ന്യൂയോര്‍ക്: തലമുറകളെ ഹരം കൊള്ളിച്ച സൂപ്പര്‍ ഹീറോ സ്‌പൈഡര്‍മാന്റെ സ്രഷ്ടാവ് സ്റ്റീവ് ഡിറ്റ്‌കോ (90) അന്തരിച്ചു. സ്റ്റീവും സഹ എഴുത്തുകാരനായ സ്റ്റാന്‍ ലീയുമാണ് 1962ല്‍ സ്‌പൈഡര്‍മാനെ അവതരിപ്പിച്ചത്. മാര്‍വല്‍ കോമിക്‌സിന്റെ അമേസിങ് ഫാന്റസി എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് സ്‌പൈഡര്‍മാനെ ഇവര്‍ രംഗത്തെത്തിച്ചത്. ഒരു വര്‍ഷത്തിനു ശേഷം ഡോക്ടര്‍ സ്‌ട്രേഞ്ച് എന്ന സൂപ്പര്‍ഹീറോ കഥാപാത്രത്തേയും സ്റ്റീവ് അവതരിപ്പിച്ചു.
മന്‍ഹാട്ടനിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ സ്റ്റീവിനെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് പോലീസ് മരണ വിവരം പുറത്തു വിട്ടത്. 1927ല്‍ ജനിച്ച സ്റ്റീവ് രണ്ടാം ലോകമഹായുദ്ധകാലത്തെ സൈനിക സേവനത്തിനു ശേഷമാണ് മാര്‍വല്‍ കോമിക്‌സില്‍ ചിത്രകാരനായി ചേര്‍ന്നത്. സ്‌പൈഡര്‍മാന്റെ ആവിഷ്‌കാരത്തില്‍ സ്റ്റാന്‍ ലീയുമായി നിരന്തരം സംഘര്‍ഷത്തിലായിരുന്ന സ്റ്റീവ് 1966ല്‍ മാര്‍വല്‍ വിട്ടു. സ്‌പൈഡര്‍മാന്റെ ഇന്നു കാണുന്ന തരത്തിലുള്ള രൂപം ആവിഷ്‌കരിച്ചത് സ്റ്റീവ് ആണെന്നാണ് കരുതുന്നത്.
















