യുട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ കാണുക. ട്രെന്‍ഡിംഗില്‍ ഏഴാം സ്ഥാനത്തെത്തുക. ഒരു ഹ്രസ്വചിത്രത്തിന് ഇതിനേക്കാള്‍ വലിയൊരു സ്വീകാര്യതയില്ല. എറണാകുളം സ്വദേശി ബെന്‍ജിത്ത് ബേബി സംവിധാനം ചെയ്ത ‘സോറി’ എന്ന ഹ്രസ്വചിത്രമാണ് തരംഗമായത്. മലയാള ടെലിഫിലിം ചരിത്രത്തില്‍ യുട്യൂബില്‍ ആദ്യത്തെ പത്തെണ്ണത്തില്‍ ഉള്‍പ്പെടുന്ന ഏക ഹ്രസ്വചിത്രവും ഇതാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സമൂഹത്തില്‍ കൂടിവരുന്ന കാലത്ത് അതിനെതിരെ പുരുഷസമൂഹത്തിനുള്ള ഓര്‍മപ്പെടുത്തലാണ് ‘സോറി’. സ്വന്തം കണ്മുന്നില് നടന്ന ഒരു സംഭവത്തെ ഹ്രസ്വചിത്രമാക്കി മാറ്റിയിരിക്കുകയാണ് ബെന്‍ജിത്ത്. ബെന്‍ജിത്തിന്റെ എറണാകുളത്തെ ‘ടപ്യോക്ക’ എന്ന റസ്റ്റോറന്റിലെ ഒരു സായാഹ്നം. കുറച്ച് കോളേജ് വിദ്യാര്‍ഥിനികള്‍ ഭക്ഷണം കഴിക്കാനെത്തി. അവര്‍ക്കുനേരെ അവിടെയത്തിയ ചിലര്‍ കണ്ണുകൊണ്ടും കൈകള്‍കൊണ്ടും കാട്ടിയ വൈകൃതങ്ങള്‍ മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. അവസാനം ആ പെണ്‍കുട്ടികള്‍ ഭക്ഷണംപോലും ഉപേക്ഷിച്ച് ഇറങ്ങിപ്പോയി. സ്വന്തം സഹോദരിമാര്‍ക്കെതിരെ ഇങ്ങനെയൊരു സംഭവമുണ്ടായാല്‍ ഇത്തരക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന ചിന്തയാണ് ബെന്ജിത്തിനെ ‘സോറി’ എന്ന ഹ്രസ്വചിത്രത്തിലെത്തിച്ചത്. വ്യത്യസ്തമായ പ്രമേയം മനോഹരമായി ചിത്രീകരിച്ച് പ്രേക്ഷകര്‍ക്ക് നല്ലൊരു സന്ദേശം നല്‍കുകയായിരുന്നു ലക്ഷ്യമെന്ന് ബെന്‍ജിത്ത് പറയുന്നു.
അടിയും ഇടിയും വെട്ടുമല്ല വേണ്ടതെന്നും, തെറ്റുചെയ്തയാളെ അയാളുടെ തെറ്റ് ബോധ്യപ്പെടുത്തി നല്ല മനസ്സിന്റെ ഉടമയാക്കി മാറ്റുന്ന തരത്തിലുള്ള പ്രതികരണമാകണം ഇന്നത്തെ തലമുറയുടെ ഭാഗത്തുനിന്നുണ്ടാകണ്ടേതെന്നുമാണ് ബെന്‍ജിത്തിന്റെ പക്ഷം. സംവിധായകന് എന്നതിലുപരി ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളും ബെന്‍ജിത്ത് ബേബിയാണ്. നിര്‍മാണവും തിരക്കഥയും സംഗീതവും ബെന്‍ജിത്ത് നിര്‍വഹിച്ചിരിക്കുന്നു. മാത്തുക്കുട്ടി, നയനാ അനില്‍, അനീഷാ ഉമ്മര്‍, ആന്റോ ജെയിംസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കൃഷ് കൈമള്‍ ക്യാമറയും പ്രജീഷ് പ്രകാശ് എഡിറ്റിങ്ങും ഷിയാദ് കബീര്‍ പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നു. സപ്തംബറില്‍ ആദ്യസിനിമ ചെയ്യുന്നതിന്റെ പണിപ്പുരയിലാണ് ബെന്‍ജിത്ത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ പ്രണയകഥയാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: