? ജനങ്ങളുടെ സംശയം തീര്‍ത്തേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: