ജൂണ്‍ 30, ജൂലൈ ഒന്ന് എന്നീ ദിവസങ്ങളില്‍ സംഘത്തിന്റെ പ്രാന്തീയ ബൈഠക് അടൂര്‍ മാര്‍ത്തോമാ കണ്വെന്ഷന് സെന്ററില്‍ നടക്കുകയുണ്ടായി. കാര്യമാത്ര പ്രസക്തമായ ആ ബൈഠക്കില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതിയുടെ ഏറ്റക്കുറച്ചിലുകളെ വിമര്‍ശനം ചെയ്യുകയും, വരുംകൊല്ലത്തെ പ്രവര്‍ത്തനതന്ത്രങ്ങളും ലക്ഷ്യങ്ങളും നിര്‍ണയിക്കുകയുമാണ് ചെയ്തത്. സംഘത്തിന്റെ പ്രവര്‍ത്തനവര്‍ഷം ജൂണ്‍ മുതല്‍ മെയ് വരെ ആണ് കണക്കാക്കിവരുന്നത്. ഓരോ വര്‍ഷവും ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തപ്പെടുന്ന പരിശീലന ശിബിരങ്ങള്‍ക്കുശേഷം നവീന പ്രവര്‍ത്തനവര്‍ഷം ആരംഭിക്കുകയാണ്. വിദ്യാഭ്യാസവര്ഷംപോലെയെന്നു സാമാന്യമായി പറയാം. രണ്ടുനാളത്തെ കൂട്ടായ്മയില്‍ സമകാലീന കേരളത്തില്‍ ദേശവിരുദ്ധ ശക്തികളുടെ ഭീഷണി സംബന്ധിച്ച് സ്വയംസേവകര്‍ക്കും പൊതുസമൂഹത്തിനും കാഴ്ചപ്പാട് നല്കുന്ന രണ്ട് പ്രമേയങ്ങള്‍ അംഗീകരിക്കുകയുണ്ടായി.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ദക്ഷിണകേരളത്തില്‍ ഇത്തരമൊരു പരിപാടി നടക്കുന്നത്. ഞാനാകട്ടെ അടൂരും പരിസരങ്ങളുമായി അത്ര പരിചിതനല്ലായിരുന്നുതാനും. ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരുന്ന 1967-77 കാലത്ത് ഏതാനും തവണ അവിടെ പോകാന്‍ അവസരമുണ്ടായിരുന്നു. അടൂര്‍ ടൗണില്‍ പ്രചാരകന് രാമചന്ദ്രന് അവിടെ ഏതാനും പ്രവര്‍ത്തകരെ പരിചയപ്പെടുത്തുകയും, അവരുടെ ഉത്സാഹത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. നമുക്കൊക്കെ ആദരണീയനായ എം.എ. സാര്‍ എന്ന എം.എ. കൃഷ്ണന്റെ വീട്, അതിനടുത്ത് ഐവര്കാലായിലാണെന്നറിയാമായിരുന്നെങ്കിലും അവിടെ പോകാന്‍ അവസരവും വഴിയും തുറന്നുകിട്ടിയില്ല.
ക്രമേണ രാമന്‍പിള്ള സാറിന്റെ ഉത്സാഹത്തില്‍ അടൂരിലും സമീപപ്രദേശമായ നെല്ലിമുകള്‍, പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ജനസംഘം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്റെ ബാല്യകാലത്ത് ഒന്നിലും രണ്ടിലും പഠിച്ച 1940-കളുടെ തുടക്കത്തില്‍ തൊടുപുഴയ്ക്കടുത്തു മണക്കാട്ടു വീട്ടില്‍ താമസിച്ച് അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്ന തങ്കമ്മ ടീച്ചറുടെ വീട് തുവയൂര്‍ ആയിരുന്നെന്നറിയാം. അടിയന്തരാവസ്ഥക്കാലത്ത് ഒ.ജി. തങ്കപ്പനുമൊരുമിച്ച് ആ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നതിനിടെ ആ ഗ്രാമത്തിലെ രാമകൃഷ്ണപിള്ളസാര് എന്ന ജനസംഘം നേതാവിന്റെ വീട്ടില്‍ തങ്ങാനിടയായി. അദ്ദേഹത്തോടന്വേഷിച്ച് വീടിന്റെ സ്ഥാനം മനസ്സിലാക്കി ഓജിയുമൊത്ത് ആ വീട്ടില്‍ ചെന്നപ്പോള്‍ വാര്‍ധക്യത്തിലെത്തിയ ടീച്ചര്‍ക്ക് (അന്ന് തങ്കമ്മസാറാണ് തെക്കന്‍ കേരളത്തില്‍) ഉണ്ടായ വികാരതീവ്രത പറഞ്ഞറിയിക്കാന്‍ അസാധ്യമാണ്. പണ്ടത്തെ അഞ്ചുവയസ്സുകാരനോടെന്നപോലത്തെ വാത്സല്യപ്രകടനമായിരുന്നു. അവരുടെ മകന് ഗോഖലെ കോളേജ് വിദ്യാര്‍ത്ഥിയാണന്ന്. സംഘ ശാഖയില്‍ സജീവമായിരുന്നു.
പില്ക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരനായി കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തിച്ചപ്പോഴും, സംഘവും എന്‍ജിഒ സംഘുമായുള്ള ബന്ധം നിലനിര്‍ത്തി. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് തൊടുപുഴയില്‍ പെന്‍ഷണേഴ്സ് സംഘിന്റെ സമ്മേളനത്തിനു വന്നപ്പോഴും എന്നെ ഫോണില്‍ വിളിപ്പിച്ചിരുന്നു. ഗോഖലേയുടെ നമ്പര്‍ കൈവിട്ടുപോയതിനാല്‍ പ്രാന്ത, സഹകാര്യവാഹ് എം. രാധാകൃഷ്ണനോടും, വിചാരകേന്ദ്രത്തിലെ ആര്. സഞ്ജയനോടും അദ്ദേഹത്തെ ബന്ധപ്പെടുത്തിത്തരാന്‍ പറഞ്ഞിരുന്നു. അവരുടെ താലൂക്ക് കാര്യവാഹായിരുന്നു ഗോഖലെ എന്ന് അപ്പോഴാണ് അറിഞ്ഞത്. അദ്ദേഹം ശിബിരത്തില്‍ വന്ന് ഒട്ടേറെ സ്മരണകള്‍ പങ്കിട്ടു.
അദ്ദേഹത്തിന്റെ അമ്മയുടെ വീട് തിരുവല്ല താലൂക്കിലാണെങ്കിലും ചങ്ങനാശ്ശേരിയോടു തൊട്ടുകിടക്കുന്ന ഇഴിഞ്ഞില്ലത്തായിരുന്നു. അവിടെ സംഘപ്രവര്‍ത്തനം പെരുന്നയില്നിന്നാരംഭിക്കുകയും, ഞാന്‍ കോട്ടയം ജില്ലാ പ്രചാരകനായിരുന്ന 1967 വരെ അങ്ങോട്ടു ചേര്‍ന്നുമായിരുന്നു. ആ ശാഖയിലെ വിക്രമന്, പപ്പുണ്ണി എന്ന രണ്ടുപേര്‍ തങ്കമ്മടീച്ചറുടെ സഹോദരീപുത്രന്മാരായിരുന്നു. അവിടത്തെ പല സ്വയംസേവകരും വിദ്യാഭ്യാസം കഴിഞ്ഞ് മറ്റ് സംസ്ഥാനങ്ങളിലും, ഉത്തര കേരളത്തിലും ജോലിക്കായി പോയി സംഘബന്ധം സജീവമായി നിലനിര്‍ത്തിപ്പോന്നു. വിക്രമന് മധ്യപ്രദേശിലെ റായ്പൂരിലാണ് ജോലി കണ്ടെത്തിയത്. മുന്‍ പ്രാന്തപ്രചാരക് ഭാസ്കര്‍റാവുജിയുടെ ഒത്താശയില്‍ അദ്ദേഹം അവിടത്തെ സംഘപ്രവര്‍ത്തനത്തിലേക്ക് മത്സ്യം വെള്ളത്തിലേക്കെന്നപോലെ പ്രവേശിച്ചു. ഒട്ടേറെ ചുമതലകള്‍ വഹിച്ച് അവിടത്തുകാരനായി കൂടിയിരിക്കയാണെന്ന് ഗോഖലേയില്നിന്നറിഞ്ഞു. ഇടയ്ക്കൊന്നുരണ്ടു തവണ നാട്ടിലെത്തിയപ്പോള്‍ പരിപചയപ്പെടാനും, ആ സ്വയംസേവകന്റെ ആഴവും ഉറപ്പും മനസ്സിലാക്കാനും കഴിഞ്ഞു. ഇപ്പോള്‍ ജോലിയില്‍നിന്ന് വിരമിച്ചുവത്രേ.
മറ്റൊരു ഇടിഞ്ഞില്ലക്കാരന് ജഗന്നാഥന് കോഴിക്കോട്ട് ഫാറൂക്ക് കോളേജില്‍ അനധ്യാപകജീവനം കഴിഞ്ഞ് അതിനടുത്തുതന്നെ താമസമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അന്തരിച്ച വി.എം. കൊറാത്ത് സാറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ എന്നെ തട്ടിവിളിച്ച് കൂടെവന്നു. ഫറൂക്ക് കോളേജ് പരിസരങ്ങളില്‍ അദ്ദേഹം പിള്ളച്ചേട്ടനാണത്രേ.
തിരുവല്ലയ്ക്കടുത്ത് പൊടിയാടിയില്‍ താമസിക്കുന്ന പി.കെ. വിഷ്ണുനമ്പൂതിരിയെക്കുറിച്ചും, അടൂരില്വെച്ചറിയാനിടയായി. ജനസംഘത്തിന്റെ തിരുവല്ലയിലെ പ്രവര്‍ത്തനങ്ങളുടെ നെടുംതൂണായിരുന്നു അടിയന്തരാവസ്ഥക്കാലംവരെ ആ അഭിഭാഷകന്. ഇത്ര പാകതയും അന്തസ്സും തികഞ്ഞ വ്യക്തിത്വങ്ങള്‍ ദുര്‍ലഭമാണ്. ജനസംഘ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ നിഷ്ഠ അസാമാന്യമായിരുന്നു. പരമേശ്വര്‍ജിയും രാജേട്ടനുമൊത്ത് (ഒ. രാജഗോപാല്‍ എംഎല്‍എ) പലവട്ടം അദ്ദേഹത്തിന്റെ വസതിയില്‍ പോയിട്ടുണ്ട്. എല്ലാ പരിപാടികളിലും അത്യന്തം ഉത്സാഹത്തോടെ പങ്കെടുക്കുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ദുര്‍ഘട ഘട്ടത്തില്‍ അചഞ്ചലമായ നിഷ്ഠയോടെ വിഷ്ണുനമ്പൂതിരി പ്രവര്‍ത്തിച്ചു. 1975 ജൂലൈ ആദ്യവാരത്തില്‍ത്തന്നെ, രാജേട്ടന്, കെ.ജി. മാരാര്‍, എം. ദേവകിയമ്മയടക്കമുള്ള ജനസംഘം നേതൃനിര മിസാ തടങ്കലിലായിക്കഴിഞ്ഞു. ഞാനും ഡിഐആര്‍ പ്രകാരം കോഴിക്കോട്ട് ജയിലില്‍ വിചാരണ നേരിട്ടു കഴിഞ്ഞുവരികയാണ്.
സംസ്ഥാന സഹസംഘടനാ കാര്യദര്‍ശി രാമന്‍പിള്ള ഒൡവില്‍ കഴിഞ്ഞുകൊണ്ട് സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയവശം നോക്കിവന്നു. പിടിയില്‍പ്പെടാത്ത സംസ്ഥാന സമിതിയംഗങ്ങളുടെ യോഗം സംഘടിപ്പിച്ച് പട്ടാമ്പിക്കടുത്ത് ഒരു വീട്ടില്‍ ചേര്‍ന്ന്, രാജേട്ടന് തടങ്കലിലായതിനാല്‍ താല്‍ക്കാലികാധ്യക്ഷനായി പി.കെ. വിഷ്ണുനമ്പൂതിരിയെ തെരഞ്ഞെടുത്തിരുന്നു. പ്രൊഫ. സുന്ദരരാജനായിരുന്നു അന്ന് അധ്യക്ഷത വഹിച്ചത്. വിവരം പ്രസിദ്ധീകരണത്തിന് നല്കി. സുന്ദരരാജന്റെ വസതിയിലെ റെയ്ഡും, വിഷ്ണുനമ്പൂതിരിയുടെ അറസ്റ്റുമായിരുന്നു പ്രതികരണം. ഇരുവര്‍ക്കും മിസ. അടിയന്തരാവസ്ഥ കഴിയുന്നതുവരെ അവര്‍ തടങ്കലിലും.
വിഷ്ണുനമ്പൂതിരി തൊണ്ണൂറ് കഴിഞ്ഞ് വിശ്രമജീവിതത്തിലാണെന്ന് തിരുവല്ലയിലെ സ്വയംസേവകന് പറഞ്ഞു. ഇടയ്ക്കിടെ ചെന്നുകാണുമ്പോള്‍ അത്യന്തം താല്പര്യത്തോടെ പഴയ കാര്യങ്ങള്‍ അനുസ്മരിക്കുമത്രേ. ഞാന്‍ വിഷ്ണുനമ്പൂതിരിയെ കണ്ടിട്ടു വര്‍ഷങ്ങളായി. തൃപ്പൂണിത്തുറ കളിക്കോട്ടയില്‍ അദ്ദേഹത്തിന്റെ മകന്റെ വിവാഹാവസരത്തിലായിരുന്നു അത്. രണ്ടുവര്‍ഷം മുന്‍പ് കോഴിക്കോട്ട് നടന്ന സംഗമത്തിന് അദ്ദേഹം എത്തിയിരുന്നില്ലെന്നു തോന്നുന്നു. അങ്ങിനെ എത്രയെത്ര ആദരണീയ വ്യക്തിത്വങ്ങള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: